പതിനാല് കൊല്ലത്തോളം എന്റെ ജീവിതത്തെ ജെബൽ അലിയിലെ ഒരു കുറ്റിയിൽ കെട്ടിയിട്ടതിന്റെ കാരണങ്ങളിൽ അവിടത്തെ സിയാൽക്കോട്ടുകാരൻ ഫാറൂഖ് ഉണ്ടാക്കിത്തരുന്ന ചായകളും കൂടെയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഫുജൈറയിലെ ഓഫീസിൽ വച്ച് ചായക്ക് ടൈമായപ്പോഴാണ്!
കള്ളുകമ്പനിയായോണ്ട് ചായയേം കാപ്പിയേയും വല്ലാതെ പ്രമോട്ട് ചെയ്യേണ്ട എന്ന് കരുതിട്ടാണോ എന്തോ; ചായക്കൊരു മാഷ് എന്ന തസ്തിക ഇവിടെ ഇല്ല. അതായത് അവനവൻ ചായയടി സിസ്റ്റം. നമ്മളാണെങ്കിൽ ചായ ഉണ്ടാക്കിയാൽ പഴയ 3 റോസസിന്റെ പരസ്യം പോലെ; ആ ചായക്ക് മണമില്ല, മണമുണ്ടെങ്കിൽ സ്വാദില്ല, സ്വാദുണ്ടെങ്കിൽ കടുപ്പമില്ല എന്ന സെറ്റപ്പാണ്. എന്റെ കഷ്ടചായക്കാലം ആരംഭിച്ചുവെന്ന് എനിക്ക് മനസ്സിലായി.
ജീവിതത്തിൽ ഈ മൂന്നു ഗുണവുമുള്ള ചായകൾ പലകാലത്തും എനിക്ക് ഉണ്ടാക്കി തന്നിട്ടുണ്ട്, പലരും. അതിൽ ഒന്നാം പടിയിൽ നിൽക്കുന്നത് ആനന്ദപുരത്തെ അമ്മായിയാണ്. അമ്മായിയുടെ ചായ ഒരു ഇടിവെട്ട് ചായ തന്നെയായിരുന്നു!
ചോറും കലം പോലൊരു വല്യ കലത്തിലാണ് അമ്മായി ചായ വക്കുക. ചായ പാകമായാൽ വട്ടനെ പിടിച്ച് അടുക്കളത്തളത്തിൽ ഇറക്കി വച്ച് വല്യ കൈലുകൊണ്ടാണ് പകർത്തൽ. അമ്മാവൻ ആനന്ദപുരത്തെ നാട്ടാമ്മയായിരുന്നല്ലോ?! പിള്ളേരും വല്യോരും പണിക്കാരുമൊക്കെയായി ഡൈലി ഒരു പത്ത് പതിനഞ്ച് ആളോള് ഒരു നേരം ചായക്കുണ്ടാവും. തൊഴുത്ത് നിറച്ച് പശുവുള്ളതുകൊണ്ട്; നല്ലോണം പാലൊഴിച്ച്, പഞ്ചാരയിട്ട്, പാകത്തിന് കടുപ്പത്തിൽ അമ്മായി ഉണ്ടാക്കുന്ന കുറുകുറൂന്നിരിക്കണ ചായ കുടിച്ചാലും കുടിച്ചാലും മതിയാവില്ല. അതും ഇരുന്നാഴി കൊള്ളുന്ന കപ്പിലാണ് ഓരോരുത്തർക്കും. ഒഴിച്ച് കുടിക്കാൻ സ്റ്റീലിന്റെ ഗ്ലാസും.
രണ്ട് കഷണം പൂട്ടും അതിനൊത്ത കടലേം ഒരു ഇരുന്നാഴി കപ്പ് ചായയും കഴിക്കുമ്പോൾ, മുട്ടിപ്പലകയിങ്കൽ ആ ഇരുന്ന ഇരിപ്പിൽ നമ്മൾ ജീവിതവിജയം നേടിയെന്ന് വരെ തോന്നിപ്പോകും.
ചായോർമ്മയിൽ മുകാംബിക അന്തർജനത്തിന്റെ; അഥവാ മുണ്ടക്ക മുകാമിയുടെ - അതായത് എന്റെ അമ്മയുടെ ചായക്ക് എന്നും തണുപ്പാണ്. നാലുമണിക്ക് ഉസ്കൂൾ വിട്ട് വരുമ്പോൾ സ്റ്റീലിന്റെ കുഞ്ഞി കിണ്ണത്തിൽ ഉണക്കപൂട്ടിന് കമ്പനി കൊടുത്തിരിക്കുന്ന ആറിത്തണുത്ത സ്റ്റീൽ ഗ്ലാസിലെ പാടമൂടിയ പാൽചായ. കുടിച്ചാൽ മീശവരുന്ന ചായ. ഗ്ലാസ് നന്നായി പൊന്തിച്ച് പിടിച്ച് ചായ കുടിച്ചാൽ കൊമ്പൻ മീശവരെയുണ്ടാക്കാം. കുറച്ച് കഴിഞ്ഞ് കീഴ്ചുണ്ട് കൊണ്ട് കമ്മി മീശയെ കുടിക്കാനും പറ്റും!
വീട്ടിൽ അച്ഛന് ചായ ഇഷ്ടമല്ലാത്തതുകൊണ്ട്, അമ്മയുടെ ചായ എന്നും ഒരു അഡ്ജസ്റ്റ്മെന്റ് ചായയായിരുന്നു. ഒന്നാമതായി എനിക്ക് എരുമപ്പാലുകൊണ്ടുണ്ടാക്കണ ചായയേ ഇഷ്ടമല്ല. പിന്നെ, ഫുൾ പാലിൽ തന്നെ ഉണ്ടാക്കുകയാണെങ്കിലും രസംണ്ട്. ഇത് കടകളിൽ കൊടുത്ത് ബാക്കി വന്നതിൽ പകുതി വെള്ളം ഒഴിച്ച് 'വെട്ടിയാൽ മുറിയാത്ത' പാലും വച്ചുള്ള അറേഞ്ച്മെന്റ്സായിരുന്നതുകൊണ്ട് ഒരു ഗുമ്മില്ലാത്ത വെള്ളച്ചുവയുള്ള ചായയായിരുന്നു.
പിന്നെ, എരുമയുടെ കറ നിൽക്കുന്നത് വരയേ അതുമുള്ളൂ, അതുകഴിഞ്ഞാൽ അടുത്ത ഡെലിവറി വരെ കുടിച്ചാൽ ആന്ത്രം വരെ കയ്ക്കുന്ന കട്ടനാണ് - എന്ന ഓർമ്മയിൽ ഒന്നും പറയാതെ കിട്ടിയത് അവലോസിലും പൂട്ടിലും ഒഴിച്ച് കൊഴച്ചടിച്ചിരുന്നു.
വിക്ടോറിയൻ കാലഘട്ടത്തിൽ മധുരിമയിലെ ചായമാഷ് കൊടും ഭീകരനായിരുന്നു. ചെങ്കല്ല് കളറുള്ള കള്ളിഷർട്ടിന്റെ മുകളിലെ മൂന്ന് ബട്ടൻസ് തുറന്നിട്ട് കഴുത്തിലെ കൊന്തയും ബീഡിക്കറയുള്ള പല്ലുകളും കാണിച്ച് ചിരിച്ചുകൊണ്ട് "എന്തേരാ?" എന്നും ചോദിച്ച് ഞങ്ങളെ സ്വീകരിക്കുന്ന ദേവസ്യുട്ടേട്ടൻ. പതിനൊന്ന് മണിയാവുമ്പോൾ ഇന്റർവെല്ലിന് ഞങ്ങൾ സ്ഥിരമായി കൊടകര പള്ളിയിലെ സെമിത്തേരിക്ക് പിറകിൽ മൂത്രമൊഴിക്കാൻ പോയി തിരിച്ച് വരും വഴി ശരീരത്തില് ഫ്ലൂയിഡ് ബാലൻസിങ്ങിന് മധുരിമേന്ന് ഓരോ ചായ കുടിക്കും. മണവും സ്വാദും പെർഫെകറ്റിലി ബ്ലെണ്ട്ഡ് ആയ ചായ.
ദേവസ്യുട്ടേട്ടന്റെ ചായക്ക് കടുപ്പം ഒരു പണത്തൂക്കം കൂടുതലാണ്. അതുകൊണ്ട്, രണ്ട് മൂന്ന് കൊല്ലത്തോളം സ്ഥിരം കുടിയിൽ, ചായക്ക് പാലും പഞ്ചസാരയും ഇച്ചിരി കുറഞ്ഞാലും കടുപ്പം നല്ലപോലെ ഉണ്ടാകണം - അതാണ് ആണുങ്ങൾ കുടിക്കുന്ന ചായ എന്ന വിശ്വാസം വന്ന് ചേർന്നു.
അതിനിടക്ക് ബോംബെയിൽ നിന്ന് മടങ്ങി വന്ന ദാസേട്ടൻ വീട്ടിലെ ഒന്നരയുടെ മോട്ടോർ വിട്ട് പരസ്യമായി ഷഡി മാത്രമിട്ട് കുളിച്ച് വന്ന്, അവിടെ വച്ച് ഏതോ ഒരു ഹിന്ദിക്കാരൻ പഠിപ്പിച്ചതാണെന്നും പറഞ്ഞ് ഒരു ചായയുണ്ടാക്കി തന്നു. ചായകുടിച്ചവർ കുടിച്ചവർ തലയെടുത്ത് കുടഞ്ഞ്... തൊട്ടുനക്കാൻ ഇച്ചിരി അച്ചാറ് കിട്ടിയിരുന്നെങ്കിൽ എന്ന് പറഞ്ഞു. അത്രേം കടുപ്പം. അങ്ങിനെ കടുപ്പത്തിൽ മാത്രം യാതോരു കാര്യവുമില്ല എന്ന നഗ്നസത്യം തിരിച്ചറിഞ്ഞു.
കാലങ്ങൾ ചുമ്മാ കടന്ന് പോയി. കൊടകരക്കാരൻ ജെബൽ അലിക്കാരനായി.
ജെബൽ അലിയിലെ കമ്പനിയിൽ ജോയിൻ ചെയ്തപ്പോൾ മാറിയത് എന്റെ തലവിധി മാത്രമല്ല, ചായവിധിയും കൂടിയായിരുന്നു. അവിടെ അന്നെത്ത ഓഫീസ് അസിസ്റ്റന്റ് പാക്കിസ്ഥാനി; എന്റെ ദിൽ വാലേ ദുൽഹനിയ ലേ ജായേങ്കെ (നമ്മുടെ ഗഡി-അത്രേ ഉദ്ദേശിച്ചുള്ളൂ!) ഫാറൂഖ് മുഹമ്മദ് ഉണ്ടാക്കിയ ചായ കുടിച്ചപ്പോൾ ഇതുവരെ കുടിച്ചതൊന്നും ചായയേ അല്ലായിരുന്നു എന്ന സത്യം ഞാൻ ഞെട്ടലോടെ; പുളകത്തോടെ മനസ്സിലാക്കി.
ചായയുണ്ടാക്കുമ്പോൾ അതിൽ മൊഹബ്ബത്തും കൂടെ ഇടണം എന്ന് ഉസ്താദ് ഹോട്ടലിൽ തിലകൻ പറയുന്നതിന് മുൻപേ എനിക്ക് മനസ്സിലാക്കിത്തന്നവനാണ് ഫറൂഖ് ബായി.
അവിടെ, ഇറാനിൽ നിന്ന് കൊണ്ട് വന്ന ഒരു കുണ്ടൻ പാത്രത്തിലാണ് ചുള്ളൻ ചായ തിളപ്പിക്കുക. ഒരു പ്രത്യേക തരം സ്പെഷൽ വാൽ പാത്രമാണ്. സദ്യക്കൊക്കെ മോരു വിളമ്പുന്ന അലൂമിനീയത്തിന്റെ പാത്രമില്ലേ? ഗ്ലാസിലൊഴിക്കുമ്പോൾ.. വേപ്പില തടയുമ്പോൾ ശരിക്കും മോർ വീഴാതിരിക്കുന്ന..... അതിന്റെ ചെറു മോഡൽ.
അതിൽ ചായപ്പൊടിയും സാമഗ്രികളൊക്കെ ഇട്ട് ടിഷ്യൂ പേപ്പറുകൊണ്ട് വാലിന്റെ ഹോൾ അടച്ച് വച്ച് ഒരു അഞ്ച് മിനിറ്റ് വക്കും. ഹരിഹരന്റെ സിൽക്കി വോയ്സ് എന്നൊക്കെ പറയില്ലേ? അതേപോലെ ഒരു സിൽക്കി ചായ. ഒരിറക്ക് കുടിച്ചാൽ ബായ്ജാന് ഒരു ഉമ്മയങ്ങ് കൊടുത്താലോ എന്ന് പോലും ചിന്തിച്ച് പോകും. എട്ടുമണിക്കും പതിനൊന്ന് മണിക്കും നാലുമണിക്കും - വൗ!!
അതിനിടയിൽ പാലും വെള്ളത്തിൽ ഒരു കടുകുമണിയോളം ചായപ്പൊടിയിട്ട് ചായ കുടിക്കുന്ന ലൈറ്റ് ചായ കുടുംബത്തിൽ നിന്ന് വന്ന തങ്കം, പല പല ചായപ്പൊടികൾ വാങ്ങി, ഫാറൂഖ് ബായിയെ മലർത്തിയടിക്കും എന്നൊക്കെ പറഞ്ഞ് പല പല സെറ്റപ്പുകളിൽ ചായ വച്ചു. ഏലക്കായ പൊടിച്ചിട്ട്, ഗ്രാമ്പൂവിട്ട് , കുരുമുളക് പൊടിച്ചിട്ട്, ഇതുവരെ ആരും സഞ്ചരിക്കാത്ത ചായ വഴിയിലൂടെയൊക്കെ സഞ്ചരിച്ചു ചായ വച്ചു - എന്റെ വായ പൊള്ളിയത് മിച്ചം.
അവസാനം ഇറാൻ മാർക്കറ്റിൽ കുണ്ടൻ പാത്രം അൻവേഷിച്ച് കണ്ടുപിടിച്ച് ടിഷ്യൂ പേപ്പറൊക്കെ വച്ച് ഉണ്ടാക്കിയെങ്കിലും; "എന്നാ ഇനി പോയി കുളിക്കാത്ത ആ പട്ടാണിയുണ്ടാക്കുന്ന ചായ തന്നെ പോയി കുടി!' എന്നും പറഞ്ഞ് ചമ്മി തോല്വി സമ്മതിക്കുകയായിരുന്നു.
അങ്ങിനെ ഫുജൈറയിലെ എട്ടുമണിക്കും പതിനൊന്നിലും നാലുമണിക്കും നഷ്ടചായസ്വർഗ്ഗങ്ങളും പാടി നടന്നിരുന്ന എന്റെ ചായലോകത്തേക്ക് ഇടിമിന്നലുപോലെ ഒരാൾ കടന്നുവന്നു. ജെബൽ അലിയിലേക്ക് സ്റ്റോക്ക് കൊണ്ടുപോകാൻ ആഴ്ചയിൽ മൂന്ന് തവണ വച്ച് വരുന്ന ഞങ്ങളുടെ ഓഫീസിലെ എല്ലാവരുടേം കണ്ണിലുണ്ണിയും തങ്കക്കുടവുമായ രജനീ കാന്തിന്റെ ഛായയുള്ള തമിഴ്നാട്ടുകാരൻ ഡ്രൈവർ - ഭൂതലിങ്കം!
ഭൂതത്തിനെ ആർക്കും ഇഷ്ടമാവും. കാരണം, അത്രയും നല്ല പെരുമാറ്റമാണ്. ഭൂതം വന്നാൽ ആദ്യം ചെയ്യുന്നത് ഓഫീസ് സ്റ്റാഫിന് ചായയുണ്ടാക്കിക്കൊടുക്കലാണ്. ആരും ചോദിച്ചിട്ടൊന്നുമല്ല, ആൾക്കതൊരു ഹരമാണ്. ഒരു കൊല്ലത്തോളം ആളെന്നോട്
'ഒരു ചായ പോടട്ടേ??' എന്ന് റിക്വസ്റ്റ് ചെയ്യുമ്പോൾ ' നാളെയാവട്ടേ.... ' എന്നും പറഞ്ഞ് ആദർശധീരനും അഭിമാനിയുമായ ഞാൻ ഒഴിവാക്കും.
അങ്ങിനെയിരിക്കേ ഒരു ദിവസം; 'വിടില്ല ഞാൻ' എന്ന ലൈനിൽ ഭൂതത്തിന് എന്നെ ചായകുടിപ്പിക്കണമെന്ന് ഒരേ നിർബന്ധം. എന്നാപ്പിന്നെ, ഒന്ന് ട്രൈ ചെയ്തുകളയാമെന്ന് ഞാനും വച്ചു.
വെളുത്ത ഫോം കപ്പിൽ, ഫിഫ സ്റ്റേഡിയത്തിൽ കാണികളിരിക്കുന്ന പോലെ ചുറ്റും നിറയെ കുമിളകളുള്ള ചായ എന്റെ ഡെസ്കിൽ വച്ച്, ഭൂതം അഭിപ്രായത്തിന് കാതോർത്ത് വിനയാൻവിതനായി പുഷ്പാഞ്ചലിക്ക് കൊടുത്ത് പ്രസാദത്തിന് വെയ്റ്റ് ചെയ്യുന്ന ഭക്തനെ പോലെ നിന്നു.
പതുക്കെയൊന്ന് ഊതി ചായ ഒരു സിപ്പ് അടിച്ച ഞാൻ സർഗ്ഗത്തിലെ നെടുമുടി വേണുവായി മാറി. എണീറ്റ് ഭൂതത്തിന് ഒരു ഷേയ്ക്ക് ഹാന്റ് കൊടുത്തുകൊണ്ട്... അറിഞ്ഞില്ലാ... അറിഞ്ഞില്ലാ... എന്ന് പറഞ്ഞു പോയി. അത്രക്കും കിടിലം ചായ. എന്റെ ഹൃദയം ഒരു സമോവർ പോലെയായി അതിൽ നിന്ന് ഭൂതലിങ്കത്തിനോടുള്ള സ്നേഹം ശൂ.. ശൂ.. എന്നും പറഞ്ഞ് മുകളിലേക്ക് ചീറ്റി!
ആനന്ദപുരത്തെ അമ്മായിയും മധുരിമയിലെ ചായമാഷും ജെബൽ അലിയിലെ ഫറൂഖ് ഭായിയും ഭൂതത്തിന്റെ മുന്നിൽ വെറും ശിശുക്കൾ എന്നുവരെ എനിക്ക് തോന്നിപ്പോയി.
"ഇനി, നീങ്ക എപ്പ വന്താലും എനക്കൊരു ചായ പോട്ട് താൻ പോകണം. പുരിഞ്ചിതാ!" എന്ന് ഞാൻ തമിഴിൽ കാച്ചുന്ന കേട്ട് ഭൂതം കോരിത്തരിച്ചതായി ആളുടെ പുരികക്കൊടികളിൽ നിന്നും തുറിച്ചുവന്ന കണ്ണുകളിൽ നിന്നും ഞാൻ മനസ്സിലാക്കി.
ഭൂത ലിങ്കം എന്നെ ഓരോ ചായയിലും ഞെട്ടിച്ചുകൊണ്ടേയിരുന്നു. സംഗതി, ഇഷ്ടികമുറികൊണ്ട് ജ്യൂസടിച്ചപോലെയുള്ള നിറത്തിൽ അരഗ്ലാസേ കാണൂവെങ്കിലും കിറുകൃത്യം മധുരം - പാൽ - കടുപ്പം. മണത്തിന്റെ കാര്യം പിന്നെ പറയണ്ട, ഓരോ ചായക്കും ഓരോ മണമായിരുന്നു. പരിണയത്തിൽ മോഹിനി ചിലപ്പോൾ അർജ്ജുനനൻ, ചിലപ്പോൾ ഭീമൻ എന്ന് പറയുമ്പോലെ, ചില ദിവസങ്ങളിൽ ആപ്പിളിന്റെ മണവും ഫ്ലേവറുമായിരുന്നെങ്കിൽ ചിലപ്പോൾ നല്ല ഓറഞ്ച്. ചില സമയത്ത് ഓരോന്നാണ്. ഇടക്ക് സുപ്പാരിയുടെ മണം പോലും എനിക്ക് തോന്നിയിട്ടുണ്ട്!
എന്നെ അത്ഭുതപ്പെടുത്തിയതും അതുതന്നെയായിരുന്നു. ലിപ്റ്റൺ ടീബാഗും റെയിൻബോ മിൽക്കും പഞ്ചസാരയും ഇട്ട് ചായയുണ്ടാക്കുമ്പോൾ എങ്ങിനെയാണ് പലപല ഫ്ലേവറുകൾ വരുന്നത്? ചിലപ്പോൾ മൊഹബത്തായിരിക്കും! ഖോർഫക്കാനിൽ 35 തരം ചായയുണ്ടാക്കുന്ന ടീഷോപ്പുകാർക്ക് പോലും ഭൂതത്തിന്റെ അടുത്ത് മുട്ടാൻ പറ്റില്ല.
മാസങ്ങൾ കടന്നുപോയി. കഴിഞ്ഞ മാസം ഭൂതം ലീവിന് നാട്ടിൽ പോയിരിക്കുകയായിരുന്നു. ഒരു മാസത്തോളം ഭൂതചായക്കുടിക്കാതെ ചായാമ്പലുകളായി കാത്തിരിക്കുന്ന ഞങ്ങൾക്ക് വേണ്ടി വന്നപാടെ ചായയുണ്ടാക്കാൻ ഭൂതം പാൻട്രിയിൽ കയറി.
സ്റ്റേഷനറി റൂമിൽ നിൽക്കുമ്പോൾ, ഒരു ഊത്തിന്റെ ശബ്ദം കേട്ടാണ് ഞാൻ പതിവില്ലാതെ പാൻട്രീയിലേക്ക് നോക്കുന്നത്.
അവിടെ, ചായയുണ്ടാക്കലിന്റെ അവസാന ഘട്ടമാണ്. അതായത് ഭൂതം തികഞ്ഞ എകാഗ്രതയോടെ ചായ ആറ്റിക്കൊണ്ടിരിക്കുന്നു. ഞാനോർത്തു - എന്തൊരു ഡെഡിക്കേഷൻ, എന്തൊരു ആത്മാർത്ഥത!
അപ്പോഴാണ് അതിന്റെ കൂടെ ഇടക്ക് ഒരു പരിപാടി ചെയ്യുന്നത് കാണുന്നത്. അതായത് ഒരു ഗ്ലാസിൽ നിന്ന് മറ്റേ ഗ്ലാസിലേക്ക് ആറ്റിയൊഴിക്കുമ്പോൾ പതവരാൻ വേണ്ടി സിമ്പിളായി ലാസ്റ്റ് സ്റ്റെപ്പായി, നമ്മുടെ കണ്ണിലൊക്കെ കരട് പോയാൽ അമ്മമാർ ഊതണ ഊത്ത് പോലെ ഓരോ ഊത്ത് ഊതും. ദാറ്റ്സ് ആൾ!
എനിക്കെല്ലാം ക്ലിയറായി.
ഭൂതലിങ്കം രാവിലെ ആപ്പിൾ കഴിക്കുന്ന ദിവസം - അപ്പിൾ ഫ്ലേവർ ചായ. ഓറഞ്ച് കഴിച്ചാൽ ഓറഞ്ച് ചായ. ഇങ്ങേർ എനിക്ക് ഒരിക്കൽ നിജാം പാക്ക് തന്നിരുന്നു. അതും ചവച്ചുകൊണ്ട് വന്ന ദിവസമായിരിക്കണം സുപ്പാരിയുടെ ടേയ്സ്റ്റ് വന്നത്. എന്റെ ഹ്യദയമൊരു സമോവറായി മാറി, വീണ്ടും!!
അതിന് ശേഷം ഭൂതലിങ്കം വരുന്നുണ്ടെന്ന് കേൾക്കുമ്പോഴേക്കും വേഗം പോയി എല്ലാവരും ചായയുണ്ടാക്കി ടേബിളിൽ വക്കുകയും, "ചായ പോടട്ടേ " എന്ന ചോദ്യത്തിന് മറുപടിയായി "പോടിയിടത്തോളം മത്യായിരോ..." എന്ന് മനസ്സിലും "വേണ്ട, ഇപ്പ കഴിച്ചേയുള്ളൂ... താങ്ക്യൂ "എന്ന് പുറമേക്കും പറഞ്ഞ് പോരുന്നു.
എന്നാലും ആ ഫ്ലേവറുകളെക്കുറിച്ചോർക്കുമ്പോൾ... ഓ.. വല്ലാത്ത ഒരു കുളിരാ...
* * * *
പിൻകുറിപ്പ്:
അമ്മാവന്മാരും അമ്മായിമാരും വെല്യമ്മമാരും അമ്മയുമൊക്കെയായി വലിയ ഒരു കൂട്ടമുണ്ടായിരുന്നതിൽ ആനന്ദപുരത്തെ അമ്മായി ഒഴിച്ച് ആ ടീമിലുള്ള ബാക്കിയെല്ലാവരും പോയി. കഴിഞ്ഞ തവണ ആനന്ദപുരത്തെ അമ്മായിയെ കാണാൻ പോയപ്പോൾ, പെട്ടെന്ന് ചായയെക്കുറിച്ചോർക്കുകയും അതൊന്ന് ഉണ്ടാക്കിത്തരുവാൻ പറയുകയും ചെയ്തു.
അതേ ചായ, അതേ മണം, അതേ കടുപ്പം - ചായയുണ്ടാക്കാൻ എന്റെ ആനന്ദപുരത്തെ അമ്മായിയെ കഴിഞ്ഞേ ഭൂമിയിൽ ആരുമുള്ളൂ!