Saturday, January 28, 2006

കർക്കട ചെകുത്താൻ

അപ്പുട്ടേട്ടൻ സൈസിൽ ചെറുതായിരുന്നു.

കാഴ്ചക്ക്‌ ബോൺസായി മരം പോലെയിരുന്നാലെന്താ..? തെങ്ങ്‌ കയറ്റം, അടക്കാരം കയറ്റം, നാളികേരം പൊളി, കാവടിയാട്ടം തുടങ്ങിയ കലാപരിപാടികളിൽ അപ്പുട്ടേട്ടനെ പിടിക്കാൻ അക്കാലത്ത്‌ ചുറ്റുവട്ടത്തൊന്നും ചന്തുവിന്റെ കാര്യം പറഞ്ഞോണം. 'ആണായിപ്പിറന്നവരിൽ ആരുമുണ്ടായിരുന്നില്ല'.

ഹൈറ്റ്‌, വെയ്റ്റ്‌, ബോഡി, കളറ്‌, ഗ്ലാമറ്‌, വിദ്യഭ്യാസം, വിവിധ ഭാഷാജ്ഞാനം, ലോകവിവരം, കുടുംബമഹിമ, തുടങ്ങി സാധാരണഗതിയിൽ ഒരു മനുഷ്യന്‌ ആളുവില കിട്ടാനുതകുന്ന സ്പെസിഫിക്കേഷനുകളൊന്നുമില്ലെങ്കിലും സ്വന്തം നാട്ടിൽ ഒരു പുലിയായി, നാട്ടുകാർക്ക്‌ പ്രിയപ്പെട്ടവനായി ആർമാദിച്ച്‌ ജീവിതം നയിക്കാമെന്ന് അപ്പുട്ടേട്ടനും തെളിയിച്ചു.

ചെയ്യുന്ന പണികളിൽ അതിസമർത്ഥനായതുകൊണ്ട്‌ അപ്പുകുട്ടൻ എന്ന ഓർഡിനറി പേരിൽ ആളെ ഒതുക്കരുതെന്ന പൊതു അഭിപ്രായം കണക്കിലെടുത്ത്‌, കഞ്ചാവടിച്ച പോലെയുള്ള ചോരക്കണ്ണും, കട്ടപ്പുരികനും, കാന്തത്തിനെ കാന്തനായിക്കണ്ട്‌ മോഹപാരവശ്യം പൂണ്ട ഇരുമ്പയിര്‌ പോലെ നിൽക്കുന്ന മീശയുമെല്ലാമെല്ലാമുള്ള രൂപത്തിന്‌ ചേർന്ന 'കർക്കിടക ചെകുത്താൻ' എന്ന് നാമധേയം ആരോ നൽകി. കാലാന്തരങ്ങളിൽ ഈ പേര്‌ ലോപിച്ച്‌ ലോപിച്ച്‌,'കർക്കടം' എന്നായി മാറുകയായിരുന്നു.

കാട്ടുമുയൽ ഓടിപ്പോകുമ്പോലെ കർക്കടം തെങ്ങിൽ കയറുന്നത്‌ കണ്ടാൽ, 'ഈ കുരുപ്പ്‌ ഇങ്ങോട്ട്‌ പോരുമോ' എന്ന സംശത്താൽ പലരും മുകളിലെത്തും വരെ ടെൻഷനോടെ കുറച്ച്‌ നേരം നോക്കി നിന്നുപോകുമായിരുന്നു.

കർക്കടത്തിന്റെ കാവടിയാട്ടം പ്രശസ്തമാണ്‌. 50 നിലയുള്ള കാവടികൾ വരെ ഇദ്ദേഹം 'വയ്ക്കോൽ കണ്ൺ' എടുക്കുമ്പോലെ തലയിൽ എടുത്തുവച്ചാടുമത്രെ..! (അതുവ്വ, കാര്യമൊക്കെ ശരി, എന്നാലും 50 നിലക്കാവടി അങ്ങേരെടുത്ത്‌ തലയിൽ വച്ചാൽ, ഗഡി ഒന്നുകൂടെ കുറുതായി, ഉയരം രണ്ടടിയിൽ താഴെയാവും.!) അങ്ങിനെ 25 നിലയുള്ള കാവടികൾ വരെ അദ്ദേഹം തലയിലും തോളിലും വച്ച്‌, തകിലടിയുടെ മാസ്മരിക താളത്തിനൊത്ത്‌ തിമിർത്താടുന്നത്‌ കരക്കാരെ മാത്രമല്ല, കരകാട്ടത്തിന്‌ തമിഴ്‌നാട്ടിൽ നിന്നെത്തുന്ന മിസ്സ്‌ ഇന്ത്യമാരെ പ്പോലും ആകർഷിച്ചിരുന്നു.

കർക്കടം സ്മാർട്ടായിരുന്നു. പതിനെട്ടുവയസ്സിൽ മേയ്ഡ്‌ ഫോർ ഈച്ച്‌ അദർ എന്നപോലെയുള്ള ഒരു ഭാര്യയെ കണ്ടുപിടിച്ചു, പതൊൻപതാം വയസ്സിൽ അച്ഛനുമായി.

കർക്കടത്തിന്‌ മക്കൾ രണ്ടാണ്‌. പുത്രൻ സുബാഷ്‌,കാഴ്ചക്ക്‌, കർക്കടം എങ്ങോട്ട്‌ പോയീന്ന് നോക്കണ്ട. അത്രക്കും സാമ്യമായിരുന്നു.

അമരം സിനിമ കണ്ടതിന്‌ ശേഷണോ എന്നറിയില്ല, എത്ര കഷ്ടപ്പെട്ടിട്ടായാലും വേണ്ടീല്ല്യ, തന്റെ മകനെ ഒരു ഡോക്ടറാക്കണം എന്ന ഒരാഗ്രഹം എപ്പഴോ.. കർക്കടത്തിനുണ്ടായി. ഒറ്റക്ക്‌ കിട്ടുന്ന സമയങ്ങളിൽ കർക്കടം മകനോട്‌ അമരത്തിലെ മമ്മുട്ടി പറയുന്ന ഡയലോഗ്‌ പറഞ്ഞ്‌ സെന്റി നമ്പറടിച്ചു.
'മോനേ, നിന്റെ അച്ചാമ്മ ചോര പോയിട്ടാണ്‌ മരിച്ചത്‌. പായേലും തറയിലും എല്ലാം ചോര'.
ഡോക്ടറെ വിളിച്ചപ്പോൾ 'ചക്കംകുറ്റി കോളനിയിലേക്ക്‌ പാതിരാത്രി വന്ന് വെട്ട്‌ കൊണ്ട്‌ ചാവാൻ ഒഴിവില്ലാ' എന്ന് പറഞ്ഞ്‌ ഡോക്ടർ കയ്യൊഴിഞ്ഞു.....

'നീ പഠിച്ച്‌ ഒരു ഡോക്ടറാവണം. ഈ ചക്കൻ കുറ്റി കോളനിക്ക്‌ അഭിമാനമായി, രാത്രിയെന്നോ പകലെന്നോ മഴയെന്നോ വെയിലെന്നോ നോക്കാതെ, ഏത്‌ സമയത്തും രോഗികളെ ചികിത്സിക്കുന്ന, പുല്ലുപറമ്പൻ അപ്പുട്ടന്റെ മകൻ, ഡോക്ടർ.സുബാഷ്‌ '.

സംഗതി, പത്തൊന്ന് കടന്ന് കിട്ടിയാൽ ഏത്‌ കോളേജിൽ വേണമെങ്കിലും ഏതു ഗ്രൂപ്പും കിട്ടുമായിരുന്നിട്ടും, സുബാഷ്‌, ഏഴു വരെ പഠിച്ചപ്പോഴേക്കും, എടവാട്‌ നിർത്തി. 'എൻ വഴി തനി വഴി' എന്നു പറഞ്ഞു കൊടകര ടൌണിൽ,

'തക്കാളി കിലോ പത്ത്‌..പച്ച..പ്പയറ്‌ പത്ത്‌... വെണ്ടക്കായ വിലകുറവ്‌... കൂർക്ക കൊണ്ടുവാം..' എന്ന് ഉറക്കെ വിളിച്ചുപറയുന്ന പച്ചക്കറി സെയിൽസമാനായി മാറി.

മാനസികമായി കർക്കടത്തിനെ തകർത്തൊരു സംഭവമായിരുന്നു അത്‌. സദാ ഊർജ്ജസ്വലനായി നടന്നിരുന്ന അദ്ദേഹം പിന്നെ വളരെ വിഷാദനായി മാറി.

'ഡോക്ടറായി കൊമ്പും കുഴലും കൊണ്ട്‌ നടക്കേണ്ട ചെക്കനാ... ആ സ്ഥാനത്ത്‌, പച്ചപ്പയറും തക്കാളിയും.' ടൌണിൽ വച്ച്‌ മകനെ കാണുമ്പോൾ, കർക്കടം സ്വയം പറഞ്ഞു.

എന്തായാലും അധികം കാലമങ്ങിനെ നിരാശനായി നടക്കാൻ അപ്പുട്ടേട്ടന്‌ കഴിഞ്ഞില്ല. അപ്പുട്ടേട്ടന്റെ കുടുംബത്തിൽ ഒരു ഡോക്ടർ വേണം, അതിനൊരു പോംവഴി ആൾ കണ്ടു.

ഒരു നാടൻ പട്ടിക്കുഞ്ഞിനെ പിടിച്ചോണ്ട്‌ വന്ന് വാല്‌ മുറിച്ച്‌ കളഞ്ഞു ഡോബർമാനാക്കി മാറ്റി, ലോകത്തിന്നുവരെ ആരും ഒരു പട്ടിക്കിടാത്ത ഒരു പേരിട്ടു വിളിച്ചു. 'ഡോക്ടർ'

ഒരച്ഛന്റെ സ്നേഹവാത്സല്യങ്ങൾ നൽകി കർക്കടം പട്ടിയെ വളർത്തി. കർക്കടം പോകുന്നിടത്തെല്ലാം ഡോക്ടർ കൂട്ട്‌ പോയി. എപ്പോഴും എവിടെയും ഡോക്ടറുടെ എസ്കോർട്ടുണ്ടാകും. ലൈഫ്ബോയ്‌ സോപ്പിന്റെ പരസ്യം പോലെ, കർക്കടം എവിടെയുണ്ടോ അവിടെ ഡോകടറുമുണ്ട്‌ എന്ന അവസ്ഥ.

സ്വന്തം മകൻ ഡോക്ടറാവാത്തതിലുള്ള വിഷമം മറക്കാനായി, കർക്കടം കരക്കാരോടിടക്കെല്ലാം പറഞ്ഞു ചിരിച്ചു:

'എന്റെ വളർത്തുമകൻ ഡോക്ടറാണ്‌'

Sunday, January 15, 2006

മുരുകേട്ടന്‍

കൊടകര ഇലക്ട്രിസിറ്റി ഓഫീസിലെ ആദർശധീരനായൊരു ലൈന്മാനായിരുന്നു, മുരുകേട്ടന്‍ ദുശ്ശീലങ്ങളെന്ന് ക്യാറ്റഗറൈസ്‌ ചെയ്യപ്പട്ട കുടി-പിടി-വലികളൊന്നും ശീലമായിട്ടില്ലാത്തൊരു എണ്ണം പറഞ്ഞ ചേട്ടൻ.

അമ്പിന്റന്ന് അലമ്പുണ്ടാക്കാത്തവൻ, എളേപ്പന്റെ മക്കളുമായി എതതർക്കത്തിന്‌ നിൽക്കാത്തവൻ, അണ പൈസ വാങ്ങാതെ, എപ്പോൾ വിളിച്ചാലും ലൈനിന്റെ കേടുതീർക്കാനെത്തുന്നവൻ..

പക്ഷെ, അധികകാലം ആ പണിചെയ്യാൻ ആൾക്ക്‌ യോഗമുണ്ടായില്ല. . ഒരു ദിവസം, പൊട്ടിയ ലൈനുകളെ കൂട്ടിയിണക്കാനായി പോസ്റ്റിൽ കയറിയ പോളേട്ടനെ കരണ്ട്‌ കൂട്ടിപ്പിണക്കിയപ്പോൾ, പോസ്റ്റിന്റെ മുകളീന്ന്‌ ടാറിട്ട റോഡിലേക്ക്‌ മുരുകേട്ടന്‍ മസിൽ കുത്തടിച്ചു.

ഗീവർഗ്ഗീസ്‌ പുണ്യാളൻ കാത്തതുകൊണ്ട്‌, ആൾ പടമായില്ല. എന്നാലും പൂജ വെപ്പ്‌ ഓണമായതുകൊണ്ടോ എന്തോ, പുണ്യാളൻ പോളേട്ടന്റെ ബോധം രണ്ട്‌ ദിവസം പൂജക്ക്‌ വച്ചതിന്‌ ശേഷേ തിരിച്ചുകൊടുത്തുള്ളൂ.!

തുടർന്ന് മാസങ്ങളോളം, തൃശ്ശൂർ മെഡിക്കൽ കോളേജിൽ മോഡേൺ ബ്രഡും പാലുമൊക്കെ കഴിച്ച്‌ ......

മുരുകേട്ടന്റ്റെ‍ വീഴ്ചയിൽ ആകപ്പാടെ ആൾടെ വല്ല്യമ്മച്ചി മാത്രം ഇച്ചിരി സന്തോഷിച്ചു. മെഡിക്കൽ കോളേജിൽ, ആള്‍ടെ കൂടെ നിൽക്കവേയാണത്രേ ആ അമ്മാമ്മ ജീവിതത്തിൽ ആദ്യമായി തൃശ്ശൂർ പൂരവും കുടമാറ്റവും കണ്ടത്‌.! മരിക്കും മുമ്പേ അമ്മാമ്മക്കതൊന്നു കാണണമ്ന്ന് വല്യ മോഹായിരുന്നു. എന്നുവച്ചാൽ, മുരുകേട്ടന്‍ മസിൽകുത്തടിച്ച്‌ വീണത്‌ അമ്മാമ്മയുടേ പ്രാർത്ഥനയുടെ ഫലമായിട്ടുകൂടിയാണ്.

വീട്ടിൽ കൊണ്ടുവന്ന്, തിരുമ്മലിനും ഉഴിച്ചിലിനും ശേഷം, കോഴിമരുന്നും ആട്‌ ബ്രാത്തുമൊക്കെ കഴിച്ചപ്പോൾ ആൾക്ക്‌ ഏറേക്കുറെ ശാരീരക ക്ഷമത വീണ്ടെടുക്കാനായി. പക്ഷെ, മാനസികക്ഷമത അത്രക്കങ്ങ്ട്‌ ഓക്കെയായില്ല. എവിടെയോ എന്തോ അപ്പോഴും ചുറ്റിപ്പിണഞ്ഞുകിടന്നു. അങ്ങിനെയാണ്‌ ജോലിയിൽ നിന്ന് വിരമിക്കേണ്ടി വന്നത്‌.

ആ വീഴ്ചക്ക്‌ ശേഷം മുരുകേട്ടന്‍ ചിരിച്ചാരും കണ്ടില്ല. ഉറക്കമില്ലായ്മ, കുളിക്കായ്മ, പല്ലുതേയ്ക്കായ്മ, തുടങ്ങിയ ഇല്ലായമകൾ പോളേട്ടനെ മൊത്തത്തിൽ തന്നെ മാറ്റി. വീട്ടിലിരിക്കാതെ രാവെന്നോ പകലെന്നോയില്ലാതെ കറങ്ങി നടക്കുന്ന മുരുകേട്ടന്‍ രാത്രികാലങ്ങളിൽ സാക്ഷാൽ ഔസേപ്പ്‌ പുണ്യാളനുമായി 'പന്നിമലത്ത്‌' കളിക്കാറുണ്ടെന്ന് അവകാശപ്പെട്ടതോടെയാണ്‌ 'ചൂടൻ മുരുകേട്ടന്‍' പരക്കെ അറിയപ്പെടാൻ തുടങ്ങിയത്‌.

നേർച്ചകൾക്കും ചികിത്സകൾക്കും ഒടുവിൽ, മാസങ്ങൾ കഴിഞ്ഞപ്പോൾ, മുരുകേട്ടന്‍ പതുക്കെ നോർമലായി, ഓൾമോസ്റ്റ്‌ പെർഫെക്റ്റിലി ഓൾറൈറ്റായി. എങ്കിലും, മുരുകേട്ടന്‌ കമലാസനന്‍ ഡോക്ടർ വാച്ച്‌മാന്റെ പണി കൊടുത്തത്‌ പലർക്കും അത്ഭുതമുണ്ടാക്കുന്ന ഒരു കാര്യമായിരുന്നു.

മുരുകേട്ടന് ‍പറയും എനിക്ക്‌ കാണപ്പെട്ട ദൈവങ്ങൾ മൂന്നാണെന്ന്‌. സ്വന്തം അപ്പനും അമ്മയും പിന്നെ ഡോക്ടറും. ചൂടൻ മുരുകന്‍ എന്ന് വിളിച്ച്‌ കളിയാക്കിയ നാട്ടിലെ പ്രമാണിമാരേക്കാളും ബന്ധുക്കളേലും, തന്റെ കുടുംബത്തെക്കരുതി, തനിക്ക്‌ ഉത്തരവാദിത്വമുള്ള വാച്ച്‌മാൻ പണി തന്ന ഡോക്ടറേ മുരുകേട്ടന്‍ സ്നേഹിച്ചു. ബഹുമാനിച്ചു.

മുരുകേട്ടന്‍ വന്നതോടെ അങ്ങാടിയിലെ പലർക്കും നേഴ്സുമാരുടെ വിശേഷങ്ങളറിയാൻ ആ ഭാഗത്തേക്ക്‌ അടുക്കാൻ പറ്റാതായി. ഏതെങ്കിലുമൊരുത്തന്റെ കയ്യൊന്നുമുറിഞ്ഞാൽ പോലും കൂട്ടമായി വൈകീട്ട്‌ ഏഴുമണിക്ക്‌ ആശുപത്രിയിലേക്ക്‌ നീങ്ങിയിരുന്ന യുവരക്തന്മാർ മുരുകേട്ടനെ പേടിച്ച്‌ പോകാതായി. മുരുകേട്ടന്‍ 'എൿസംപ്റ്റഡ്‌' കാറ്റഗറിയാണല്ലോ.! ആളിനി ആരെയെങ്കിലും കൊന്നാൽ പോലും 'പാവം, മാനസികം' എന്ന് പറഞ്ഞ്‌ കോടതി വെറുതെ വിടില്ലേ.?

അന്ന് ഏത്‌ അസുഖമായി വന്നാലും, രോഗികൾക്ക്‌ എനിമ കൊടുക്കുകയെന്നത്‌ വീക്ക്നെസ്സായിപ്പോയ ഒരു പാർട്ട്‌ ടൈം ഡോക്ടറുണ്ടായിരുന്നു അവിടെ.

ഒരിക്കൽ ആ ഡോക്ടറുടെ സ്വന്തം അച്ഛന്‌ എന്തോ അസുഖമായി മോന്റെ അടുത്ത്‌ ചികിത്സക്ക്‌ വന്നു. ആ പാവം പിതാവിനും കൊടുത്തു എനിമ.

പക്ഷെ, സോപ്പുവെള്ളം പമ്പ്‌ ചെയ്തതിന്‌ ശേഷം, പൈപ്പ്‌ എടുത്തപ്പോൾ ഒരു അത്യാഹിതം സംഭവിച്ചു. റബറിന്റെ നോസില്‍ അവിടെ സ്റ്റക്ക്‌ ആയിപ്പോയി.!!!!

വയറിൽ ഫുൾടാങ്ക്‌ സോപ്പുവെള്ളം നിറച്ച്‌ ക്യാപ്പിട്ടിരിക്കുന്ന, ഡോക്ടറുടെ അച്ഛൻ കണ്ണുരുട്ടി മകന്റെ മുഖത്തേക്ക്‌ നോക്കി പുരികമുയർത്തിയപ്പോൾ ഡോക്ടർ എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചുനിന്നുപോയി. നഴസുമാരെല്ലാം മടിച്ചുനിന്നപ്പോൾ ആകെ പരിഭ്രമിച്ചുപോയ ഡോക്ടർ അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോളേട്ടനെ വിളിപ്പിക്കുകയായിരുന്നു.

ഇതൊന്നും തന്റെ പണിയിൽ പെട്ടതല്ലെന്ന് അറിയുമായിരുന്നിട്ടും, പോളേട്ടൻ, ശ്രദ്ധയോടെ, സൂക്ഷിച്ച്‌, റബർ ക്യാപ്പിനെ ക്ലോസപ്പിൽ കണ്ട്‌, സ്റ്റിച്ചിടുന്ന ചവണ ഉപയോഗിച്ച്‌ ക്യാപ്പിൽ പിടിച്ച്‌ ഒറ്റ വലിയങ്ങ്‌ കൊടുത്തു.!

അടുത്ത സീനിൽ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ സിനിമയിൽ തലയിലും മുഖത്തും സോപ്പുതേച്ച്‌ നിൽക്കുന്ന ജഗതിയെപ്പോലെ നിൽക്കുന്ന പോളേട്ടനെയാണ്‌ അവിടെ കണ്ടത്‌... !!

'എന്തിറ്റാ ഇപ്പോ ഇവിടെ സംഭവിച്ചേ...' എന്ന് ചിന്തിച്ച്‌, ഒന്നും മനസ്സിലാവാത്തപോലെ, ഒരു നിമിഷത്തേക്ക്‌ പോളേട്ടൻ പകച്ചു നിന്നുപോയി.

തള്ളവിരൽ കൊണ്ട്‌, കണ്ണിന്റെയും വായുടെയും ഭാഗം ഒന്ന് തുടച്ച്‌, ചെമ്പരത്തി താളിയിൽ ചെറുപയർ പൊടി ചേർത്ത്‌ തലയിൽ തേച്ച്‌ പിടിപ്പിച്ച്‌ കുളിക്കാൻ പോകുന്നപോലെ അടുത്ത്‌ ബാത്ത്‌ റൂം എവിടെയാണ്‌ എന്ന് നോക്കി പോകുമ്പോൾ, ഡോക്ടറുടെ അച്ഛനോട്‌ മുരുകേട്ടന്‍ ദയനീയമായി ചോദിച്ചു.

'ഇതെത്ര ആഴ്ചയായി.....?'

Tuesday, January 3, 2006

ബർഗ്ഗർ.

ഒരു പത്തുകൊല്ലം മുൻപായിരുന്നത്‌. വീട്ടുകാരുടെ പ്രതീക്ഷകൾക്കപ്പുറത്തേക്ക്‌, ബോംബെയും ചാടി കടന്ന്‌ നോം ഓടിപ്പോയി.

ഓ.എൻ.വി. സാറ്‌ പറഞ്ഞപോലെ, പെറ്റുവളർന്ന കുടിവിട്ട്‌, മറ്റൊരിടത്ത്‌ കുടിവെയ്പ്പ്‌. നാട്ടിൽ നിന്നാലൊന്നും എന്റെ മാവ്‌ പൂക്കില്ലെന്ന് ബോധ്യായപ്പോൾ, അമ്പ്‌ പെരുന്നാളിന്റന്ന് മാലപ്പടക്കം കയ്യിൽ പിടിച്ചു പൊട്ടിക്കലും ഏറ്റുമീൻ പിടിക്കലും പഞ്ചഗുസ്തിയുമെല്ലാം ഉപേക്ഷിച്ച്‌ എന്നെ ഞാൻ തന്നെ മുൻ കൈയെടുത്ത്‌ ദുബായിലേക്ക്‌ പറിച്ചുനടുവിച്ചു.

അന്നൊക്കെ, ഭർത്താവിന്റെ വീട്ടിലെത്തിയെത്തിയ പുത്തനച്ചിയുടെ റോളിലായിരുന്നു ഞാൻ. സൌമ്യൻ, സുസ്മേര വദനി, വിനിയകുനിയൻ, .....

കന്തൂറയിട്ട്‌ നടക്കുന്ന ആരെക്കാണ്ടാലും, അതിനി, മലപ്പുറം മാൾബറോ (മലബാറി)യായാലും, ളോഹയിട്ട പള്ളീലച്ചനായാലും അറബിയാണെന്ന് കരുതി പേടിച്ചു 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞിരുന്നു.

അങ്ങിനെ, ഓഫീസിലെ ചെയറിനെയും ടേബിളിനേയും ബോസിനെയും ബോസിന്റെ കാറിനേയും എന്നുതുടങ്ങി കാണുന്നതിനെയെല്ലാം ആവശ്യത്തിനും അനാവശ്യത്തിനും ബഹുമാനിച്ച്‌ ജീവിക്കുന്ന കാലത്ത്‌, ഒരു ദിവസം, സകുടുംബം ഓഫീസിൽ വന്ന മാനേജർ, ഉച്ചക്ക്‌ ഭക്ഷണം കഴിക്കാൻ എന്നെ ക്ഷണിക്കുകയുണ്ടായി.

ഓർമ്മ വച്ച കാലം മുതലേ കാലത്ത്‌ കഞ്ഞി കുടിക്കാത്ത ദിവസങ്ങളിൽ ഒരു മണിയാവുമ്പോഴേക്കും വയറ്‌ കങ്ങം പിടിച്ചു തുടങ്ങും എനിക്ക്‌. ആ സമയത്ത്‌, കണ്ണും പുരികവും ഉപയോഗിച്ച്‌ തലയൊന്ന് വെട്ടിച്ച്‌ ചോറുണ്ണാൻ 'പൂവാം' എന്നൊരു സിമ്പിൾ ആക്ഷൻ കിട്ടിയാൽ, ആരുടെ കൂടെ വേണമെങ്കിലും പോകുന്ന ഞാൻ ആർഭാടമായ ക്ഷണം കേട്ട്‌ കോരിത്തരിച്ചല്ലേ പറ്റൂ.

'മക്ഡൊണാൾഡ്സ്‌' എന്ന് വായിക്കാൻ എന്നെ സഹായിച്ചതിന്‌ 'മക്ഡവൽസ്‌' ബ്രാന്റിനോട്‌ നന്ദി തോന്നി. അകത്തുകയറി കൌണ്ടറിനടുത്തുവച്ച്‌ എന്നോട്‌ മാനേജർ സീരിയസ്സായി ചോദിച്ചു.

നിനക്കിതിലേത്‌ കഴിക്കേണം??

തികച്ചും അപ്രസക്തമായതും പ്രത്യേകിച്ചൊരുത്തരമില്ലാത്തതുമായ ഇത്തരത്തിലൊരു ചോദ്യം ഫ്ലൈറ്റിൽ വച്ചും ഞാൻ കേട്ടതാണ്‌. അന്നത്‌ എയർഹോസ്റ്റസ്‌ കുട്ടിമാണിയിൽ നിന്നുമിങ്ങനെയായിരുന്നു.

മട്ടൺ ഓർ ചിക്കൻ??

'എന്റെ പൊന്നു കൂടെപ്പിറപ്പേ, രണ്ടിനോടും നമുക്ക്‌ ഒരേ മനോഭാവമാണ്‌, ചെറുങ്ങനെയൊന്ന് നിർബന്ധിച്ചാൽ ഞാൻ രണ്ടും കഴിക്കും..'

എന്നായിരുന്നു എന്റെ സത്യസന്ധമായ അഭിപ്രായം. പക്ഷെ, ഫ്ലൈറ്റല്ലേ? ചീപ്പാവാൻ പാടുണ്ടോ? എയർ ഇന്ത്യക്കല്ലേ അതിന്റെ മാനക്കേട്‌.!

സംഗതി, നമ്മടോടെ ഇപ്പറയുന്ന ഐറ്റംസ്‌, വിരുന്നുകാർ വരുമ്പോഴോ ചങ്കരാന്തിക്കോ കൊടകര ഷഷ്ഠിക്കോ മാത്രം സംഭവിക്കുന്നതുകൊണ്ട്‌ അങ്ങിനെയൊരു 'പക്ഷപാതം' തോന്നാനുള്ള ചാൻസൊന്നും വന്നിട്ടില്ല. പലതരം രുചിയുള്ള, മീൻ കറിയും ബീഫ്‌ ഫ്രൈയും കൂർക്ക ഉപ്പേരിയും അച്ചാറും മോരും ഒരുമിച്ച്‌ ചോറിനൊപ്പൊം ചേർത്ത്‌ മിശ്രിതമാക്കി; ഉരുളയാക്കി, ലഡുവിന്റെ മുകളിൽ ഉണക്കമുന്തിരി വക്കുമ്പോലെ, മീൻ ഫ്രൈ നുള്ളി വച്ച്‌ , അണ്ണാക്കിലേക്ക്‌ എറിയുന്ന, കോമ്പിനേഷൻ സെൻസില്ലാത്ത ഒരു പാവം കൊടകരക്കാരനായ ഞാൻ, തൊട്ടടുത്ത സീറ്റിൽ കോട്ടിട്ടിരിക്കുന്ന VIP ചേട്ടൻ മട്ടൺ എന്ന് പറഞ്ഞതുകൊണ്ട്‌ മാത്രമാണ്‌ അന്ന് ചിക്കൻ എന്ന് പറഞ്ഞത്‌.

ഇപ്പോൾ വീണ്ടും അതേ പ്രശ്നം.

സത്യത്തിൽ ഈ ഭൂമിയിലെ എന്റെ ജനനത്തിനുശേഷം ആദ്യായിട്ടാണ്‌ ബർഗ്ഗർ എന്ന് കേൾക്കണത്‌ തന്നെ. പടം കണ്ടപ്പോൾ 'ബെന്നിന്റെ ഉള്ളിൽ കട്ലേറ്റും തക്കാളിയും ക്യാബേജുമൊക്കെ വച്ചിട്ടുള്ള ബെന്നപ്പം' എന്നൂഹിച്ചു. ഇതിന്‌ എരുവാണൊ മധുരമാണോ ഇനി ചവർപ്പാണോ എന്നൊന്നുപോലുമറിയാത്ത ഞാൻ എന്തറഞ്ഞിട്ടാ ഇന്നത്‌ വേണമെന്ന് പറയുക?

ഭക്ഷണസാധനങ്ങൾ ഏത്‌ വേണം എന്ന് ചോദിച്ചാൽ, ഫാസ്റ്റ്‌ ഓപ്ഷൻ എപ്പോഴും, അതിനി പല്ലുവേദനയായിട്ട്‌ ഒന്നും കഴിക്കാൻ പറ്റാതിരിക്കുകയാണെങ്കിൽ പോലും, 'ഏറ്റവും വലുത്‌' എന്ന് പറയുന്ന ടീമിൽപെട്ട ഞാൻ, കൂട്ടത്തിൽ ഏറ്റവും ഹൈറ്റുള്ള 'ഡബിൾ ഡക്കർ' ബർഗർ തന്നെ ചൂണ്ടിക്കാട്ടിക്കൊടുത്തൂ.

ഒരു വെട്ട്‌ ഗ്ലാസ്‌ അരിയുടെ ചോറുകൊണ്ടുള്ള കോർക്ക്‌ ബോൾ പോലത്തെ ചോറുരുളകൾക്കുള്ള ദഹനരസവുമായി കാത്ത്‌ നിൽക്കുന്ന എന്റെ നിഷ്കളങ്കനായ അമാശയത്തിനോടു ചെയ്യുന്ന പാപമായിരിക്കുമോ ഈ ബെന്നാഹാരം എന്നോർത്തപ്പോൾ സങ്കടം തോന്നി.

'എങ്ങിനെ ഇത്‌ കഴിക്കും? ' എന്നത്‌ പുതിയ തരം ഭക്ഷണം കഴിക്കുമ്പോൾ പൊതുവേയുള്ള ഒരു പ്രശ്നമാണല്ലോ. അതുകൊണ്ട്‌, അന്നും കൂടെ വന്നവർ കഴിച്ചു തുടങ്ങും വരെ തട്ടിയും മുട്ടിയും ഇരിക്കേണ്ടി വന്നു കഴിപ്പിന്റെ ടെക്നിക്ക്‌ പിടികിട്ടാൻ.

കഴിക്കാൻ നോക്കിയപ്പോൾ ഒരു ചെറിയ പ്രശ്നം. ഞാനെന്റെ വായ പരമാവധി പൊളിച്ചുപിടിച്ചിട്ടും ഉദ്ദേശിച്ചപോലെ കടിക്കാൻ പറ്റണില്ല.. അവരൊക്കെ കൂളായി കഴിക്കുന്നുമുണ്ട്‌. ഞാൻ ഒന്നു കൂടെ ആർഭാടമായി വായപോളിക്കാൻ തീരുമാനിച്ചു. അപ്പോൾ മനസ്സിലൂടെ ഒരു മിന്നായം.

പണ്ട്‌, കൊയ്യാൻ വന്നിരുന്ന ആനകാർത്ത്യേച്ചി കോട്ടുവാ ഇട്ടപ്പോൾ കോച്ചിപ്പിടിച്ച്‌ തുറന്ന വായുമായി ഓട്ടോ റിക്ഷയിൽ ആശുപത്രീപ്പോയതിന്റെ ചിത്രം തെളിഞ്ഞങ്ങിനെ വരുന്നു.

അയ്യേ..! ഈ ചെറിയ കാര്യത്തിന്‌ അത്രക്കും റിസ്കെടുക്കണോ?. വായ പൊളിച്ചുപിടിച്ച ആങ്കിളിൽ ദുബായിലൂടെ പോകുന്ന എന്നെ എനിക്ക്‌ സങ്കൽപിക്കാൻ പോലും കഴിയുന്നില്ല..!

എന്നാലും ഒരു ശ്രമം കൂടി നടത്താം, എന്നിട്ടും പറ്റിയില്ലെങ്കിൽ മുകളീന്ന് ഓരോന്നും എടുത്ത്‌ ഹൈറ്റ്‌ കുറക്കാമെന്നും ഉറപ്പിച്ചു. അങ്ങിനെ, ബർഗർ പരമാവധി അമർത്തിപ്പിടിച്ച്‌, കോച്ചിപ്പിടിക്കല്ലേ മുത്തപ്പാ എന്ന് പ്രാർത്ഥിച്ച്‌ കണ്ണടച്ചുപിടിച്ച്‌ ദന്ത ഡോക്ടർടെ അടുത്ത്‌ ചെന്നോണം വാ പൊളിച്ച്‌ ഒറ്റ കടിയങ്ങ്‌ കൊടുത്തു.

വെയ്റ്റ്‌ വെയ്റ്റ്‌... എന്ന മാനേജരുടെ ശബ്ദം കേട്ട്‌ ഞാൻ കണ്ണുതുറക്കുമ്പോൾ, അടിയിലെ ബെന്നിങ്കഷണവും മോളിലെ കഷണവും എന്റെ വിരലുകളിക്കിടയിൽ ഭദ്രം പക്ഷെ, പലവ്യഞ്ജനങ്ങൾ മിക്കതും ടേബിളിൽ. തക്കാളിയുടെ ഒരു പീസ്‌ സ്ലോമോഷനിൽ ഷർട്ടിലൂടെ താഴോട്ട്‌.....

അപ്പോൾ ജർമ്മൻ ഭാഷയിൽ മാനേജരുടെ ഭാര്യ ആളോട്‌ എന്തോ പറയുന്നത്‌ കേട്ടു. പറഞ്ഞത്‌ മനസ്സിലായില്ലെങ്കിലും 'എരുമ കഞ്ഞികുടിച്ചാൽ ഇത്രക്കും വൃത്തികേടാവില്ല' എന്നായിരിക്കും ഒരുപക്ഷെ, പറഞ്ഞിരിക്കുക എന്ന് ഞാൻ ഊഹിച്ചെടുത്തു. ഹവ്വെവർ, പിന്നെ ആളെന്നെ ഒരിക്കലും, നാളിന്നുവരെ ബർഗർ കഴിക്കാൻ വിളിച്ചിട്ടില്ല...!

'എന്റെ അമ്മക്കും അമ്മാമ്മക്കും ബർഗ്ഗർ ഉണ്ടാക്കാനറിയാഞ്ഞതും കൊടകര മക്ഡോണാൾഡ്സിന്‌ ഔട്ട്‌ ലെറ്റ്‌ ഇല്ലാതെപോയതും എന്റെ കുറ്റമാണോ?'