Sunday, October 4, 2020

വജ്രായുധം

ഇത് പണ്ട് ’കൊടുംപാപി‘ യിൽ പൂരത്തിന് പോക്കിന്റെ പാഷൻ സൂചിപ്പിക്കാൻ പറഞ്ഞ ഉപകഥയാണ്. പിന്നീട്, എഡിറ്റിങ്ങിൽ ഒഴിവാക്കിയ സീൻ!

സംഭവം ഞാൻ കേട്ടതാണ്. സത്യത്തിൽ ഇങ്ങിനെ നടന്നിട്ടുണ്ടോയെന്ന് എനിക്കും സംശയമുണ്ട്. അതുകൊണ്ട് നിങ്ങളും മുഴുവൻ വിശ്വസിക്കേണ്ട!! 🙂
‘കൊടുംപാപി‘ പുസ്തകത്തിൽ എത്തിയപ്പോൾ, “ഞങ്ങടെ അമ്പലം മോട്ടോർ പുര പോലെയാണെന്ന് പറയാൻ നീയാരാടാ എരപ്പേ??“ എന്നും ചോദിച്ച് മുണ്ടക്കൽ ഫാമിലിയിലെ ആരെങ്കിലും വന്നെങ്കിലോയെന്ന് പേടിച്ചായിരുന്നു. കൂട്ടിക്കൽ ഭഗവതി ക്ഷേത്രം എന്നെഴുതിയത്. ആക്ച്വലി, അത് മുണ്ടക്കൽ ഫാമിലി ഭഗവതി ക്ഷേത്രമായിരുന്നു.
അതിൽ പറഞ്ഞപോലെ, അമ്പലപ്പായസവും സേമിയാ ഐസുമൊക്കെയാണ് ഈ ലോകത്തിൽ വച്ചേറ്റവും രുചികരമായ സാധനങ്ങളും കൂട്ടുകാരൊന്നിച്ച് രവിച്ചേട്ടന്റെ ടെമ്പോയുടെ മുകളിൽ നിന്ന് കാറ്റും കൊണ്ടുള്ള പോക്കും രാത്രിയിലെ നാടകവും തിരിച്ച് വരവുമെല്ലാമാണ് ലോകത്തേറ്റവും വലിയ എന്റർടൈന്മെന്റും ആയിരുന്ന ആ പ്രായത്ത്, ആലത്തൂരെ അമ്പലത്തിൽ പൂരമെങ്ങാനും മിസ്സായാൽ ഞങ്ങൾ ഹൃദയം പൊട്ടി മരിച്ചുപോകുമായിരുന്നു. അമ്മ വഴി, ഞാൻ അര മുണ്ടക്കയായതുകൊണ്ടാണ് അവിടെപ്പോകാൻ ഞാൻ ക്വോളിഫൈ ചെയ്തിരുന്നത്.
കൊടകര ടീം കയറിയ ടെമ്പോ നാലരയോടെയേ ശക്തിനഗറിൽ നിന്ന് പോകൂവെങ്കിലും, പൂരം സ്കൂൾ ഉള്ള ദിവസങ്ങളിൽ വന്നാൽ, നാല് മണി കഴിഞ്ഞേ ഡോൺ ബോസ്കോ വിടൂവെന്നത് വലിയ ഒരു ടെൻഷനാണ്. പിള്ളേർക്ക് പത്തിന്റെ പൈസയുടെ വിലയുമില്ലാത്ത കാലമാണ്. സമയത്തിനെത്തിയില്ലെങ്കിൽ വീട്ടുകാർ ടെമ്പോയിൽ കയറി അവരുടെ പാട്ടിന് പോകും. അതുകൊണ്ട് മുണ്ടക്കൽ ഫാമിലിയിലെ കുട്ടികൾ, രാവിലെ സ്കൂളിൽ പോകുമ്പോഴേ ഒരു പിരീഡ് നേരത്തേയിറങ്ങാൻ വേണ്ട കൃത്യമായി പ്ലാൻ തയ്യാറാക്കിയിരിക്കും.
വിശ്വംഭരേട്ടന്റെ മൂത്ത പെങ്ങൾ ശാന്തേച്ചിയുടെ മോൻ അന്ന് പണിഷ്മെന്റ് ട്രാൻസ്ഫറിൽ നൂലുവള്ളി സ്കൂളീൽ നിന്ന് കൊടകര വന്ന് പഠിക്കുന്ന സമയമാണ്.
ഷാബു തീരെ ചെറുതാണ്, വല്ല മൂന്നിലോ നാലിലോ ആവണം. എന്തായാലും കൊല്ലത്തിൽ 365 ദിവസവും മൂക്കൊലിപ്പുമായി നടക്കുന്ന കാലമാണ്. തറവാട്ടിലെ മുതിർന്ന കുട്ടികളായ, സാജു, രാഹുലൻ, ഡുങ്കു, പീക്കു തുടങ്ങിയവരൊക്കെ, നേരത്തേ ബുക്ക് ചെയ്തത് പ്രകാരം ഒരാൾ ചെറിയമ്മാമ്മ മരിച്ചെന്നും ഒരുത്തൻ വല്യമ്മാമ്മ മരിച്ചെന്നും കുഞ്ഞിക്കണ്ട വല്യച്ഛാച്ചൻ മരിച്ചെന്നുമൊക്കെ പറഞ്ഞ് ഉച്ചക്കേ പോന്നു.
സാബു നോക്കിയപ്പോൾ, നോക്കി വച്ചിരുന്ന പ്രായമായവരൊക്കെ മറ്റുള്ളവർ എടുത്ത് പോയി, ഇനി അടുത്ത ജെനറേഷനേയുള്ളൂ. അയല്പക്കത്തെ ആരെയെങ്കിലും ശരിപ്പെടുത്താമെന്ന് വച്ചാൽ ചിലപ്പോൾ, എലിജിബിലിറ്റി പ്രശ്നം വരാം.
മൂന്നാമത്തെ പിരീഡിന്റെ മണി അടിച്ചപാടെ പോയി, കണ്ണടച്ചുപിടിച്ച് രണ്ട് തേങ്ങലും ചേർത്ത് ഒറ്റ കാച്ച്!!
“സിസ്റ്റേ... എനിക്ക് ഇപ്പോൾ വീട്ടിൽ പോകണം. എന്റെ അമ്മ ഉച്ചക്ക് മരിച്ചു!“
യാതൊരു കോമ്പ്രമൈസിനും ചാന്സില്ലാത്ത വജ്രായുധം.
“എന്തേ കുഞ്ഞേ ഇതുവരെ അത് പറയാതിരുന്നത്? വിവരം പറയാൻ വന്ന മാമനെന്തേ എന്നോട് പറയാതിരുന്നത്?“ എന്നീ ചോദ്യങ്ങൾ കേട്ട് നിറകണ്ണൂകളായി നിന്ന ഷാബുവിനോട് കൂടുതലൊന്നും ചോദിക്കാൻ ശേഷില്ലാതെ, അവർ ഷാബുവിനെ മാറോട് ചേർത്തു.
അങ്ങിനെ മഠം സ്കൂളില് നിന്ന് രണ്ട് സിസ്റ്റര്മാരുടെ അകമ്പടിയോടെ, സൌന്ദര്യമത്സരത്തിന് കോസ്‌റ്റ്യൂം ഡിസൈനറെ ആനയിച്ച് കൊണ്ടുവരുമ്പോലെയൊരു വരവായിരുന്നു ഷാബു!
സ്പോട്ടിലെത്തിയപ്പോൾ, പൂരത്തിന് പോകാന് റെഡിയായി നില്ക്കുന്ന മുണ്ടക്കൽ ഫാമിലി മെമ്പേഴ്സിനെ കണ്ട് ഒന്നും കൂടെ തെറ്റിദ്ധരിച്ച സിസ്റ്റര്മാര്,
“എന്തേ സ്കൂളില് വന്ന് ഇവനെ കൊണ്ടുവരാന് ആളെ വിടാഞ്ഞേ?? പാവം. ഷാബു മോന്!!“
“ബന്ധുക്കളൊക്കെ വന്നുവോ?? ഇനി മറ്റു കാര്യങ്ങളെല്ലാം എപ്പോഴാണ്?’ എന്ന് വിഷാദം കടിച്ചുപിടിച്ച് ചോദിച്ചത് കേട്ട്, മോഹനേട്ടന്,
“ഏയ്. സമയമുണ്ടല്ലോ. ആറുമണിക്കേ പറ വെപ്പ് തുടങ്ങൂ. പിന്നെ ദീപാരാധന തുടങ്ങുമ്പോഴേക്കും എത്തിയാലും മതിയല്ലോ. അങ്ങിനെ പ്രത്യേകിച്ച് പരിപാടികളൊന്നുമില്ല. ദീപാരാധന കഴിഞ്ഞ് വെടിക്കെട്ട്. രാത്രി പത്തിന് നാടകം കന്യാകുമാരിയില് ഒരു കവിത!“
അത് കേട്ട് കണ്ണ് ബൾബാക്കി നിന്ന മഠത്തിലമ്മമാർ ഒരു മിനിറ്റ് പരസ്പരം നോക്കി,
“അപ്പോള് ഷാബു മോന്റെ അമ്മ..??”
“ഡീ ശാന്തേ... ദേ ക്ടാവിന്റെ സ്കൂളീന്ന് നിന്നെ കാണാന് സിസ്റ്റമ്മാര് വന്നേക്കണ്..” എന്ന് ആരോ വിളിച്ച് പറയുകയും, ശാന്തേച്ചി പന്തല്ലൂക്കാരൻ സിൽക്സിൽ നിന്ന് വാങ്ങിയ ഓയിൽ സാരിയുടെ മുന്താണി കൊണ്ട് കയ്യും മുഖവും തുടച്ച് സീനിലേക്ക് എന്റർ ചെയ്യുകയും, സംഗതി കൈ വിട്ട് പോയി എന്ന് കണ്ട മാസ്റ്റർ ഷാബു ഉത്തമൻ, സിസ്റ്റർമ്മാരുടെ കൈ കുതറി വിടുവിച്ച് ഓടിമറയുകയായിരുന്നു! 🙂

Saturday, August 29, 2020

ബട്ടർഫ്ലൈ അപ്പുട്ടൻ 1

ബട്ടർഫ്ലൈ അപ്പുട്ടൻ - 1
(വിശാലമനസ്കൻ സ്റ്റോറീസ്)
ഇതൊരു ചിത്രശലഭത്തിന്റെ കഥയാണ്. ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക് പറന്ന് നടക്കുന്ന ശലഭത്തെപ്പോലെ, ഒരു വയർ ഫുഡിന് വേണ്ടി അവൈലബിളായ പണികൾ മാറി മാറി ചെയ്ത് നടക്കുന്ന നിഷ്കളങ്കനും നിരുപദ്രവകാരിയുമായ ബട്ടർഫ്ലൈ അപ്പുട്ടന്റെ കഥ.
പത്തൻസിന് ഫൈവ് സ്റ്റാർ പദവിയുണ്ടായിരുന്ന കാലത്ത്, ഓൾ കേരള പെട്രോൾ പമ്പ് അസോസിയേഷന്റെ സംസ്ഥാനസമ്മേളനത്തിന് , ‘ഓഫർ‘ ബേയ്സിൽ പോയവർ, അവിടത്തെ കറിക്കുഴിയുള്ള വട്ടത്തിലുള്ള സ്റ്റീൽ തളികയിൽ ഊണ് കഴിച്ചുകൊണ്ടിരിക്കേ..
“ചേട്ടാ.. ആ മധരൊള്ള കൂട്ടാൻ ഇച്ചിരീം കൂടെ!“ എന്ന് വെയ്റ്ററോട് വിളിച്ച് പറഞ്ഞപ്പോൾ, ചുറ്റിനുമിരിക്കുന്ന ടേബിളുകാരെല്ലാം, “അതേതാ ഞങ്ങൾക്കാർക്കും വിളമ്പാത്ത ആ കൂട്ടാൻ?“ എന്ന ഭാവേനെ നോക്കിയ നേരം,
“അപ്പോൾ പായസം ചോറിലൊഴിച്ച് കുഴച്ചടിച്ചല്ലേ? അടിപൊളി! എവിടന്ന് വരുന്നടപ്പാ!!“ എന്ന് ആളെക്കൊണ്ട് പറയിപ്പിച്ച മൊതൽ.
അതാണ്, വട്ടമുഖവും, കട്ടപ്പുരികത്തിന്റെ മുകളിൽ കഷ്ടി ഒരിഞ്ച് മാത്രം നെറ്റിയും, തലയും താടിയും നിറഞ്ഞ് കവിഞ്ഞ രോമഭാരവും, നിഷ്കളങ്കമായ ചിരിയും, എവിടെയോ എന്തോ ഒരു മിസ്സിങ്ങുമുള്ള, കുമ്പാരക്കോളണിയിൽ താമസിക്കുന്ന മിസ്റ്റർ ബട്ടർഫ്ലൈ അപ്പുട്ടൻ.
‘ആനപ്പാപ്പാൻ അപ്പുട്ടൻ‘ എന്നായിരുന്നു പൂർവ്വാശ്രമത്തിൽ നാമധേയം. പൂരക്കാലമായാൽ ഏതെങ്കിലും ആനയുടെ പിന്നാലെ വടിയും പിടിച്ച് നാലാം പാപ്പാനായി നടന്ന് പോകുന്നത് സ്ഥിരം കാഴ്ചയാണ്. പക്ഷെ, അധികകാലം ആ ജോലി ചെയ്യാൻ സാഹചര്യം അദ്ദേഹത്തിനെ അനുവദിച്ചില്ല. ഒരു വർഷം ആറാട്ടുപുഴ പൂരത്തിന്, പകലത്തെ എഴുന്നിള്ളിപ്പിന്റെ ക്ഷീണാത്താൽ ഉറങ്ങിക്കിടന്നിരുന്ന ആനയെ; പുലർച്ചെ പോയി വിളിച്ചേണീപ്പിച്ച കെലുപ്പിന് രണ്ടാം പാപ്പാനെ എടുത്തെറിഞ്ഞപ്പോൾ, അന്ന് കൂറ്റാക്കൂറ്റിരുട്ടത്ത് ആറാട്ടുപുഴ - കുറുമാലി ക്രോസ് കണ്ട്രി ഓടുന്നതിന്റെ ഇടക്ക് വച്ച് അപ്പുട്ടൻ വടിയോടൊപ്പം പാപ്പാൻ പണിയും വലിച്ചെറിഞ്ഞു.
അമ്പ് സീസണായാൽ, പിന്നെ കുട പിടിച്ച് നടക്കുന്ന, ചന്ദനക്കുടത്തിന് അരിക്കലാമ്പ് പിടിച്ച് കുത്തിയിരിക്കുന്ന, പൂരത്തിന് വിളക്ക് പിടിച്ച് നിൽക്കുന്ന, മിസ്റ്റൽ ബട്ടർഫ്ലൈക്ക് പക്ഷെ ഏറ്റവും ഇഷ്ടപ്പെട്ട സീസൺ മണ്ഢലമാസമാണ്.
കന്നി മാസം ഒന്ന് മുതൽ മകരവിളക്ക് വരെ ആൾ കറുത്ത മുണ്ടുടുത്ത്, മാലയിട്ട്, മുടിയും താടിയും വെട്ടാതെ നടക്കുന്ന 916 അയ്യപ്പനാണ്. ജീവിതത്തിൽ ഒരിക്കൽ പോലും മലക്ക് പോയിട്ടില്ലാത്ത അപ്പുട്ടൻ, പക്ഷെ, കരയിൽ എവിടെ കെട്ടുനിറയുണ്ടെങ്കിലും അവിടെ നിറസാന്നിദ്ധ്യമാണ്. വെറുതെ അങ്ങ് വരികയും അവിടെ ചുറ്റിപ്പറ്റി നിന്ന്, പ്രസാദവും ഇഡലിയും സമ്പാറും കഴിച്ച് പോവുകയുമല്ല അപ്പുട്ടന്റെ രീതി.
അന്നേ ദിവസം, കെട്ടുനിറയുമായും ആളുകൾ കൂടുന്നതുമായും ബന്ധപ്പെട്ട എല്ലാ ജോലികളും അവരുടെ വീട്ടിലൊരാളെപ്പോലെ, വീട്ടുകാരേക്കാൾ ശുഷ്ക്കാന്തിയിൽ ബട്ടർഫ്ലൈ ചെയ്യും. ഡൈലി ഓരോ കെട്ടുനിറ വച്ച് അറ്റെന്റ് ചെയ്യുന്നതുകൊണ്ട് ആൾക്ക് അതിന്റെ ഒരു നേയ്ക്കും കാണുമല്ലോ?!
ശരണം വിളിക്കാൻ ചമ്മലുള്ള കൂട്ടർക്ക് ബട്ടർഫ്ലൈ എന്നും ഒരു ആശ്വാസമാണ്. ഇത്തരക്കാർ മടിച്ച് മടിച്ച് കുണൂകുണൂന്ന് ശരണം വിളിക്കുമ്പോൾ, ബട്ടർ യാതൊരു വക ഹെസിറ്റേഷനും കൂടാതെ, “പൊന്നുപതിനെട്ടാം പടി വാഴും ഹരിഹരസുതനാനന്ദനയ്യനയ്യപ്പ സ്വാമിയേ....“ എന്ന് നീട്ടിയൊരു വിളി വിളിച്ചാൽ, ആ വഴി പോകുന്ന പള്ളീച്ചനും കന്യാസ്ത്രീകളും വരെ ഒന്ന് നിന്ന്, “ശരണമയ്യപ്പാ!!“ എന്ന് പറഞ്ഞിട്ടേ പിന്നെ ഒരടി വക്കൂ!!
അപ്പുട്ടൻ ആളൊരു മഹാ സാധുവാണെങ്കിലും, കെട്ടുനിറകളിൽ ആൾക്കുള്ള പ്രതിഭയും അട്രാക്ഷനും സ്വയം മനസ്സിലാക്കി ആൾ ഒരു സീസണിൽ പുതിയ ഒരൈറ്റം ഇൻഡ്രൊഡ്യൂസ് ചെയ്തു. ആയിടെ മാളയിൽ കെട്ടുനിറയുടെ പന്തല് പണിക്ക് ചന്ദ്രേട്ടന്റെ കൂടെ പോയപ്പോൾ കിട്ടിയ ഐഡിയയായിരുന്നു.
അതായത്, കെട്ടുനിറ നടക്കുമ്പോൾ... അയ്യപ്പസ്വാമി ആൾടെ ശരീരത്തിൽ കയറി ആളങ്ങ് തുള്ളിത്തുടങ്ങും.
കെട്ടുനിറക്ക് കൊടകരഭാഗത്ത് അന്ന് തുള്ളൻ അധികം പ്രചാരത്തിലില്ല. ചടങ്ങ് തുടങ്ങി, നാളികേരത്തിൽ നെയ് നിറക്കുമ്പോൾ ഒരു മുന്നറിയിപ്പും കൂടാതെ, കലി കയറി അപ്പുട്ടൻ തുള്ളിയത് മൊത്തത്തിൽ ഒരു പാനിക്ക് സിറ്റുവേഷൻ ഉണ്ടാക്കി. എല്ലാവർക്കും ആകെ കൺഫ്യൂഷൻ. തുള്ളുന്ന ആളെ എങ്ങിനെ മാനേജ് ചെയ്യും എന്നറിയാതെ വീട്ടുകാർ നിന്നപ്പോൾ, മോഹനേട്ടൻ അപ്പുട്ടനെ വട്ടം പിടിക്കാൻ ഒരു ശ്രമം നടത്തി നോക്കി. മോഹനേട്ടൻ പിടിക്കാൻ വരുന്നത് കണ്ട അപ്പുട്ടൻ കിളിമാസ് കളിക്കുമ്പോലെ വെട്ടിക്കലോട് വെട്ടിക്കൽ. അങ്ങിനെ രണ്ടുമൂന്നാളുകൾ കൂടി അവസാനം ഒരു കണക്കിനാണ് അന്ന് അപ്പുട്ടനെ തളച്ചത്.
പിന്നീട് അപ്പുട്ടൻ കെട്ടുനിറ ദിവസം “കാര്യങ്ങളോക്കെ ഏത് വരെയായി??“ എന്നും ചോദിച്ച് വീടുകളിൽ വരുമ്പോൾ, “കെട്ടുനിറക്ക് ഒക്കെ വന്നോ.. പക്ഷെ തുള്ളരുത്!“ എന്നൊരു കണ്ടീഷൻ വീട്ടുകാർ വച്ചുതുടങ്ങി.
അപ്പുട്ടന് സംസാരത്തിൽ ചെറിയ ഒരു ഫിനിഷിങ്ങ് കുറവുള്ള ആളാണ്. ആ ഫിനിഷിങ്ങ് കുറവിൽ, “അത് ഞാൻ വേണം ന്ന് വച്ച് ചെയ്യുന്നതാണോ?... അയ്യപ്പ സ്വാമി കേറിയാൽ ഞാൻ ഓട്ടോമാറ്റിക്കായി തുള്ളിപ്പോവുന്നതല്ലേ?“ എന്ന് പറയുകയും ചെയ്ത് പോന്നു.
ആങ്ങിനെ ആര് പറഞ്ഞിട്ടും നിർത്താതെ, തുള്ളലിന്റെ രസം പിടിച്ച അപ്പുട്ടൻ, വള്ളപ്പാടി ഒരു വീട്ടിൽ വച്ചാണ് തുള്ളൽ പ്രസ്ഥാനത്തോട് വിടപറയുന്നത്.
ആണ് വീട്ടിലെ ചേട്ടന്മാരും അളിയന്മാരും മാത്രം ഒരു വിഡിയോകോച്ച് ബസിനുള്ള ആൾക്കാരുള്ളതുകൊണ്ട്, അവിടത്തെ കെട്ടുനിറയൊക്കെ വൻ സെറ്റപ്പാണ്.
അവരുടെ വീട്ടിൽ കെട്ടുനിറ നടക്കുന്നുണ്ട് എന്നറിഞ്ഞ ബട്ടർ ഫ്ലൈ വൈകീട്ട് അഞ്ചുമണിയോടെ തന്നെ സ്പോട്ടിലെത്തി പതിവ് സഹായസഹരണങ്ങൾ ആരംഭിച്ചു. കുരുത്തോല പന്തൽ ഇടാൻ സഹായിക്കുന്നു. ചന്ദനത്തിരി കത്തിക്കുന്നു. പൂ പൊട്ടിക്കുന്നൂ... തിരിയുണ്ടാക്കുന്നു.. നിലവിളക്ക് തുടക്കുന്നൂ... ഫുൾ ആക്ടീവ്.
ഏഴുമണിയോടെ ചടങ്ങുകൾ ആരംഭിച്ചു. ഒരു പൂരത്തിന്റെ സ്പെക്ടാക്ടേഴ്സിനെ കണ്ട ബട്ടർ, തന്റെ പ്രതിഭ തെളിയിച്ചും കൊണ്ട് വല്ലപ്പാടി കിടുങ്ങുമാറ് ശരണം വിളിക്കുകയും കുറച്ചും കൂടെ ഫീൽ ഉണ്ടാക്കുവാനായി തന്റെ പതിവ് തുള്ളൽ ആരംഭിക്കുകയും ചെയ്തു.
അന്നവിടെ കെട്ടുനിറക്ക് നേതൃത്വം കൊടുത്തത് മറ്റത്തൂർ സൈഡിൽ നിന്ന് വന്നൊരു പൂജാരിയാണ്. അദ്ദേഹം തന്റെ ഘനഗംഭീര ശബ്ദത്തിൽ,
“അയ്യപ്പനും വാവർക്കും തുള്ളുകാന്ന് വച്ചാൽ, വലിയ വിശേഷപ്പെട്ട കാര്യമാണ്.. തുള്ളിയ അയ്യപ്പനെ ഇങ്ങ് കൊണ്ട് വരിക. എന്നിട്ട് ആളുടെ കവിളിൽ ഈ ഭസ്മം ചേർത്തുപിടിച്ച്, ഈ ശൂലം അങ്ങട് തറക്കുക!“
അത് കേട്ടവശം, അപ്പുട്ടൻ തുള്ളുന്നതിനിടക്ക് ഇടം കണ്ണിട്ട് പൂജാരിയെ ഒന്ന് നോക്കി.
“ആൾടെ കയ്യിൽ, കാലിഞ്ച് കനത്തിൽ ഒരുമീറ്റർ നീളമുള്ള ഒരു പിച്ചള കമ്പി!!“
പിന്നെയവിടെ നടന്നത് നാടകീയമായ ട്വിസ്റ്റായിരുന്നു.
പിച്ചളക്കമ്പി കണ്ടവശം, നെല്ലുകുത്ത് കമ്പനിയിൽ കരണ്ട് പോയ പോലെ ബട്ടർഫ്ലൈ തുള്ളൽ നിർത്തി, അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്ന എല്ലാവരേം നോക്കി, “ബ് ഹ് ഹ്..“ എന്ന ഒരു ചിരി ചിരിച്ച്, ഒറ്റ ഓട്ടമായിരുന്നൂ ഗേയ്റ്റും കടന്ന്...
അതിന് ശേഷമാണ് കൊടകരയിൽ കള്ളത്തുള്ളൽ ടെസ്റ്റ് ചെയ്യാൻ, "പിച്ചളക്കമ്പി എടുത്താലോ??" എന്ന ഡയലോഗ് പ്രചാരത്തിൽ വന്നത്!!
(തുടരും...)
കഥക്ക് കടപ്പാട്:
Sreeni Menon