Monday, July 24, 2006

പെന്‍ഫ്രണ്ട്‌

സുഹൃത്ത്‌ വലയം ഒന്നു വിപുലപ്പെടുത്തിക്കളയാം എന്ന ഗൂഢലക്ഷ്യത്തിന്റെ പുറത്താണ്‌, മാതൃഭൂമി ക്ലാസിഫൈഡില്‍ കണ്ട 'തൂലികാ സൌഹൃദം തേടുന്നു' എന്ന കുഞ്ഞന്‍ കോളം പരസ്യത്തിലെ അഡ്രസ്സിലേക്ക്‌ ഞാന്‍ കത്തയച്ചത്‌.

പെട്ടെന്ന് തന്നെയെനിക്ക്‌ മറുപടി വന്നു. ആകാംക്ഷാഭരിതനായി ഞാന്‍ തുറന്ന ആ കവറിനുള്ളില്‍ നാന യുടെ നടുപേജിലേ പോലെയൊരു പടമുള്ള, മടക്കി വച്ച ഒരു ചെറിയ പുസ്തകം. അതില്‍ കാക്കത്തൊള്ളായിരം അഡ്രസ്സുകള്‍. പ്രായവും താല്‍പര്യവും മാനസികാവസ്ഥയും വെളിവാക്കി ഒരുപാട്‌ സൌഹൃദാന്വേഷകര്‍.

അതിലുള്ള അഡ്രസ്സിലേക്കെല്ലാം ഞാന്‍ കത്തെഴുതാന്‍ നിന്നാല്‍ കുടുമ്മം വെളുക്കുമെന്ന് മനസ്സിലാക്കി, പ്രായവും താല്‍പര്യവുമനുസരിച്ച്‌ ഷോര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്ത്‌, പതിനഞ്ച്‌ പൈസക്ക്‌ കിട്ടുന്ന ഇരുപത്തഞ്ച്‌ പോസ്റ്റ്‌ കാര്‍ഡുകള്‍ വാങ്ങി എന്നെപ്പറ്റിയും എന്റെ സാഹചര്യങ്ങളെപ്പറ്റിയുമൊക്കെ സത്യസന്ധമായി കാണിച്ച്‌ കത്തുകളയച്ചു.

ദിവസങ്ങളും ആഴ്ചകളും കടന്നു പോയി. എന്റെ വീട്ടിലേക്ക്‌ മാത്രം പോസ്റ്റ്‌മാന്‍ ചന്ദ്രേട്ടന്‍ വന്നില്ല.

ഒറ്റ മ.കു.നും(മനുഷ്യ കുഞ്ഞിനും)നമ്മളെ കാണാമറയത്തെ സുഹൃത്തായി പോലും വേണ്ട എന്ന നഗ്നസത്യം ഞാന്‍ മനസ്സിലാക്കി.

തിരിച്ചുകിട്ടാത്ത എന്തും മനസ്സിന് വിങ്ങലാണെന്നല്ലേ.. പത്മരാജന്‍ പറഞ്ഞിരിക്കുന്നത്. അങ്ങിനെ മറുപടികിട്ടാതെ വിങ്ങി വിങ്ങി നടന്ന എനിക്ക്, മറുപടി വരാത്തതിനെപ്പറ്റി വിദഗ്ദാഭിപ്രായം തന്നത്‌ ജിനുവാന്. അക്കോഡിങ്ങ്‌ റ്റു ഹിം, ഫാസ്റ്റ്‌ ഇമ്പ്രഷന്‍ കിട്ടാതെ പോകത്തക്ക സീരിയസ്സ്‌ പിഴവുകള്‍ ഞാന്‍ കുറച്ച്‌ വരുത്തിയത്രേ.

'പോസ്റ്റ്‌ കാര്‍ഡ്‌' ഉപയോഗിച്ചത് ഏറ്റവും പ്രധാനപ്പെട്ട തെറ്റ്‌.

പോസ്റ്റ്‌ കാര്‍ഡ്‌ എന്നാല്‍ സിനിമാ തീയറ്ററില്‍ 'തറ ടിക്കറ്റ്‌' സെറ്റപ്പിന്‌ സമമാണത്രേ. അതില്‍ കത്തെഴുതുന്നവര്‍, തറ അല്ലെങ്കില്‍ കഞ്ഞി ക്യാറ്റഗറിയില്‍ വരുന്നവര്‍. ഇന്‍ലാന്റ്‌, സ്റ്റാമ്പുള്ള കവര്‍, എയര്‍ മെയില്‍ എന്വെലപ്പ്‌ എന്നിവ ഗ്രേഡ്‌ അനുസരിച്ച്‌, ചാരുബെഞ്ച്‌, സെക്കന്റ്‌ ക്ലാസ്‌, ഫാസ്റ്റ്‌ ക്ലാസ്‌ വിഭാഗത്തില്‍ പെടും.

അതുകൊണ്ട്‌, ഞാന്‍ കുറച്ച്‌ എയര്‍ മെയില്‍ കവര്‍ വാങ്ങി, സ്റ്റാമ്പൊട്ടിച്ച്‌,

'എന്റെ അച്ഛന്‍ അമേരിക്കയില്‍ ഡോക്ടറാണ്‌, അമ്മ കോളേജ്‌ പ്രൊഫസര്‍. ബംഗ്ലാവും കാറും ഇഷ്ടമ്പോലെ പണവുമുണ്ടെന്നു പറഞ്ഞിട്ടെന്ത്‌ കാര്യം? ഒറ്റമോനായ എന്നെ സ്നേഹിക്കാന്‍ ആരുമില്ല. എനിക്ക്‌ 1 ഗ്രാം സ്‌നേഹം തന്നാല്‍ അതിന്‌ പകരമായി ഒന്നര കിലോ സ്‌നേഹം തരാം. എന്നെ ആരെപ്പോലെ വേണമെങ്കിലും കരുതിക്കോളൂ, ഐ ഡോണ്ട്‌ മൈന്റ്‌' എന്നൊക്കെ പറഞ്ഞ്‌ കത്തുകളയച്ചു.

കത്തയച്ചതിന്റെ മുന്നാം നാള്‍, പോസ്റ്റ്‌മാന്‍ ചന്ദ്രേട്ടന്‍ എനിക്ക്‌ തലച്ചുമടായാണ്‌ കത്തുകൊണ്ട്‌ വന്നത്‌!

ഒരു നട എഴുത്തുകള്‍! പല പല കൈപ്പടയില്‍ എന്റെ പേരും അഡ്രസ്സും കണ്ടപ്പോള്‍ ഞാന്‍ ആഹ്ലാദിക്യത്താല്‍ മതിമറന്നു നിന്നു.

മൊത്തം പതിനഞ്ച്‌ കത്തേ ഞാന്‍ അയച്ചുള്ളൂവെങ്കിലും, മറുപടി ഇരുപത്തഞ്ചോളം കിട്ടി. കാരണം, കത്ത്‌ കിട്ടിയവരുടെ കൂട്ടുകാരും വീട്ടുകാരും എനിക്ക്‌ കത്തയച്ചു!

കൊടകരയിലെ ഒരു സാധാരണക്കാരന്റെ മകനും അമേരിക്കക്കാരനായ ഒരാളുടെ മകനും തമ്മിലുള്ള വ്യത്യാസം എത്രത്തോളമാണെന്ന് എനിക്ക്‌ വീണ്ടും മനസ്സിലായി!!

കലാന്തരേ, എന്റെ അച്ഛന്‍ 'വേണ്ട എന്നുവച്ചിട്ട്‌' ഡോക്ടറാവാതിരുന്നതാണെന്നും, അമ്മാമ്മ സമ്മതിക്കാത്തതുകൊണ്ട്‌ അമേരിക്കയില്‍ പോകാഞ്ഞതായിരുന്നെന്നുമൊക്കെ സൂചിപ്പിച്ചപ്പോള്‍ സത്യമറിഞ്ഞ പലരും 'അറിയാതെ ബഹുമാനിച്ചതിലും സ്‌നേഹിച്ചതിലും ക്ഷമിക്കണം' എന്ന ഒറ്റവരി കത്ത്‌ പോലും അയക്കാതെ ഞാനുമായുള്ള ബന്ധം വിശ്ചേദിച്ചെറിഞ്ഞു.

പക്ഷെ, എന്നിട്ടും നാലഞ്ച് പേര്‍ എനിക്ക്‌ സ്ഥിരമായി കത്തുകള്‍ അയച്ചു. സിന്‍സിയര്‍ സ്നേഹമുള്ളവര്‍.

അക്കാലത്ത്‌ എനിക്ക്‌ ബാറിലാണ്‌ ജോലി. ലഞ്ച്‌ ടൈമില്‍, മെസ്സിലെ ഭോജനത്തില്‍ സാറ്റിസ്‌ഫൈഡാകാതെ, അമ്മയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ വീട്ടിലേക്കെത്തിയതായിരുന്നു ഞാന്‍.

ഗേയ്റ്റ്‌ കടന്നപാടെ സിറ്റൌട്ടില്‍ പത്രപാരായണത്തില്‍ മുഴുകി അപരിചിതനായൊരു യാന്‍സം ഗയ്‌ ഇരിക്കുന്നത് കണ്ടു.

തെല്ലൊരത്ഭുതത്തോടെ, കളത്തില്‍ നെല്ല് ചിക്കിക്കൊണ്ടിരിക്കുന്ന അമ്മയോട്‌ ‘ആരാ അമ്മേ ഇത്?’ എന്ന എന്റെ ചോദ്യത്തിന്

'നിന്നെക്കാണാനാന്ന് പറഞ്ഞിട്ട്‌ വന്നതാ. ഒരു മണിക്കൂറോളായി' നെല്ലിന്റെ ഉണക്കം ടെസ്റ്റ് ചെയ്യാന്‍, വായില്‍ നെല്ലിട്ട്‌ കൊറിക്കുന്നിനിടെ അമ്മ പറഞ്ഞു.

എന്നെ കണ്ടപാടെ യാതൊരു അപരിചിതത്വവും കാണിക്കാതെ, അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ‘ഞാന്‍ മനോജ്‌ കുമാര്‍. ഫ്രം കാസര്‍ഗോഡ്‌!‘

നട്ടപ്പറ ഉച്ചക്ക്‌ വെയിലും കൊണ്ട്‌ വന്ന് കയറിയതുകോണ്ട്‌ കണ്ണ്‌ മഞ്ഞളിച്ചതുകൊണ്ടോ, തല ചൂടായതുകൊണ്ടോ എന്തോ എനിക്ക്‌ ആളെ മനസ്സിലായില്ല.

അത്‌ മനസ്സിലാക്കി, അദ്ദേഹം തുടര്‍ന്നു.

താങ്കള്‍ക്ക്‌ കത്തുകള്‍ അയക്കാറുള്ള... മനോജ്‌.. ഭരതനാട്യം പഠിപ്പിക്കുന്ന... നാടകത്തില്‍ അഭിനയിക്കുന്ന.... തൂലികാ സുഹൃത്ത്‌...!

ആ ഹാ.., അപ്പോള്‍ എനിക്ക്‌ ആളെ പിടികിട്ടി!

തുടര്‍ന്ന്, കാസര്‍ഗോഡുള്ള സുഹൃത്തെങ്ങിനെ ഇവിടെ കൃത്യമായെത്തിപ്പറ്റി എന്ന് ചോദ്യത്തിന്, അദ്ദേഹം ആള്‍ കേരള ടൂറിലാണെന്നും, വീട്ടില്‍ നിന്ന് പുറപ്പെട്ടിട്ട് മാസമൊന്നായി എന്നും, കൊടകര പോസ്റ്റ്‌ ഓഫീസില്‍ പോയി ചോദിച്ചാണ്‌ ലൊക്കേഷന്‍ തപ്പിയതെന്നും പറഞ്ഞു.

അങ്ങിനെ ഞാന്‍ പേരാമ്പ്രയില്‍ നിന്ന് ഒന്നിന്‌ 225 രൂപ കൊടുത്ത്‌ വാങ്ങിയ ചൂരല്‍ കസേരയില്‍ എന്നോട്‌ 'ഇരിക്കൂ' എന്ന് പറഞ്ഞ്‌ അദ്ദേഹവും ഇരുന്നു.

സംസാരത്തിനിടക്ക്‌ ഞാനൊരു കാര്യം നോട്ട്‌ ചെയ്തു.

'സുന്ദരനാണല്ലോ' ന്ന് പറഞ്ഞ്‌ മനോജ്‌ എന്നെ അടിമുടി നോക്കിയിരുന്നത്‌ ഏറെക്കുറെ 'കരിമ്പനയില്‍ പ്രമീള, ജയനെ നോക്കുമ്പോലെ' യായിരുന്നു.

തന്നെയുമല്ല, എനിക്ക്‌ ഷേയ്ക്ക്‌ ഹാന്റ്‌ തന്നപ്പോഴേ ഒരു വശപ്പെശക്‌ ഫീല്‍ ചെയ്തിരുന്നു. നമ്മുടേ കയ്യീന്ന് സുഹൃത്ത്‌ പിടി വിടുന്നില്ല. കസേരയില്‍ ഇരുന്നിട്ടും!

പിന്നെ, കയ്യില്‍ നിന്ന് പിടി വിട്ട്‌ വെല്‍ഡ്‌ ചെയ്യുമ്പോള്‍ എര്‍ത്ത്‌ കൊടുക്കുമ്പോലെ അദ്ദേഹം എപ്പോഴും എന്റെ കയ്യിലോ കാലിലോ 'ടച്ച്‌' മെയിന്റെയിന്‍ ചെയ്യുന്നുണ്ടെന്ന് എനിക്ക്‌ മനസ്സിലായി.

ഭക്ഷണം കഴിക്കാനിരുന്നപ്പ്പോള്‍ അദ്ദേഹം ഇന്നലെ രാത്രി എറണാകുളത്തായിരുന്നെന്നും, അവിടെ രണ്ട്‌ സുന്ദരന്മാരോടൊപ്പം അടിച്ചുപോളിച്ചെന്നും, ഇന്ന് എന്റെ കൂടെ തങ്ങാനാണ്‌ പ്ലാനെന്നും എന്റെ അമ്മ കേള്‍ക്കാതെ പറഞ്ഞത്‌ കേട്ട്‌ ‘ങ്ങേ....??’ എന്ന് വക്കുകയും ഒരു ചോറും വറ്റ്‌ എന്റെ ശിരസ്സില്‍ കേറുകയും ചെയ്തു.

പെട്ടിയും പ്രമാണവുമായി വന്ന അദ്ദേഹം അവ വക്കാന്‍ 'നമ്മുടെ ബെഡ്‌ റൂം എവിടെ?' എന്ന് ചോദിച്ചപ്പോള്‍ എനിക്കെല്ലാം മനസ്സിലായി.

'എന്റെ പൊന്നു മനോജേ, നമ്മള്‍ ആ ടീമല്ല, എന്നെ വെറുതെ വിടണം' എന്ന് പറയണമെന്നുണ്ടെങ്കിലും വീട്ടില്‍ കയറിവന്ന ഒരതിഥിയോട്‌ എങ്ങിനെ അങ്ങിനെ പറയും?

എങ്ങിനെയെങ്കിലും ഒഴിവാക്കാനായി, ‘അയ്യോ ഇവിടെ സൌകര്യങ്ങളൊക്കെ വളരെ കുറവാ, പിന്നൊരിക്കലാവാം‘ എന്ന് പറഞ്ഞപ്പോ ആള്‍ പറയുന്നു,

'ഏയ്‌ അതൊന്നും സാരല്യ, ഒറ്റ രാത്രിയുടെ കേസല്ലേയുള്ളൂ' എന്ന്.

എന്റെ അമ്മേ!

ഞാന്‍ നിന്ന് വിയര്‍ത്തു. ഈ മൊതലിനെ എങ്ങിനെ പുകച്ച്‌ പുറത്ത്‌ ചാടിക്കുമെന്ന് ഞാന്‍ തല പുകച്ച് ആലോചന തുടങ്ങി.

ഓകെ, മറ്റൊരു നമ്പര്‍, വജ്രായുധം തന്നെ പ്രയോഗിക്കാന്‍ തീരുമാനിച്ചു.

'മനോജേ, ഇവിടെ അയല്‍പക്കങ്ങളിലെല്ലാം ചിക്കന്‍ പോക്സ്‌ നടപ്പുണ്ട്‌. വന്നുകഴിഞ്ഞാല്‍... ഹോ! ഫുള്‍ ബോഡി ബബിള്‍ പാക്ക്‌ പോലെയാവും ട്ടാ. ഇവിടെ നില്‍ക്കാതിരിക്കുന്നതാവും ബുദ്ധി' എന്ന എന്റെ സ്കഡ്‌ മിസെയിലിനെ,

'അത്‌ സാരല്യ, എനിക്കൊരു തവണ വന്നതാ, ഇനി വരില്ല' എന്ന പാട്രിയാറ്റ്‌ മിസെയിലുകൊണ്ട്‌ മനോജ്‌ തകര്‍ത്തു.

എന്ത്‌ ചെയ്യും??

അവസാനത്തെ നമ്പറായി ഞാന്‍ പറഞ്ഞു.

നമുക്ക്‌ രണ്ടെണ്ണം ബാറില്‍ പോയി പൂശിയാലോ?

‘ആവാലോ‘ എന്ന മറുപടി കേട്ടപാടെ, ആളുടെ പെട്ടിയുമെടുത്തോണ്ട്‌ രണ്ട് വീടപ്പുറമുള്ള ബാറിലേക്ക്‌ നടന്നു.

ആദ്യം രണ്ട്‌ ബ്ലൂ റിബാന്റ്‌ ജിന്നും ഒരു സ്പ്രിന്റും. രണ്ട് എഗ് ഏന്‍ പീസും പറഞ്ഞു.

വലിയ അടിക്കാരനല്ല എന്ന് മനസ്സിലായപ്പോള്‍ എനിക്ക്‌ കുറച്ച്‌ സമാധാനമായി. ഞാന്‍ നിര്‍ബന്ധിച്ച്‌ നിര്‍ബന്ധിച്ച്‌ ഒരു രണ്ടെണ്ണം കൂടി അടിപ്പിച്ചു. അതിനിടയില്‍ അദ്ദേഹം എന്റെ കയ്യിലെ വിരലുകളില്‍ പിടിച്ച്‌ പലതും പറഞ്ഞു. എല്ലാം എന്റെ വിധി എന്ന് സമാധാനിച്ച് ഞാന്‍ സഹിച്ചു കേട്ടു.

ഒന്നുരണ്ട്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം, അയ്യപ്പ ബൈജുവിന്റെ റോളായ എന്റെ ആ തൂലികാ സുഹൃത്തിനെ വടക്കോട്ടേക്ക്‌ പോകുന്ന കൊടകര വിട്ടാല്‍ ആമ്പല്ലൂര്‍ മാത്രം നിറുത്തുന്ന ഒരു സൂപ്പര്‍ ഫാസ്റ്റില്‍ കയറ്റി ഞാന്‍ വിട്ടു.

ഒരു നല്ല തൂലികാ സുഹൃത്താവാന്‍ എനിക്കൊരിക്കലും കഴിയില്ല എന്നെനിക്ക് അന്ന് മനസ്സിലായി.

Tuesday, July 11, 2006

ഒരു ലിഫ്റ്റ്‌ യാത്ര

സതേണ്‍ കോളേജില്‍ വിമാനംപണി പഠിക്കാന്‍ വന്ന സുഡാനി നീഗ്രോകള്‍, ചാലക്കുടി പുഴയിലെ കുളീസീന്‍ കാണാന്‍ വിമാനം കൊണ്ട്‌ പോയപ്പോള്‍, ഫ്ലൈറ്റ്‌ പുഴമ്പള്ളത്തുള്ള ഒരു ചമ്പ തെങ്ങില്‍ ഇടിച്ച്‌ വീണുവെന്ന കിംവദന്തി വിശ്വസിച്ച്‌,

'ഈ കുരുപ്പുകള്‍ ഇനി കൊടകര വഴിയെങ്ങാനും വന്ന് നമ്മടെ ബില്‍ഡിങ്ങിലിടിച്ച്‌ വീഴേണ്ട'

എന്ന് കരുതിയിട്ടായിരുന്നുത്രേ, കമലാസനന്‍ ഡോക്ടര്‍ തന്റെ ആശുപത്രിക്കെടിടത്തിന്‌ രണ്ട്‌ നിലയില്‍ മേലെ ഉയരം വേണ്ട എന്ന് തീരുമാനിച്ചത്‌!

സന്ധിവേദന, ആമവാതം, കൈകാല്‍ കഴപ്പ്‌, തരിപ്പ്‌, വായുകോപം, നീര്‍ക്കെട്ട്‌, ഉളുക്ക്‌, ചതവ്‌, വളം കടി, പുഴുക്കടി, കര്‍മ്മഫലമായും അല്ലാതെയുമുള്ള മനം പിരട്ടല്‍, വാള്‍, ദഹനക്കേട്‌, ശോധന (+/-), ക്ലൈമറ്റ്‌ പനി, ചെറിയ വോളിയത്തിലുള്ള ചുമ, തല, തണ്ടല്‍, പുറം, തുടങ്ങിയ ഭാഗത്തുണ്ടാകുന്ന സഹിക്കാന്‍ പറ്റുന്ന വേദനകള്‍ എന്നിങ്ങനെ കൊടകര അങ്ങാടിയില്‍ വൈകീട്ട്‌, കാഥികന്‍ സാമ്പാശിവന്റെ ശബ്ദമുള്ള ചേട്ടന്മാര്‍ ചില്ലറ മാജിക്കൊക്കെ കാട്ടി, റബറിന്റെ കോര്‍ക്കിട്ട കൊച്ചുകുപ്പികളില്‍, നിരത്തില്‍ നിരത്തി വച്ച്‌ വില്‍ക്കുന്ന മരുന്നുകള്‍ കഴിച്ചാല്‍ മാറാവുന്ന അസുഖങ്ങള്‍ക്കുള്ള ഒരു ആശുപത്രി. അത്രേ ഡോക്ടര്‍ ഉദ്ദേശിച്ചിരുന്നുള്ളൂ.

ഇത്തരം രോഗികള്‍ കൂളായി കോണികയറിപ്പോകുമെന്നതിനാലും, ഇന്‍ കേയ്സ്‌ അതിന്‌ പറ്റിയില്ലെങ്കില്‍, കൂടെ വന്നിരിക്കുന്നവര്‍ താങ്ങിപ്പിടിച്ച്‌ എടുത്തുകൊണ്ട്‌ പോയി മുകളിലിട്ടോളും എന്നും ഡോക്ടര്‍ കണക്കുകൂട്ടിയതുകൊണ്ട്‌, ബില്‍ഡിങ്ങില്‍ ലിഫ്റ്റ്‌ വച്ചില്ല.

ആയതിനാല്‍, മാരക അസുഖങ്ങളോ അപകടങ്ങളോ വന്നുപെടാതിരുന്ന 'ഹതഭാഗ്യരായ' കൊടകരയിലെ പലരും, ജീവിതത്തില്‍ ഒരിക്കല്‍ പോലും ലിഫ്റ്റില്‍ കയറാന്‍ ഭാഗ്യമില്ലാത്തവരായിത്തീര്‍ന്നു. പാവങ്ങള്‍!

ലിഫ്റ്റ്‌ ദേവത ആദ്യമായി എന്നെ കടാക്ഷിച്ചതതിന്റെ ക്രെഡിറ്റ്‌ എം.ജി.ആര്‍. മുരുകേട്ടനാണ്‌.

പറമ്പില്‍ പങ്ങ പറിക്കാന്‍ വന്ന എം.ജി.ആര്‍ ഒരു അടക്കാമരത്തില്‍ നിന്ന് മറ്റൊന്നിലേക്ക്‌ 'പകരുമ്പോഴായിരുന്നു' ആ കടാക്ഷം. ഉത്തരത്തില്‍ നിന്ന് പല്ലി വീഴുമ്പോലെ താഴേക്ക്‌ 'ഡും' വച്ചപ്പോള്‍, 'തൃശ്ശൂര്‍ക്ക്‌ വിട്ടോ' എന്ന പൊതു താല്‍പര്യപ്രകാരം എലൈറ്റിലേക്ക്‌ കാറില്‍ കൂടെ പോയതുവഴിയായിരുന്നു ആ മഹാഭാഗ്യം നടാടെ എന്നെത്തേടിയെത്തിയത്‌.

എലൈറ്റ്‌ എത്തുമ്പോഴേക്കും ബോധം വീണ്ടുകിട്ടുകയും, വണ്ടി തലോര്‍ നിര്‍ത്തിച്ച്‌ സോഡ വാങ്ങി കുറച്ച്‌ കുടിച്ച്‌ ബാക്കികൊണ്ട്‌ മുഖം കഴുകുകയും ചെയ്ത എം.ജി.ആറിന്‌ വലുതായൊന്നും പറ്റിയില്ല എന്ന് മനസ്സിലായ ഡോക്ടര്‍, 'പാവം എന്തായാലും ഇത്രേം ഉയരത്തീന്ന് വീണതല്ലേ' എന്ന പരിഗണനയുടെ പുറത്തായിരുന്നു വാര്‍ഡിലേക്ക്‌ ലിഫ്റ്റില്‍ പൊയ്ക്കോളാന്‍ പറഞ്ഞത്‌.

ഗ്രില്ല് വലിച്ചടക്കുന്ന വാതിലുള്ള ആ ലിഫ്റ്റില്‍ ഞങ്ങള്‍ എന്‍ജോയ്‌ ചെയ്ത്‌ പോയെങ്കിലും അതിന്റെ ഓപ്പറേഷനൊന്നും കാര്യമായി എനിക്ക്‌ മനസില്ലാക്കാന്‍ പറ്റിയില്ല.

അതെങ്ങിനെ? ആ കാക്കി യൂണിഫോമിട്ട ലിഫ്റ്റ്‌ ഓപ്പറേറ്റര്‍, സ്പേസ്‌ ഷട്ടില്‍ വിക്ഷേപിക്കുന്ന നേരത്ത്‌ നാസയിലെ ചീഫ്‌ ഇരിക്കുമ്പോലെ അതിഭയങ്കരമായ എന്തോ ചെയ്യുന്ന ഗൌരവത്തോടെയും പത്രാസിലുമല്ലേ സ്റ്റൂളിലിരുന്ന് ബട്ടണുകള്‍ ഞെക്കിയിരുന്നത്‌!

എന്തായാലും, കൊല്ലങ്ങള്‍ പലത്‌ കഴിഞ്ഞ്‌ ഗള്‍ഫില്‍ എത്തിയിട്ടാണ്‌ ലിഫ്റ്റില്‍ കയറാന്‍ എനിക്ക്‌ വീണ്ടും ഭാഗ്യം സിദ്ധിച്ചത്‌. വിസിറ്റ്‌ വിസയിലായിരുന്ന ഞാന്‍ ഒരു ഇന്റര്‍വ്യൂവിന്‌ പോയപ്പോള്‍.

ഇന്റര്‍വ്യൂ എന്ന് കേട്ടാലും സ്റ്റേജില്‍ കയറാന്‍ പറഞ്ഞാലും പോലീസ്‌ സ്റ്റേഷനിലേക്ക്‌ പോകേണ്ടിവന്നാലും ഒരേ പോലെ മാനസികമായി തളരുന്ന ഞാന്‍ അന്നും 9 മണിക്കുള്ള ഇന്റര്‍വ്യൂവിന്‌ ആറെ മുക്കാലോടെ വീട്ടില്‍ നിന്നുമിറങ്ങി.

ഒരുമണിക്കൂര്‍ നടന്നാലെത്തുന്ന ദൂരത്തേക്കൊന്നും അക്കാലത്ത്‌ ഞാന്‍ ടാക്സിയില്‍ പോകാറില്ല.

എങ്ങിനെ പോകും? ഒരു ദിര്‍ഹം കൊടുത്ത്‌ പെപ്സി വാങ്ങുമ്പോള്‍ വരെ, ഞാന്‍ അതിനെ പത്തുകൊണ്ട് ഗുണിച്ച്‌, ഈശ്വരാ... പത്തു രൂപയുണ്ടെങ്കില്‍ ഒരു ദിവസത്തെ വീട്ടിലെ മൊത്തം ചിലവ്‌ കഴിയും എന്നോര്‍ത്ത്‌ 'റൂമിലെത്തി പച്ചവെള്ളം കുടിക്കാം' എന്ന് തീരുമാനിച്ചിരുന്ന ഞാന്‍ 5 ദിര്‍ഹം കൊടുക്കകയോ? 50 രൂപ ഈക്വല്‍സ്‌ റ്റു 10 കുപ്പി പാലിന്റെ കാശാണ്‌.!!

സെക്കന്റ്‌ ഷോയ്ക്ക്‌ പോയി വന്ന് കിടന്ന്, പച്ചിലകള്‍ കൊണ്ട്‌ തുന്നിയ മൈക്രോ മിഡിയും തലയോട്ടി മാലയും ധരിച്ച കാട്ടുമൂപ്പന്റെ ഏകമകള്‍ ഡിസ്കോ ശാന്തിയെ കെട്ടി 'മട്ടിച്ചാറ്‌ മണക്കണ്‌' പാടിയാടി സ്വപനം കണ്ടുറങ്ങുന്ന എന്നെ,

'എരുമേനെ കറക്കാന്‍ എണീക്കെടാ' എന്ന് പറഞ്ഞ്‌ വാതിലില്‍ പുലര്‍ച്ചെ തട്ടുമ്പോള്‍.

'ശല്യം. മൂപ്പന്റെ വീട്ടിലെ എരുമയേയും, മരുമോന്‍ ഞാന്‍ തന്നെ കറക്കണോ?'

എന്നോര്‍ത്ത്‌ 'ഓ തമ്പ്രാ' എന്ന് പറഞ്ഞ്‌ ചാടിയെണീറ്റ്‌ വാതില്‍ തുറക്കുകയും, അമ്മയുടെ കയ്യില്‍ നിന്ന് നെയ്യ്‌ തോണ്ടി വച്ച സ്റ്റീല്‍ പോണിയും കൊണ്ട്‌ സ്വപനത്തില്‍ നിന്നും നേരെ തൊഴുത്തിലേക്ക്‌ പോവുകയും അവിടെ കുന്തുകാലിന്മേലിരുന്ന് നഷ്ടപ്പെട്ട ആ സ്വപനത്തെക്കുറിച്ചോറ്ത്ത് ശപിച്ച് കറന്നെടുക്കുകയും ചെയ്തിരുന്ന രണ്ടുദിവസത്തെ പാലിന്റെ കാശ്‌!

അഞ്ചുരുപയുടെ പച്ചക്കറി കഷണവും ഉണക്കമീനും വാങ്ങി ജീവിതം തള്ളിനീക്കിയിരുന്ന ഒരു പാവം കുടുംബനാഥന്റെ മകന്‌ അഞ്ചു ദിര്‍ഹം ടാക്സിക്ക്‌ കൊടുക്കാന്‍ മനസ്സനുവദിക്കുമായിരുന്നില്ല... അളിയന്‍ എപ്പോഴും നിര്‍ബന്ധിക്കറുണ്ടെങ്കിലും!

ഹവ്വെവര്‍, ഒന്നരമണിക്കൂര്‍ മുന്‍പേ, ഏഴരയടുത്ത്‌ ഞാന്‍ ഇന്റര്‍വ്യൂ വേദിക്കരുകിലെത്തി.

വളരെ നേരത്തേ എത്തിയതുകൊണ്ടോ എന്തോ ഓഫീസുകള്‍ അധികമൊന്നും തുറക്കാത്തതിനാല്‍ ആരെയും തന്നെ ഞാനവിടെ കണ്ടില്ല. വാച്ച്‌മേനെ പ്പോലും.

നെയിം ബോഡുകള്‍ നോക്കി പോകേണ്ട ഓഫീസ്‌ അഞ്ചാം നിലയിലാണെന്ന് ഉറപ്പുവരുത്തി. ഇനിയും സമയം കിടക്കുന്നു. എന്തുചെയ്യുമെന്നോര്‍ത്തപ്പോള്‍ വെറുതെ ഒന്ന് മുകളില്‍ പോയി ഓഫീസും സെറ്റപ്പും ഒന്ന് കണ്ടുകളയാമെന്ന് കരുതി മുകളിലേക്ക്‌ പോകാമെന്ന് തീരുമാനിച്ചു.

ലിഫ്റ്റിനടുത്തെത്തിയപ്പോള്‍ ഒരു പ്രശ്നം. എങ്ങിനെ അകത്ത്‌ കടക്കും? എങ്ങിനെ മുകളിലെത്തും? എങ്ങിനെ പുറത്ത്‌ കടക്കും? നോ ഐഡിയ അറ്റ്‌ ആള്‍! ചോദിക്കാന്‍ ആരെയും കാണാനുമില്ല.

വെറുതെ ഒരു ഭാഗ്യപരീക്ഷണത്തിന്‌ നില്‍ക്കണ്ട. കോഴിക്കാലാണെങ്കിലും സ്വാധീനമുള്ള രണ്ട്‌ കാലുണ്ടല്ലോ? കോണി കയറിപ്പോകാം.

ഒരു ഫ്ലോര്‍ കയറിയപ്പോഴേക്കും എന്റെ കാലിന്റെ കാഫ്‌ മസില്‍ ‍, ഉരുണ്ടുകയറ്റം തുടങ്ങി!

'ഹേ ബാച്ചിലറേ, വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ളതാണ്‌ ജീവിത വിജയം. ആരെയാണ്‌ നീ പേടിക്കുന്നത്‌? എടാ ഭീരു തിരിച്ചുപോകൂ' തലച്ചോറിലെ ചെകുത്താന്‍ പാതിയുടെ ആ വാക്കുകള്‍ കേട്ട്‌ ഞാന്‍ ഇടക്ക്‌ വച്ച്‌ കോണികയറ്റം മതിയാക്കി, വര്‍ദ്ധിതവീര്യത്തോടെ താഴേക്ക്‌ തിരിച്ചു പോന്നു.

അന്നേരം, ലിഫ്റ്റില്‍ ഒരു യാത്രക്കാരന്‍ താഴോട്ടിറങ്ങി വന്നതിന്നാല്‍, ഞാന്‍ ചെന്ന വശം ലിഫ്റ്റിന്റെ വാതിലുകള്‍ തുറന്നാണ്‌ കിടന്നത്‌. സന്തോഷം. ആ തടസ്സം മാറിക്കിട്ടി. പക്ഷെ, ലിഫ്റ്റില്‍ കയറണോ വേണ്ടയോ, കയറണോ വേണ്ടയോ എന്ന ഡിലെമ തീര്‍ത്ത്‌ വന്നപ്പോഴേക്കും വാതിലുകള്‍ അടയാന്‍ തുടങ്ങിയിരുന്നു. അടഞ്ഞുകൊണ്ടിരിക്കെ അതില്‍ കയറാന്‍ നോക്കിയാല്‍ ഇനി അതിന്റെ എടേല്‌ പെട്ട്‌ ജാമായാലോ? തനിയെ വീണ്ടും തുറക്കുന്നതിനായി കാത്തിരുന്നു.

അഞ്ചുമിനിറ്റ്‌ കഴിഞ്ഞില്ല, വീണ്ടും തുറന്നു. അതില്‍ നിന്ന് ഒരു അറബി തലേക്കെട്ട്‌ ശരിയാക്കി ഇറങ്ങി വന്നു.

അറബിയോട് നമ്മളെന്നാ ചോദിക്കാന്‍!

പിന്നെ ഞാന്‍ അമാന്തിച്ചില്ല. അടയും മുന്‍പേ ചാടിയങ്ങ്‌ കയറി. ഞാന്‍ ആരെ എന്തിനെ പേടിക്കണം??

പക്ഷെ, അകത്ത്‌ കയറിയപ്പോള്‍ ഒരു വീണ്ടും കണ്‍ഫൂഷന്‍. ഇനി എവിടെ ഞെക്കും??

പാരമ്പര്യമായി കിട്ടിയ ബുദ്ധി ഉപയോഗിക്കാന്‍ തീരുമാനിച്ച്‌, വരണോടത്ത്‌ വച്ച്‌ കാണാം എന്ന പോളിസിയില്‍ പിടിമുറുക്കി ഞാന്‍ അഞ്ചില്‍ ഞെക്കി.

ഞെക്കിയതും വാതിലടഞ്ഞു. ഒരു മിനിറ്റ്‌ കഴിഞ്ഞില്ല.

ഡേങ്ങ്‌!! മെയിന്‍ ലൈറ്റുകള്‍ അണഞ്ഞു. ഫാന്‍ നിന്നു. പെട്ടെന്ന് തന്നെ ഒരു ഡിം ലൈറ്റ്‌ തെളിഞ്ഞു, എല്ലാ ബട്ടണുകളും മിന്നുന്നു!!

എന്റെ ദൈവമേ! എന്താ സംഭവിച്ചേന്ന് യാതൊരു രൂപവുമില്ല. ലിഫ്റ്റിനകത്ത്‌ കിടന്ന് ഞാന്‍ വട്ടം കറങ്ങി.

ഇങ്ങിനെയായിരിക്കുമോ ഇവിടത്തെ ലിഫ്റ്റിന്റെ സെറ്റപ്പ്‌? മുകളിലേക്ക്‌ പോകുമ്പോള്‍ ഇങ്ങിനെയായിരിക്കുമോ?

അതോ കരണ്ടുപോയോ?

ഇനിയിപ്പോ, പാമ്പുകടിക്കാനായിട്ട്‌ ഞാന്‍ ഞെക്കാന്‍ പാടില്ലാത്ത വല്ല ബട്ടണിലാണോ കര്‍ത്താവേ ഞെക്കിയേ? അതുകൊണ്ടാണോ ദൈവേ ഈ രോമം ലിഫ്റ്റ്‌ കേടായത്‌?

അങ്ങിനെയാണെങ്കില്‍, എന്നെക്കൊണ്ട്‌ അറബി പോലിസിന്‌ പണിയാകുമോ??

എന്റമ്മെ. ആലോചിച്ചിട്ട്‌ എനിക്കൊരു രൂപവുമില്ല. ഞാന്‍ അന്നുവരെ കേട്ടിട്ടുള്ള ദൈവങ്ങളെയെല്ലാം വിരലിലെണ്ണം പിടിച്ച്‌ വിളിച്ചു.

മര്യാദക്ക്‌ സ്റ്റെയര്‍ കേയ്സ്‌ കേറി പോയ ഞാനാ.. എന്തൊരു കഷ്ടമാണ്‌ എന്ന് നോക്കണേ! ആരെയാ പേടിക്കണേന്നോ? എന്തിനോ പേടിക്കണേന്നോ? എന്റെ മനസിനെ ഞാന്‍ നിര്‍ദ്ദാക്ഷിണ്യം അപ്പന്‌ വിളിച്ചു.

രണ്ടുമിനിറ്റ്‌ കഴിഞ്ഞപ്പോഴേക്കും ചടപടാ ശബ്ദങ്ങള്‍ കേള്‍ക്കുന്നു. അരോ പുറത്തുനിന്ന് ലിഫ്റ്റിന്റെ ഡോറില്‍ തട്ടി 'ഹലോ എനിബഡി ഇന്‍സൈഡ്‌' എന്ന് വിളിച്ച്‌ ചോദിച്ചു.

അത്‌ കേട്ട പാടെ ഞാന്‍ ഉറക്കെ മംഗ്ലീഷില്‍ പറഞ്ഞു..

'ഉണ്ടേ...ഒരാള്‌ അകത്തുണ്ട്‌ ചേട്ടാ... '

ദൈന്യത മനസിലാക്കിയ പോലെ പുറത്തുനിന്നാ വാച്ച്‌മേന്‍ പറഞ്ഞു.

ഡോണ്ട്‌ വറി. നിങ്ങള്‍ ഗ്രൌണ്ട്‌ ഫ്ലോറില്‍ തന്നെയുണ്ട്‌. പവര്‍ ഫെയിലിയറായതാണ്. അഞ്ചുമിനിറ്റില്‍ ശരിയാവും.

ആ ഡയലോഗില്‍ എന്റെ മനസ്സ്‌ കിളിര്‍ത്താശ്വാസം കൊണ്ടു. അപ്പോള്‍ 'നമ്മള്‍ ബട്ടണ്‍ ഞെക്കിയതിലുള്ള കുഴപ്പം അല്ല' ഈശോ മിശിഖായ്ക്ക്‌ സ്തുതി.

എന്റെ കളഞ്ഞുപോയ ആത്മധൈര്യം കുറേശ്ശേ എന്നില്‍ വന്നു നിറയുന്നതും ദേഹം ചൂടെടുത്ത്‌ വിയര്‍ക്കുന്നതും ഞാനറിഞ്ഞു.

അരമണിക്കൂറോളം കഴിഞ്ഞ്‌ ഞാന്‍ പുറത്ത്‌ കടക്കുമ്പോള്‍, മണ്ണെണ്ണയില്‍ വീണ റേഷന്‍ കാര്‍ഡ്‌ പോലെ വിയര്‍ത്ത്‌ കുതിര്‍ന്നിട്ടും ടൈ അഴിക്കാതെ നിന്ന എന്നെ കാണാന്‍ പത്തില്‍ കുടുതല്‍ പേരുണ്ടായിരുന്നു. ഇന്റര്‍വ്യൂ വിന്‌ പോയ കമ്പനിയിലെ മാനേജരുള്‍പ്പെടെ.

യു ആര്‍ ഓക്കെ, നോ? എന്ന ചോദ്യങ്ങള്‍ക്ക്‌ കാര്‍ബണ്‍ ഡയോക്സൈഡ് കുറഞ്ഞ ശ്വാസം നന്നായി വലിച്ചുകൊണ്ട് 'പെര്‍ഫെക്റ്റ്‌ലീ ഓള്‍റൈറ്റ്‌' എന്ന് മറുപടി കൊടുക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞിരുന്നു.

'ജന്മം ഉണ്ടെങ്കില്‍ ഇനി ഞാന്‍ ഈ കുന്ത്രാണ്ടത്തില്‍ കേറില്ല'