കാലം എത്ര ഭസ്മമിട്ട് തേച്ചിട്ടും വെളുക്കാത്ത ദുഃഖക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങൾ എന്റെ ഹൃദയത്തിന്റെ സ്റ്റോർ റൂമിനകത്തുമുണ്ട്!
അതിലെ, തറദുഖവും ബോണ്ടദുഖവും വേറൊരു ദുഖവും ബാക് റ്റു ബാക്ക് ആയി എഴുതിയത് എന്റെ നാലായിരത്തി ചില്ലാനം ഫ്രൻസും പതിനാലായിരത്തിചില്ലാനം ഫോളോവേഴ്‌സും ഹൃദയവേദനയോടെ ഓർക്കുന്നുണ്ടാവുമല്ലോ? (ഒന്ന് പോയേരെ പേട്ടേ... ഇവിടെ നൂറുകൂട്ടം പ്രശ്നങ്ങളുടെ ഇടയിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുമ്പോൾ നിന്നെപ്പോലെയുള്ള എക്സ്പാറ്റ് തള്ളന്മാരുടെ സോഷ്യൽ മീഡിയ നോക്ലാഞ്ചിയ ഓർത്ത് വക്കലാണല്ലോ നമ്മുടെ പണി.... എന്ന് പറയരുത്.... പ്ളീസ്!)
ഹവ്വെവർ, ആ കാറ്റഗറിയിലെ മറ്റൊരു ദുഃഖമാണ് - പേര ദുഃഖം.
ഞാൻ മഠം സ്‌കൂളിൽ, ഡെൽഫിക്കും സിന്ധുവിനും കല്ലേറ്റുങ്കരയിൽ നിന്നും വന്നിരുന്ന പ്രീതിക്കുമൊപ്പം ആമോദത്തോടെ എൽസി ടീച്ചറുടെ ക്ലാസിൽ അഞ്ചില് പഠിക്കുന്ന കാലം.
വർഷാവർഷം ഷഫ്‌ളിംഗ് നടക്കുന്നതുകൊണ്ട് പുതിയ ക്ലാസിൽ ഫ്രൻസുകൾ സെറ്റായി വരുന്നതേ ഉണ്ടായിരുന്നുള്ളു.
കൊടകര പ്രൈമറി സ്‌കൂളിലെ എക്സ് മാഷും, ലോക്കൽ മാർക്കറ്റിൽ നിന്ന് നാളികേരം സോഴ്സ് ചെയത് കൊപ്രയാക്കി മാറ്റി ഇരിങ്ങാലക്കുടക്ക് എക്സ്സ്‌പോർട് ചെയ്തിരുന്ന ബിസിനസ്സ് മാഗ്നറ്റുമായിരുന്ന ഉണ്ണിമാഷിൻറേം, ബോയ്സിൽ കണക്ക് പഠിപ്പിച്ചിരുന്ന പാർവതി ടീച്ചറുടേം മകനും അന്നേ സുന്ദരനും സുമുഖനും സർവോപരി പഠിപ്പാളിയുമായിരുന്ന കൊപ്ര എന്ന് പോപുലർലി അറിയപ്പെടുന്ന കൃഷ്ണകുമാർ ആണ് അന്ന് ക്ലാസിലെ സ്റ്റാർകിഡ്.
സംഗതി ഉണ്ണിമാഷും എടത്താടൻ രാമേട്ടനും തമ്മിലൊരു ഫ്രൂട്ട്ഫുൾ ബിസിനെസ്സ് റിലേഷൻഷിപ് നിലനിന്നിരുന്നുവെങ്കിലും, അച്ഛൻ എന്റെ പ്രതീക്ഷക്കൊത്തും ഞാൻ അച്ഛന്റെ പ്രതീക്ഷക്കൊത്തും ഉയരാതിരുന്നതിനാൽ, 'അവന്റൊടെ ഉണ്ടെങ്കിൽ അവൻ തിന്നോട്ടെ... അവൻ പഠിച്ചാൽ അവന് കൊള്ളാം.. ഹൂ കെയേഴ്‌സ്...!!" എന്നും പറഞ്ഞ് സഹിക്കാൻ പറ്റാതെ ഞാൻ അവനെ ഇഗ്നോർ ചെയ്തു നടന്നു.
പക്ഷെ, എൽസി ടീച്ചർ, ക്ലാസിലെ എല്ലാവരുടേം വീട്ടിലെ മെമ്പേഴ്സിൻ്റെ പേരുകൾ ചോദിച്ച ആ ദിവസം ഞങ്ങളുടെ ഇടയിലെ ആ ടൈറ്റാനിക് മഞ്ഞുമലയുരുക്കി.
അക്കാലത്ത് രാമൻ എന്നത് ഏത് വാക്കിന്റെ ഒപ്പവും എളുപ്പം ചേർക്കാവുന്നതും, ശാപ്പാട്ടുരാമൻ, കല്യാണരാമൻ, കോത്താഴത്ത് രാമൻ, തുടങ്ങിയ പേരുകൾ ട്രെൻഡിങ് ആയിരുന്നതുകൊണ്ടും അച്ഛന് ആ പേരിട്ട എന്റെ ഗ്രാൻഡ് ഫാദർ മിസ്റ്റർ എടത്താടൻ അയ്യപ്പേട്ടനോട് പോലും എനിക്ക് പുച്ഛം ആയിരുന്നു.
അച്ഛന്റെ പേര്, 'രാമൻ' എന്ന് പതിയെപ്പറഞ്ഞപ്പോൾ ടീച്ചർ,
സ്വന്തം ചെവി വളച്ചു മുന്നോട്ട് പിടിച്ച്, "ഒന്ന് ഉറക്കെപറയൂ കുട്ടീ!!" എന്ന് പറഞ്ഞതും ഞാൻ ആകെ ചൂളിപ്പോപ്പോയി, മടിച്ചു മടിച്ചു ഉറക്കെ പറഞ്ഞേച്ച്, "ഈഹ്... എന്തൊരു വൃത്തികെട്ട പേര്!!" എന്ന് ആത്മഗതിച്ച് ആന്റിഫോറം കുടിച്ചിട്ട് ബോഡി മൊത്തത്തിൽ ഒന്ന് കുടയുന്നു പോലെ കാണിച്ച് ഇരുന്ന നേരത്ത് എന്റെ വലത് കയ്യിൽ ഒരു കൈ വന്ന് മുറുകെ പിടിച്ചു.
ആ കൈ തൊട്ടടുത്തിരുന്ന കൊപ്രയുടെ ആയിരുന്നു.
എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട്, അവൻ പറഞ്ഞു.
"അപ്പോൾ നീ എൻ്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിയേ??? ലോകത്ത് ഏതെങ്കിലും അച്ഛന്മാർക്ക് ഇടാൻ പറ്റിയ പേരാണോ ഈ ഉണ്ണി എന്ന്???"
വെട്ടിയാൽ ചോര വരാത്ത മുഖവുമായാണ് അവനത് പറഞ്ഞത്. ശരിയാണ്. കുട്ടികൾക്ക് ഇടാം. പക്ഷെ അച്ഛന്മാർക്ക് ആരെങ്കിലും ഉണ്ണി എന്ന പേരിടുമോ?? അത് കേട്ടപ്പോൾ എനിക്ക് ചെറിയ ഒരു ആശ്വാസം തോന്നി. ആ സമാധാനത്തിൽ ഞാൻ അവനേം എന്തോ പറഞ്ഞ് സമാധാനിപ്പിച്ചു.
അതൊരു ചരിത്ര നിമിഷമായിരുന്നു.
ആ നിമിഷത്തിൻ നിർവൃതിയിൽ ഞങ്ങൾ തമ്മിലുള്ള, കാലങ്ങൾ നീണ്ട ഒരു സൗഹൃദം ഉടലെടുക്കുകയായിരുന്നു!!! (അമേരിക്കയിൽ ഇരുന്ന് അവൻ ഇത് വായിച്ചിട്ട് അത് കടലെടുക്കാതിരുന്നാ മതിയായിരുന്നു!)
അന്നേരം, കൊടകര നിന്ന് തൃശൂർക്ക് ഓടിയിരുന്ന ഒരേയൊരു പ്രൈവറ്റ് ബസ്സായ 'സലീഷ് മോൻ' വെള്ളിക്കുളം സ്റ്റാൻഡിൽ പൊടിപറത്തി നിന്നു. അതോടിച്ചിരുന്ന XXXL ഷർട്ട് ഇടുന്ന മീശക്കൊമ്പൻ ചേട്ടൻ ചായ കുടിക്കാൻ ഡോർ തുറന്ന് ചാടി, "ആവൂ അമ്മേ..." എന്നും പറഞ്ഞു കവച്ചു നിന്നു!
അതുകണ്ട് തൊട്ടടുത്ത ബ്ളാക്ക് & വൈറ്റ് കളറടിച്ച സർവ്വേരിക്കല്ലിൽ നിന്നും പറന്നുയർന്ന ഒരു കാക്ക, താഴോട്ടു നോക്കി സെയിം കളർ കോമ്പിനേഷനിൽ താനിട്ട അപ്പിയെ നോക്കി, "വൗ.. എന്തൊരു മാച്ചിങ്!!" എന്ന് ആശ്ചര്യപ്പെട്ടു.
മഠത്തിന്റെ തൊട്ടപ്പുറത്തെ കോമ്പൗണ്ടിലായിരുന്നു അന്ന് കൃഷ്ണകുമാറിന്റെ തറവാട്.
ഇന്റർവെൽ സമയത് വീട്ടിൽ പോയി, പ്രൊ ബയോട്ടിക് ലിക്വിഡ് (സംഭാരം) ഒരു ഷോട്ട് എടുക്കുന്ന ഒരു പതിവുണ്ടായിരുന്നു അവനന്ന്. 'രാമനുണ്ണി' ദുഃഖം എന്ന കോമൺ ഫാക്ടറിൽ ഫ്രൻഷിപ്പ് സൈൻ ചെയ്തതിൻ്റെ പിറ്റേ ദിവസം ആ ഒരു കൺസിഡറേഷനിൽ അവൻ വീട്ടിലേക്ക് എന്നേം കൊണ്ടുപോയി, സംഭാരം തന്നു.
അതും ഒരു ചരിത്ര നിമിഷം ആയിരുന്നു!
സംഭാരം കുടി കഴിഞ്ഞ് ഞാൻ അവരുടെ പറമ്പിൽ മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു. കൂട്ടത്തിൽ, വീടിൻ്റെ പിറകിൽ നിന്നിരുന്ന പേരക്ക മരത്തിൽ, ജസ്റ്റ് ഒന്ന് ചാടിയാൽ കിട്ടാവുന്ന ഉയരത്തിൽ ഇലകൾക്കിടയിൽ ചെറിയ യെല്ലോയിഷ് ഓഫ് വൈറ്റ് കളറിൽ കിടന്നിരുന്ന പേരക്ക എൻ്റെ റഡാറിൽ പെടുകയും അവൻ സംഭാരം കുടിക്കുന്ന ആ ഫ്രാക്ഷൻ ഓഫ് സെക്കൻസിൽ അതവിടെ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു!
അവർക്കതൊക്കെ വേണ്ടാണ്ട് കിടക്കുന്ന ഐറ്റംസ് ആയിരുന്നതുകൊണ്ടും എനിക്കാണെ വല്ലവരുടേം സാധനങ്ങളോട് ഭയങ്കര അട്രാക്ഷൻ ആയതുകൊണ്ടും, പിന്നീട് യെല്ലോയാവാനും ഓഫ് വൈറ്റാവാനുമൊന്നും അതിലുണ്ടായ പല പേരക്കകൾക്കും ഭാഗ്യമുണ്ടായില്ല!
അങ്ങിനെ ഒരു ദിവസം, "എന്നും ഇങ്ങിനെ അടിച്ചുമാറ്റി നടന്നാൽ മതിയോ? നമ്മക്കുമാവേണ്ടേ പേരേശ്വരൻ?" എന്നൊരു തോട്ട് എന്റെ മാനദാരിൽ ഉടലെടുക്കുകയും തദ്വാരാ പേരക്കയുടെ കൂടെ അവിടെ നിന്നിരുന്ന ഒരു പേര തൈയും അപ്രത്യക്ഷമാവുകയും ഞങ്ങളുടെ പറമ്പിലെ ഏറ്റവും താഴത്തെ തട്ടിൽ, കുളത്തിന്റെ മുകളിൽ ലാൻഡ് ചെയ്യുകയും ചെയ്തു.
ഫുജൈറയിൽ നിന്ന് അജ്മാനിലേക്ക് ജോലി ട്രാൻസഫർ ആയ പോലെ കുറച്ചു ദിവസം പേരത്തൈക്ക് ഒരു തളർച്ച ഉണ്ടായിരുന്നുവെങ്കിലും എന്റെ ലവിങ് & കെയറിങ് കണ്ട്, എസ്പെഷ്യലി, കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുവരുമ്പോൾ ചാണകമിടാൻ വാൽ പൊക്കുന്ന സിൽക്കിനെ ഉന്തിയുന്തി പേരത്തൈയുടെ കടയിലേക്ക് എത്തിക്കുകയും ചാണകം ഡയറക്ട് ഡെലിവറി നടത്തിക്കുകയും ചെയ്യുന്ന ശുഷ്‌കാന്തിയൊക്കെ കണ്ട്, പേര ദീപം ചായ കുടിച്ച ആമയെപ്പോലെയായി!
ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി. ഓണപ്പരീക്ഷയും ക്രിസ്തുമസ് പരീക്ഷയും കൊല്ലപ്പരീക്ഷയും കഴിഞ്ഞു. കൊപ്രയുടെ വീട്ടിൽ നിന്ന് എന്റെ കൈ പിടിച്ച് എടത്താടന്മാരോടെക്ക് കയറി വന്ന, കഷ്ടി മുട്ടൊപ്പം ഉയരം ഉണ്ടായിരുന്ന ആ കുട്ടിപ്പേര, ഇപ്പോൾ കുട്ടിപ്പോളിന്റെ ഉയരമുള്ള ഒരു തരുണീമണിയായി മാറി.
താഴെ തട്ടിൽ വെള്ളം തിരിക്കുമ്പോൾ കാൽ കൊണ്ട് തേവി ഞാനെന്റെ കുട്ടിപ്പേരക്ക് വെള്ളം നനച്ചു. കുന്തി കണക്കിന് ചാണകം ഡയറക്ട് ഡെലിവറി അറേഞ്ച് ചെയ്തു.
അങ്ങിനെ ഒരു ദിവസം പേരദേവി പുഷ്പിണിയായി. ചറപറാ പൂക്കൾ. പാലത്തിൽ നിന്നും വീഴുന്ന വണ്ടിയുടെ പിറകിലെ ലൈറ്റ്, കെടലും ഓഫാവലും...കെടലും ഓഫാവലും...കെടലും ഓഫാവലും... എന്ന് പറയും പോലെ.. വിരിയലും കൊഴിയലുമായി എല്ലാ പൂവും പോയിത്തീരും എന്ന് കരുതിയിരിക്കുമ്പോൾ, കൂട്ടത്തിലെ ഒരേയൊരു പൂ മാത്രം, വേട്ടയ്ക്കൊരു മകൾ, കൊഴിയാതെ കായയായി മാറി.
ഞാൻ എല്ലാ ദിവസവും സ്‌കൂൾ വിട്ട് വന്നാൽ കന്നി പേരക്കയുടെ സ്റ്റാറ്റസ് എടുക്കും. കാപ്പിക്കുരുവിന്റെ വലിപ്പത്തിൽ ഉണ്ടായി വന്ന പേരക്ക ദിവസങ്ങൾക്കുള്ളിൽ ലൂബിക്കയുടേം അമ്പഴങ്ങയുടെമൊക്കെ വലിപ്പമായിക്കൊണ്ടിരുന്നു.
നടാടെ അവനവന്റെ പറമ്പിൽ ഉണ്ടായതിന്റെ ആ ഒരു എക്സൈറ്റ്മെന്റ് കൊണ്ടാണോ എന്നറിയില്ല, മൂത്തിട്ടില്ല എന്ന് ഉറപ്പായിരുന്നെങ്കിലും ഒരു ദിവസം ഞാൻ കരിം പച്ച പേരക്കയിൽ ഒന്ന് കടിക്കുകയും തലയിടുത്ത് കുടയുകയും ചെയ്തു.
കൃഷി എത്ര നഷ്ടമായാലും പലരും കൃഷിപ്പണി നിർത്താതിരിക്കുന്നത് അതുവഴി കിട്ടുന്ന പറഞ്ഞറിയിക്കാൻ പറ്റാത്ത ആ ഒരു നിർവൃതി കൊണ്ടാണെന്ന് എനിക്ക് പിൽക്കാലത്തു ബോധ്യപ്പെടാൻ ഇതൊക്കെ ഉപകരിച്ചിട്ടുണ്ട്.
ഹവ്വെവർ, ഒരാഴ്‌ച കഴിഞ്ഞ് ഒന്നും കൂടി മൂക്കുമ്പോൾ വീണ്ടും കടിക്കാം എന്ന് കരുതിയായിരുന്നു ഞാൻ തിരിച്ച് പോയത്. പക്ഷെ.....കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിച്ചാൽ... ജെയിംസേട്ടന്റെ ഗോൾഡൻ ബാറിനെന്ത് മൂല്യം എന്നല്ലേ....??
(നിയമപ്രകാരമുള്ള മുന്നറിയിപ്പ്. മാനസികമായി വീക്ക് ആയവർ, പ്രത്യേകിച്ച് സ്ത്രീകളും കുഞ്ഞുങ്ങളും ഇനിയങ്ങോട്ട് വായിക്കരുത്!)
ഒരാഴ്‌ച കഴിഞ്ഞ്..... പേരക്കയുടെ സ്റ്റാറ്റസ് എടുക്കാൻ..... സ്‌കൂൾ വിട്ട നേരത്തു ചെന്നപ്പോൾ.... തൊലി വളരുന്നോ... കുരു വളരുന്നോ.... എന്നും പറഞ്ഞ് ഞാൻ വളർത്തിക്കൊണ്ടു വന്ന എന്റെ വേട്ടയ്ക്കൊരു മകൾ... പേരക്ക അവിടെ ഇല്ലായിരുന്നു ഗയ്‌സ്!!!
പേരക്ക മാത്രമല്ല, എന്റെ ആ പേര തന്നെയും കടയോടെ അവിടെ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു! !!!!!
ഘടികാരങ്ങൾ നിലച്ച സമയം. എന്റെ ഹൃദയത്തിൽ ഒരു ഉരുൾ പൊട്ടലുണ്ടായി. സങ്കടം പുതിയ ചാൽ വെട്ടി ആർത്തിരമ്പി ഒഴുകി വന്നു. കണ്ണ് നിറഞ്ഞ് എനിക്കൊന്നും കാണാൻ പറ്റാതായി!
പേരയുടെ കട വെട്ടിയ ഭാഗത്തുമുതൽ ഇലകളും ചെറിയ കൊമ്പുകളും വീണുകിടക്കുന്ന വഴി നോക്കി പോയപ്പോൾ ഞാനാ മങ്ങിയ കാഴ്ച കണ്ടു.
അന്ന് ഞങ്ങളുടെ പറമ്പിന്റെ താഴെ മുണ്ടക്കൽ കുഞ്ഞികണ്ട വല്യച്ഛന്റെ വച്ച പാടമാണ്. അവിടെ പണിയാൻ ആൾടെ അനിയൻ മുണ്ടാപ്പന്റെ മക്കൾ വരാറുണ്ട്.
ഞാൻ നോക്കിയപ്പോൾ കാണുന്നത്, മുണ്ടാപ്പന്റെ മോൻ മുണ്ടക്ക മോഹനേട്ടൻ എന്റെ പേരയുടെ തടി കൊണ്ട് ആളുടെ ഒടിഞ്ഞ കൊളംകോരി (തൂമ്പ) ക്ക് പിടി വക്കുന്നതാണ്!
സംഗതി ആൾ നമ്മുടെ ചേട്ടനൊക്കെ ആണെങ്കിലും ആ നിമിഷത്തിൽ ആളെ ആ കൊളംകോരിക്ക് തലക്കടിച്ച് കൊല്ലാൻ തോന്നിപ്പോയി!!
"എന്റെ മോഹനേട്ടാ.... എന്നോടിത് വേണായിരുന്നോ?? ഞാൻ എത്ര നാളുകൊണ്ടു നോക്കി ഉണ്ടാക്കിയ പേരയാണ് എന്നറിയാമോ???"
ആളെന്നെ വലിയ കുറ്റബോധത്തിൽ നോക്കികൊണ്ട് പറഞ്ഞു.
"അയ്യോടാ.... ഞാൻ അത് വല്ല കാക്ക തൂറി മുളച്ച പേര ആവും എന്നാ കരുതിയത്. കൊളം കോരിയുടെ പിടി ഒടിഞ്ഞപ്പോൾ ഇന്ന് തന്നെ പണി തീർക്കേണ്ടതുകൊണ്ട്, കറക്ട് സൈസിൽ അത് കണ്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല!!"
ചങ്ക് പൊളിഞ്ഞ് നിന്ന എന്നെ സമാധാനിപ്പിച്ചും കൊണ്ട് ആൾ പറഞ്ഞു.
"സാരല്യ പോട്ടേ... അതിന് പരിഹാരമായി, ഞാൻ നിനക്കൊരു ബ്ളാങ്കറ്റ് അപ്രൂവൽ തരാം. ഞങ്ങളുടെ പടിഞാമ്പറത്ത് നിൽക്കുന്ന വല്യ പേരയിലെ എല്ലാ പേരക്കയും ഇന്നുമുതൽ നീ പൊട്ടിച്ചോ....!!"
ബ്രിടീഷുകാരോട് നെഗറ്റിയേഷന് പോയ ഇന്ത്യയിലെ ചില രാജാക്കന്മാരെപോലെ കിട്ടിയതും വാങ്ങി "ഫൈൻ താങ്ക് യു!!" എന്നും പറഞ്ഞ് ഞാനും തിരിച്ചുപോയി.
നല്ല കാഞ്ഞിരത്തിന്റെ കയ്പുള്ള പേരക്ക വരെ തിന്നുന്ന എട്ടുപത്തെണ്ണം ഉള്ള അവരുടെ വീട്ടിൽ പഴുത്തത് പോയിട്ട് മൂത്തത് പോലും ഒരെണ്ണം എനിക്ക് കിട്ടില്ലെന്ന് ഉറപ്പായിരുന്നിട്ടും, നെക്സ്റ്റ് ശനിയാഴ്ച ദിവസം രാവിലെ തന്നെ ഞാൻ അവരുടെ പേരയിൽ ഏന്തി വലിഞ്ഞ് കയറി, ചള്ളങ്കിൽ ചള്ള്... എന്നും വച്ച് രണ്ടു പോക്കറ്റ് നിറച്ചും പേരക്ക പൊട്ടിച്ച് വീട്ടിലേക്ക് പോകുമ്പോൾ, ഓരോ കടി കടിച്ച്, പേരക്ക വച്ച് കൊടകര തോട്ടിലെ നീർക്കോലിയെ എറിഞ്ഞും കൊക്കിനെ വീക്കിയും എന്റെ സങ്കടം തീർത്തു.
വെക്കേഷന് പോകുമ്പോൾ വഴിയിൽ വച്ച് പേരാന്തകൻ മോഹനേട്ടനെ കാണുമ്പോഴെല്ലാം ഇപ്പോഴും ഞാനാ ബ്ളാങ്കറ്റ് അപ്പ്രൂവലിനെ പറ്റി ഓർമ്മിപ്പിക്കാറുണ്ട്.
എന്തായാലും അടുത്ത പ്രാവശ്യം നാട്ടിൽ പോകുമ്പോൾ ആ പേര അവിടെ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കണം. അവിടുത്തെ പിള്ളേരൊക്കെ വലിയ വലിയ പ്രമുഖന്മാർ ആയിപോയതുകൊണ്ട് ഇപ്പോൾ പേരക്കയൊക്കെ മൂക്കുകയും പഴുക്കുകയും ചെയ്യുന്നുണ്ടായിരിക്കാം.