ഓര്‍മ്മവച്ച കാലം മുതലേ ശ്രീഗുരുവായൂരപ്പന്‍ എന്റെ കാണപ്പെട്ട ദൈവവും ലോക്കല്‍ ഗാഡിയനുമാണ്.
കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെ കൂടെ മിക്കവാറും എല്ലാ മലയാളമാസവും ഒന്നാം തിയതി ഞാനും ചേട്ടനും കുളിച്ച് കുട്ടപ്പന്മാരായി ഗുരുവായൂര്‍ പോകും. ചേട്ടന്‍ സര്‍വ്വസ്വതന്ത്രനായി നടക്കുമ്പോള്‍ എനിക്ക് അച്ഛനെ പിടിച്ചേ നടക്കാന്‍ പാടൂ. അതിന് വേണ്ടി അച്ഛനെനിക്ക് ചൂണ്ടാണിവിരല്‍ നീട്ടി പിടിക്കും. ആരെയും പിടിക്കാതെ കുറച്ച് കംഫര്‍ട്ടബിളായി നടക്കാനെനിക്ക് ആഗ്രഹമൊക്കെയുണ്ടായിരുന്നു. പക്ഷെ, കൂട്ടം തെറ്റി വല്ലവരും പിടിച്ച് കൊണ്ടുപോയി കണ്ണും കുത്തിപ്പൊട്ടിച്ച് തമിഴ്നാട്ടിലേക്ക് എക്സ്പോര്‍ട്ട് ചെയ്യുമെന്നും അവിടെ ധര്‍മ്മത്തിനിരുത്തുമെന്നൊക്കെയല്ലേ അമ്മ പറഞ്ഞ് പേടിപ്പിച്ചിരുന്നത്. അതുകൊണ്ട്, കംഫര്‍ട്ടബിലിറ്റി ഒരു പൊടി കുറഞ്ഞാലും വേണ്ടില്ല ധര്‍മ്മത്തിനിരിപ്പ് പറ്റില്ല എന്ന് കരുതി വിരലില്‍ വിടാതെ പിടിക്കും.
അക്കാലത്ത് പ്രാര്‍ത്ഥിക്കുമ്പോള്‍ ഗുരുവായുരപ്പനേയും ഉണ്ണിക്കണ്ണനേയും സെപ്പറേറ്റ് വിളിച്ച് പ്രാര്‍ത്ഥിക്കും. കാരണം, ലഡുവിന്റെ പോലെയുള്ള പലഹാരം കയ്യിലെടുത്ത്, തലയില്‍ മയില്പീലി കുത്തിവച്ച് മുട്ടുകുത്തിയിഴഞ്ഞുവരുന്ന പടത്തിലെ ഉണ്ണിക്കണ്ണന്‍, ഗുരുവായൂരപ്പന്റെ മോനാണെന്നാണ് ചേട്ടന്‍ പറഞ്ഞ് തന്നത്. ലോകത്തിലെ ഏറ്റവും എരുവുള്ള മുളക് കാപ്സിക്കമാണെന്നും അത് തിന്ന് ഒരിക്കല്‍ ഒരാനക്ക് മദം പൊട്ടി പാപ്പാനെ കുത്തിക്കൊന്നെന്നും പ്രധാനമന്ത്രിക്കും മറ്റും പോകാനുള്ള വാഹനമാണ് റോക്കറ്റ് എന്നുമൊക്കെ പരഞ്ഞ് പറ്റിച്ച കൂട്ടത്തിലെ മറ്റൊരു പറ്റിക്കല്‍.
സത്യാവസ്ഥയറിയാതെ, ഗുരുവായൂരപ്പന്റെ മോനാണ് കൃഷ്ണനെന്ന് ഒരു വലിയ കാലഘട്ടം ഞാന്‍ വിശ്വസിച്ച് പോന്നു. കാരണം, അച്ഛന് എന്നെ പൊക്കിയെടുത്ത് കാണിക്കുമ്പോള്‍ ശ്രീകോവിലിനകത്ത് ഞാന്‍ സ്പഷടമായി ഗുരുവായൂരപ്പനെ അന്നൊന്നും കാണാറില്ല. ചിലപ്പോള്‍ ഔസേപ്പുണ്യാളന്റെ കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ഉണ്ണീശോയെപ്പോലെ, ഗുരുവായൂരപ്പന്റെ കയ്യില്‍ പിടിച്ച് ശ്രീകൃഷ്ണന്‍ നില്‍ക്കുന്നുണ്ടാവും എന്ന് ഞാന്‍ ഊഹിച്ച് പോന്നു.
ഹവ്വെവര്‍, കാലം ഉരുണ്ട് പോയി. ഗുരുവായൂര്‍ പോക്ക് അച്ഛനൊറ്റക്കായി!
ഇതിനിടയിലെന്നോ, എനിക്ക് ജോലി കിട്ടിക്കാണുകയാണേല്‍ ഗുരുവായൂരമ്പലത്തില്‍ എന്നെക്കൊണ്ട് ശയനപദക്ഷിണം നടത്തിച്ചോളാം എന്നൊരു നേര്‍ച്ച അമ്മ നേര്‍ന്നിരുന്നെന്നും അത് ഓവര്‍ ഡ്യൂവായിട്ടുണ്ട് എന്നും ഞാനറിയുന്നത് ഒരു തവണ വെക്കേഷന് പോയപ്പോള്‍ ‘നാളെ ഞാന്‍ ഗുരുവായൂര്‍ക്കൊന്ന് പോയാലോ ’ എന്ന് ചോദിച്ചപ്പോള്‍ മാത്രമായിരുന്നു!
‘എന്ത്?? അയ്യോ.. നോ നോ... നാളെ വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച ശയനപ്രദക്ഷിണം പാടില്ല’ എന്നൊക്കെയുള്ള വികാരപ്രകടനങ്ങള്‍ നടത്തി പരമാവധി ഊരാന്‍ നോക്കിയെങ്കിലും, നേര്‍ച്ച നേര്‍ന്നിട്ട് ഫുള്‍ഫില്‍ ചെയ്യാതിരുന്ന ഒരാള്‍ കാറിടിച്ച് മരിച്ച വിവരവും ഗള്‍ഫില്‍ നിന്ന് വിസ ക്യാന്‍സലായി തിരിച്ചിറങ്ങിയ വിവരവും ഓര്‍മ്മിപ്പിച്ചപ്പോള്‍ ‘റിസ്ക് എടുക്കണ്ട’ എന്ന് കരുതി ഞാന്‍ തയ്യാറാവുകയായിരുന്നു.
അങ്ങിനെ പിറ്റേ ദിവസം വെളുപ്പിന് തന്നെ ഞാനും ജിനുവും കൂടി ഗുരുവായൂര്‍ക്ക് തെറിച്ചു.
വീട്ടീന്നൊന്നും കഴിക്കാതെ പുലര്‍ച്ചെ പോന്നതല്ലേ? അമ്പലത്തിന്റെ മുന്‍പിലുള്ള ഇന്ത്യന്‍ കോഫീ ഹൌസില്‍ കയറി ലൈറ്റായി ഒരു ചായയും മൂന്ന് ഇഡലിയും വീതം കഴിച്ച് ഒന്നുഷാറായതിന്‍ ശേഷം നേരെ പോയി ക്ഷേത്രക്കുളത്തില്‍ രണ്ട് മുങ്ങു മുങ്ങി കയറി. അഴിഞ്ഞുപോകാത്ത വിധം കടുംകെട്ടിട്ട് ഈറന്‍ ഭദ്രമായി ചുറ്റി കൈകൂപ്പി കിഴക്കേ ഗോപുരനടയില്‍ പോയി നിന്നു.
ഏസ് യൂഷ്വല്‍ വയറ് ഒന്ന് ടൈറ്റ് ചെയ്ത് ചെസ്റ്റും വിങ്ങ്സും പരമാവധി വികസിപ്പിക്കുകയും ചെയ്തു. ഒരുപാട് ആളുകള്‍ ചുറ്റിനുമില്ലേ...ആരെങ്കിലും നോക്കിയാലോ??
അധികം താമസിയാതെ, ചുറ്റമ്പലത്തിന്റെ ചുറ്റും വിരിച്ച കരിങ്കല്‍ പാളികളില്‍ അര്‍ദ്ധനഗ്നനായി കമിഴ്ന്ന് കിടന്ന് ആന്റി ക്ലോക്ക് വെയ്സില്‍ ഞാന്‍ ഉരുളലാരംഭിച്ചതായി പ്രഖ്യാപിച്ചു.
കവിശ്രേഷ്ടരായ മേല്പത്തൂരിന്റെയും പൂന്താനത്തിന്റെയും തുടങ്ങി പല പുലികളുടെയും, കോടാനുകോടി ഭക്തജനങ്ങളുടെയും കാലടി പതിഞ്ഞ കല്പാളികളില്‍ കിടന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു അനുഭൂതി എന്നില്‍ നിറഞ്ഞു. സര്‍വ്വം ഭക്തിമയം. ഭക്തി സാന്ദ്രം.
ഹവ്വെവര്‍, ആദ്യത്തെ പത്തു പതിനഞ്ച് ഉരുളല്‍ ഇപ്പറഞ്ഞ ഭക്തി മയവും സാന്ദ്രവുമൊക്കെയായിരുന്നു. പക്ഷെ, പിന്നെ പിന്നെ ഒരുകാര്യമെനിക്ക് മനസ്സിലായി.... കേസ് വിചാരിച്ചത്ര എളുപ്പമല്ല!
ഭക്തജനങ്ങളുടെ കാലടികളില്‍ പറ്റി വരുന്ന മണല്‍ തരികള്‍, കരിങ്കല്‍ പാളികളില്‍ അവലോസ് പൊടി വിതറിയ പോലെയാണ് കിടക്കുന്നത്. ഉരുളുമ്പോള്‍ അതെന്റെ ശരീരത്തില്‍കുത്തിക്കൊള്ളുമ്പോള്‍ യാതൊരു എയിമുമില്ല!
അങ്ങിനെ ഉരുണ്ടുരുണ്ട് ശാസ്താവിന്റെ പ്രതിഷ്ടയുടെ അടുത്തെത്തിയപ്പോഴേക്കും എന്റെ സ്റ്റാമിനയുടെ കത്തിക്കല്‍ ഏറെക്കുറെ കഴിഞ്ഞ് വള്ളി അയഞ്ഞ് പോയ കാസറ്റില്‍ നിന്നു വരുന്ന പാട്ടിന്റെ പോലെയൊരു താളത്തിലായി ഉരുളല്‍.
‘ദെവിടെ എത്തി?’ എന്ന് നോക്കാന്‍ തലയുയര്‍ത്തിയപ്പോള്‍ പെട്ടെന്ന് ഞാനൊന്ന് പകച്ചു. ഇതേതാ സ്ഥലം എന്നോര്‍ത്ത്. കാരണം ഒരു പിടിയും കിട്ടുന്നില്ല. യന്ത്ര ഊഞ്ഞാലില്‍ കയറിയ പോലെയൊരു പ്രതീതി! ഞാന്‍ ഗുരുവായൂരമ്പലം ചുറ്റുകയാണോ അതോ ഇനി അമ്പലം എന്നെ ചുറ്റുകയാണോ എന്നുവരെ തോന്നിപ്പോയി.
‘ഉരുണ്ടോ..ഉരുണ്ടോ.. കാല്‍ ദൂരം പോലുമായില്ല’ എന്ന ജിനുവിന്റെ ശവത്തില്‍ കുത്തിയുള്ള നിര്‍ദ്ദേശം കേട്ടപ്പോള്‍ ‘ഇത്രയും കാലം ഇവിടെ വന്നിട്ടും ഇത്രക്കും ചുറ്റളവ് ഈ അമ്പലത്തിനുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല’ എന്നൊരു ആത്മഗതം നടത്തി പ്രദക്ഷിണം പുനരാരംഭിച്ചു.
ഞാന്‍ മനസ്സില്‍ പറഞ്ഞു, ‘അമ്മക്ക് ഈ വക നേര്‍ച്ച നേരണ്ട വല്ല കാര്യമുണ്ടോ? വല്ല പഞ്ചസാരകൊണ്ടോ കദളിപ്പഴം കൊണ്ടോ തുലാഭാരം നേര്‍ന്നിരുന്നെങ്കില്‍ എത്ര സൌകര്യമായിരുന്നു. ത്ലാസില്‍ കയറിയിരിക്കുക. തൂക്കത്തിന് കാശുകൊടുക്കുക. പരിപാടി കഴിഞ്ഞു!’ എന്ത് പറയാന്‍.. നേര്‍ച്ച നേരുന്നവര്‍ക്ക് ഇതൊന്നുമറിയണ്ടല്ലോ!
അങ്ങിനെ വീണ്ടും ഒരു പത്തുപതിനഞ്ച് തവണ കൂടെ ഉരുണ്ടപ്പോള്‍ ഒരിക്കലും ഒരമ്പലത്തില്‍ വച്ച് തോന്നിക്കൂടാത്ത ഒരു ആഗ്രഹം എന്നില്‍ മൊട്ടിട്ടു.
കുട്ടിക്കാലത്ത് ഗുരുവായൂരിലേക്ക് പോകുമ്പോള്‍ ബസില്‍ വച്ച് ഇടക്കിടെ തോന്നാറുള്ള ആ പഴയ പുത്തൂരം ആഗ്രഹം! അടിച്ച് പൂക്കുറ്റിയായി ബസിലിരിക്കുമ്പോള്‍ കാക്കമുട്ട സേവ്യറേട്ടന് തൃശ്ശൂര്‍ റൌണ്ടില്‍ വച്ച് തോന്നിയ സെയിം ആഗ്രഹം!
‘ഒരു ചെറിയ വാള്‍ വക്കണം’
ഇനി ഒരു മറയല്‍ കൂടിയായാല്‍ എന്റെ മൊട്ട് പരുവത്തിലിരിക്കുന്ന ആഗ്രഹം പെട്ടെന്ന് തന്നെ പൂവായി വിടരും എന്ന് സൂചിപ്പിച്ചപ്പോള്‍ ജിനു പറഞ്ഞു.
‘എടാ നീ എന്തക്രമാ ഈ പറയണേ... ഗുരുവായൂരിന്റെ പുണ്യപരിപാവനമായ അങ്കണത്തില്‍ വാള് വക്കുകയോ? നിന്നോട് ഞാനപ്പഴേ പറഞ്ഞതല്ലേ... കാലത്തൊന്നും കഴിക്കേണ്ട എന്ന്! ഛര്‍ദ്ദിച്ച് ഈ സ്ഥലമെങ്ങാന്‍ അശുദ്ധമാക്കിയാല്‍ പിന്നെ ശാന്തിക്കാരന്‍ വന്ന് ശുദ്ധമാക്കലും മറ്റുമായി പണിയാവും. ചിലപ്പോള്‍ വലിയ പിഴയും അടപ്പിക്കും. ദേ അങ്ങിനെയെങ്ങാനും സംഭവിച്ചാല്‍ ഞാനെന്റെ പാട്ടിന് പോകും! ‘
മാനസ്സികമായും ശാരീരികമായും തളരുക എന്നൊക്കെ പറഞ്ഞാല്‍ അന്നാണത് ഞാന്‍ ശരിക്കുമറിഞ്ഞത്. ‘പോടാ തെണ്ടീ.... നീ എപ്പോ പറഞ്ഞു കാലത്തൊന്നും കഴിക്കണ്ടാന്ന്! ദുഷ്ടാ!!‘ എന്ന് ഒരു നോട്ടത്തിലൂടെയെങ്കിലും ഒന്ന് പ്രതിഫലിക്കാന്‍ പോലും കഴിയാതെ, ചവറ് തീയിട്ടപ്പോള്‍ അടുത്ത് നിന്നിരുന്ന ചേമ്പിന്റെ അവസ്ഥയിലായ ഞാന്‍ കരിങ്കല്‍ പാളികളില്‍ തളര്‍ന്ന് കിടന്നു!
അങ്ങിനെ കിടക്കുമ്പോള്‍ ‘അയ്യാ...സ്വാമീ‘ എന്നൊരു കൂട്ടവിളികേട്ടാണ് ‘ദെന്താവിടെ ഒരു ബഹളം’ എന്നോര്‍ത്ത് ജിനുവിന്റെ കാലിന്റെ ഇടയിലൂടെ ഞാന്‍ നോക്കിയത്.
“ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!!“
‘എന്റെ ഗുരുവായൂരപ്പാ....!!!’ എന്ന് അപ്പോള്‍ ഞാന്‍ വിളിച്ച വിളിയുണ്ടല്ലോ അതൊരു 916 ടച്ച് വിളി തന്നെയായിരുന്നു.
സര്‍വ്വാംഗവും തളര്‍ന്നുപൊയ എന്റെ മനസ്സിലെ ഇന്‍ ബോക്സില്‍ അപ്പോള്‍ എവിടെ നിന്നോ ഒരു എസ്.എം.എസ് വന്നതായി എനിക്ക് തോന്നി. ഭക്ത്യാദരപൂര്‍വ്വം അത് തുറന്ന് നോക്കിയപ്പോള്‍, പണ്ട് മൃതസഞ്ചീവനി തേടി കടല്‍ ചാടാന്‍ സെല്‍ഫ് കോണ്‍ഫിഡന്‍സില്ലാതെ നിന്ന ഹനുമാനോട് ജാംബവാന്‍ പറഞ്ഞ അതേ സെന്റന്‍സ്.
’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’
ജാംബവാന്റെ പുഷിങ്ങില്‍ ഹനുമാന്‍ ചാര്‍ജ്ജായപോലെ ചാര്‍ജ്ജായ ഞാന്‍ ‘തോല്‍ക്കാനെനിക്ക് മനസ്സില്ല’ എന്ന് പറഞ്ഞ് ശ്രീ ഗുരുവായൂരപ്പനെ ഒന്നു കൂടെ പ്രാര്‍ത്ഥിച്ച് പിന്നെയൊരു പോക്കായിരുന്നു. തളരാതെ, ഇടക്കൊരിടത്തും ഹോള്‍ട്ട് എടുക്കാതെ, പഴയതും പുതിയതുമായ എന്റെ എല്ലാ വിശ്വാസപ്രമാണങ്ങളുടെയും മുകളിലൂടെ!
---------
ഒരു ഓഫ് റ്റോപ്പിക്ക്: ഇന്നേക്ക് 2 വയസ്സാകുന്നു കൊടകരപുരാണം ബ്ലോഗിന്. ഒരു അഞ്ചോ പത്തോ പുരാണം എഴുതണം എന്ന നിലക്ക് തുടങ്ങിയിട്ട്, ഇപ്പോള്‍ 66 എണ്ണത്തില്‍ കൊണ്ടെത്തിച്ച എന്റെ വായനക്കാരോട് നന്ദി പറയാന്‍ നിന്നാല്‍ ഞാന്‍ വശക്കേടായിപ്പോകും. എങ്കിലും, കൊടകരപുരാണത്തെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും അതിനിടവരുത്തിയ ദൈവത്തിനും ഒരുപാടൊരുപാട് നന്ദി.
*കുന്തിരിക്കം തീര്‍ന്നുപോയതിനാല്‍ ഇപ്പോഴത്തെ പോസ്റ്റുകള്‍ക്ക് പഴയ ഗുമ്മുണ്ടാകാന്‍ ഇടയില്ല എന്നും ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു!