Monday, September 19, 2005

മൂന്നുപറ കണ്ടം

ഏകദേശം മുന്നൂറ്‌ പറക്ക്‌ നെല്‍ കൃഷിനിലമുള്ള കൊടകര പാടത്ത്‌, എന്റെ പിതാശ്രീ, ആള്‍ക്ക് സ്ത്രീധനമായിക്കിട്ടിയ മുന്നൂറ്റമ്പത്‌ രൂപകൊണ്ട്‌ ആരുടെ കയ്യീന്നാണാവോ ഒരു മൂന്നുപറ നിലം വാങ്ങി. പറയുമ്പോള്‍ ഒരു ‍ തോര്‍ത്തുമുണ്ടിന്റെ വലുപ്പേ നമ്മുടെ കണ്ടത്തിനുള്ളൂ...പക്ഷെ, സൈനൈഡ്‌ എന്തിനാ അഞ്ചു കിലോ?

ഈ നെല്ല് പണീന്ന് വച്ചാല്‍ കല്ല് പണിയാണ്‌ എന്നാണ് പറയുക. കൊടകരപ്പാടത്തിന്റെ തലക്കാംഭാഗത്ത്‌, മറ്റെല്ലാ കണ്ടങ്ങളെക്കാളും പൊടി ഉയര്‍ന്ന് കിടന്നിരുന്ന നമ്മുടെ ഈ കണ്ടത്തിലെ പണി ആക്ച്വലി, കല്ല് പണീയേക്കാളും കഷ്ടായിരുന്നു.

ഞാന്‍ പ്രീഡിഗ്രിയും കഴിഞ്ഞ്‌ പ്രീ അല്ലാത്ത ഡിഗ്രിക്ക്‌ പോകുന്ന കാലം.

ഈ മൂന്നുപറക്കണ്ടം ഉള്‍പെടെ പലതും എന്നെ ഏല്‍പ്പിച്ച്‌ എന്റെ തലയില്‍ കൈവച്ചനുഗ്രഹിച്ച്, ചേട്ടന്‍ ബോംബെക്ക്‌ ‌ ഓടി രക്ഷപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ആ ഭാരിച്ച മൂന്നുപറ ഉത്തരവാദിത്വം എന്നെ ചുറ്റിവരിഞ്ഞത്.

അമ്മയുടെ സ്ത്രീധനം മൂലം പീഡിപ്പിക്കപ്പെട്ട മകന്‍! സ്ത്രീധനം ഒരു വൃത്തികെട്ട ആചാരമാണെന്നും അതൊരു സാമൂഹ്യ വിപത്താണെന്നും അന്നേ എനിക്ക്‌ മനസ്സിലായി!

പത്ത്‌ പതിനഞ്ച്‌ കൊല്ലം മുന്‍പ്‌ വരെ കൊടകരപ്പാടത്ത്‌ മൂന്ന് പൂവ്‌ നെല്‍ കൃഷിയുണ്ടായിരുന്നു. ഓരോ തവണയും പൂട്ടാന്‍ പാടത്ത് ട്രാക്ടര്‍ ഇറങ്ങുമ്പോ‌ള്‍ സാധാരണഗതിയില്‍ എല്ലാവരുടേയും കണ്ടങ്ങള്‍ പൂട്ടി നിരത്തി, വണ്ടി കയറിപ്പോകാന്‍‍ തുടങ്ങുമ്പോഴേ ഇങ്ങനെയൊരു മൊതല്‌ പാടത്തിറങ്ങിയിട്ടുണ്ടെന്ന് തന്നെ നമ്മള്‍ അറിയാറ്‌.

ആരെങ്കിലും പറഞ്ഞ് ഇന്റിക്കേഷന്‍ കിട്ടിയാല്‍ പിന്നെ‍, മരമടി മത്സരത്തിന്‌ ആള്‍ക്കാള്‍ ഓടുന്നപോലെ പാടത്തൂടെ ഒരോട്ടമാണ്.

ഒരു കണക്കിന്‌ ചുറ്റിനുമുള്ള കണ്ടങ്ങളീന്നെല്ലാം ഞണ്ടുണ്ടാക്കുന്ന പോലത്തെ ആര്‍ട്ടിഫിഷ്യല്‍ തുളകള്‍ ആരും കാണാതെ ഉണ്ടാക്കി വെള്ളം ചോര്‍ത്തി കണ്ടം നിറച്ച് ആ പ്രശ്നം സോള്‍വ് ‌ ചെയ്ത്‌, പിന്നെ വിത്തിടലും വെള്ളം തുറന്ന് കളയലും വീണ്ടും വെള്ളം നിറക്കലും ഞാറ്‌ വലിക്കാര്‍ക്ക് കഞ്ഞികൊണ്ടുപോകലും നടലും ഒക്കെയായി ആ തവണ കൃഷിപ്പണിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാവുമ്പോഴേക്കും ഫെയര്‍‍ ഏന്റ്‌ ലൌലി തേച്ച്‌, വെയില്‌ കൊള്ളിപ്പിക്കാതെ കൊണ്ടുനടന്ന് വെളുപ്പിച്ച പ്രായപൂര്‍ത്തിയായ എന്റെ മുഖം വീണ്ടും ചാഴി കുത്തിയ വാഴമാങ്ങിന്റെ പോലെയാകും. നമ്മളിതെങ്ങിനെ സഹിക്കുമെന്നാ..?

നാ‍ല്‍പ്പത്തിരണ്ട് പറ നിലവും അതിനടുത്ത സെറ്റപ്പും ഉള്ള കൊച്ചുരാമേട്ടന്‍ കാലത്ത്‌ തുടങ്ങി വൈകീട്ട്‌ വരെ ചെളിയില്‍ കിടന്നുമറിയുന്നത്‌ കാട്ടിത്തന്നിട്ട്‌ ഞാന്‍ അതുപോലെയാകണമെന്നായിരുന്നു നമ്മുടെ വീട്ടുകാരുടെ മോഹം, ബെസ്റ്റ്!

നമ്മള്‍ നയം വ്യക്തമാക്കി., ദേ ആള്‍ കൃഷിപ്പണി പ്രൊഫെഷനാക്കിയ ആളും ഞാന്‍‍ അമേരിക്ക, കാനഡ, ജര്‍മ്മനി തുടങ്ങിയ സ്ഥലങ്ങള്‍ ഉന്നം വച്ച്‌ പഠിക്കുന്ന ആളുമാണ് എന്ന്.

പാത്താം ക്ലാസിലും പ്രീഡിഗ്രിക്കും ഞാന്‍‍ ഉന്നത വിജയങ്ങള്‍ നേടി എന്നും കുന്നും പാരലല്‍ കോളേജിലേക്കൊരു വാഗ്ദാ‍നമായിരുന്നതിനാലും, പഠിപ്പിനേക്കാന്‍ കൂടുതല്‍ സമയം അലമാരയുടെ കണ്ണാടിക്കുമുന്‍പില്‍ മേയ്ക്കപ്പിനായും പാരഗന്‍ ചെരുപ്പ്‌ വെളുപ്പിക്കുന്നതിനായും ചിലവഴിച്ചിരുന്നതിനാലും‍ 'ഓന്തോടിയാല്‍ എവിടെ വരെ ഓടും? ഏറിയാല്‍ ബോംബെ വരെ. നിന്നെ ഒരു വഴിക്കും വിടില്ലെടാ‘ എന്ന് പറഞ്ഞ്‌ എന്റെ ഓവര്‍സീസ് സ്വപ്നങ്ങളെ അവര്‍ നിര്‍ദാക്ഷിണ്യം തളര്‍ത്തി.

അക്കാലത്ത് വീട്ടില്‍ പണിക്ക്‌ വരുന്നവരുടെ കൂടെ അവരെപ്പോലെ നിന്ന് പണികള്‍‍ ചെയ്താല്‍ അവര്‍ക്ക് ‌ കൊടുക്കുന്ന കൂലിയുടെ ചെറിയ ഒരു ശതമാനം അച്ഛന്‍ എനിക്ക് സ്റ്റൈഫന്റായി തരാറുണ്ട്. അതാണ്‌ വീട്ടിലെ രീതി. സിനിമ, ഗാനമേള, ടൂര്‍ണമെന്റുകള്‍, പൂരം, അമ്പ്‌ പെരുന്നാള്‍, ചന്ദനക്കുടം തുടങ്ങിയ ജീവിതത്തിലെ പരമപ്രധാനമായ കാര്യങ്ങള്‍ക്ക് വേണ്ടി ഫണ്ട്‌ കണ്ടെത്തിയിരുന്നത്‌ ഇങ്ങിനെയായിരുന്നു.

എന്റെ ഒരു അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍, വാഴക്കുഴി കുത്തലും തെങ്ങിന്‌ തടമെടുക്കലും വെള്ളം തിരിയും നാളികേരം പെറുക്കലും പൊതിക്കലും വിറക് പോളിക്കലും കമ്പാരിറ്റീവ്‌ലി നെല്ല്‌ പണിയേക്കാളും എളുപ്പമാണ്‌. ഒന്നു രണ്ട് ദിവസം കൊണ്ട് പണ്ടാരം തീരുമല്ലോ!

ഒരു ദിവസം നമ്മുടേ ടി കണ്ടത്തില്‍ നിന്ന്‌ ബാക്കി വന്ന ഞാറ്റുമുടികള്‍ തലച്ചുമടായി മറ്റൊരു കണ്ടത്തിലേക്ക് ഷിഫ്റ്റ് ചെയ്യവേ‍ എതിരേ ദാണ്ടെ മിസ്സ്‌.കൊടകര ഷട്ടില്‍, പ്രീഡിഗ്രീക്കാരി സന്ധ്യാ മേനോന്‍ കുണുങ്ങി കുണുങ്ങി അന്നനടയും നടന്നു വരുന്നു.

അവളെ കണ്ടതും ഞാന്‍ മുഖം ഞാറ്റുമുടിയിലേക്ക് തിരിച്ച്, ആളെ മനസ്സിലാവാതിരിക്കാന്‍ വേച്ച് വേച്ച് നടന്നു.

പക്ഷെ, ഇതുവരെ മിണ്ടിത്തുടങ്ങിയില്ലെങ്കിലും എന്നും കാലത്ത്‌ എട്ടുമണിയുടെ കൊടകര ഷട്ടിലില്‍ വച്ച്‌ കാണുന്ന‌ ആ ലലനാമണിക്ക് എന്നെ പ്രധമദൃഷ്ട്യാ തന്നെ മനസ്സിലായി.

വരമ്പത്ത്‌ വച്ച് എനിക്ക്‌ സൈഡ്‌ തന്നപ്പോള്‍ ഒരു ചെറുപുഞ്ചിരിയുമായി, 'കുറച്ചുകൂടേ സ്പീഡില്‍ നടക്കൂ എന്നാലല്ലേ വേഗം പണികഴിയൂ' എന്നെന്നോട്‌ ‌പറഞ്ഞ ആ 5:30 പി.എം. ന്‌ ഒരിടി വെട്ടി ഞാന്‍ ചത്തെങ്കിലെന്ന്... അറ്റ്‌ലീസ്റ്റ് ഭൂമി രണ്ടായി പിളര്‍ന്ന് ഞാനും എന്റെ തലയുടെ മുകളിലുള്ള ഇരുപത്തിരണ്ട്‌ മുടി ഞാറും താഴേക്ക്‌ പോയെങ്കില്‍.. എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.



ചേട്ടനെപ്പോലെ, ഞാനും കേരളം വിടാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് ഈ മൂന്നുപറ നിലമാണ്‌.

മൂത്തവര്‍ വാക്കും മുതുനെല്ലിക്കയും മുന്‍പ്‌ കയ്ക്കും പിന്നെ ഒടുക്കത്തെ മധുരായിരിക്കും എന്നണല്ലോ. ഹരിതകേരളം പോലുള്ള ടി.വി. പ്രോഗ്രാമുകള്‍ ഇപ്പോൾ കാണുമ്പോള്‍ മറ്റൊരു കൊച്ചുരാമേട്ടനായി മാറാമായിരുന്നു എന്ന് ചിലപ്പോഴൊക്കെ തോന്നാറുമുണ്ട്!

20 comments:

  1. ഒരു തുണ്ടു കണ്ടം പോലുമില്ലെങ്കിലും ഹരിതകേരളം കാണുമ്പോൾ ചിലതൊക്കെ സ്വപ്നം കാണാൻ തോന്നാറുണ്ട്. മലർപ്പൊടി.....

    ReplyDelete
  2. വിശാലമനസ്കാ‌ാ‌ാ‌ാ,

    ഇതു പോരാട്രോ ഗഡീ,

    ഈ പുതീതൊക്കെ അഡിപൊള്യെന്ന്യാ. ന്നാലും പഴേ മരുന്നുങ്ക് ടി ത്‌രീശ്ശെ ങ്ക്‌ ട് പോരട്ടെ.

    കോടാലി, വാസുപുരം,മറ്റത്തൂർ മുതൽ ഇങ്ങ്ട് നെല്ലായ വരേം അങ്ങ്ട് ചാലക്കുടി, കൊരട്ടി വരേം പിന്നെ പടിഞ്ഞാട്ട് കോൾപ്പാടങ്ങൾ കാണ് ണത് വരേം, ള്ള സ്ഥലങ്ങളൊക്കെ തരിശിടാണ്ട് ബൂലോഗക്കൃഷി തൊടങ്ങ്ടോ മാഷേ...!

    പിന്നെ ആ കെണ്ട്‌ല് വീണ മണികണ്ടനേയും പിടിച്ചുകൊണ്ടു വന്നൂടേ? ഇപ്ലൂണ്ടാവോ ആ ആള്!
    ണ്ടെങ്ങ്യേ തന്നെ എവ്ട്യണാവോ?

    ReplyDelete
  3. അസ്സലായിട്ടുണ്ട്! :)
    ഇനിയും കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.
    മൂന്നാമിടം ഇപ്പോൾ “പ്രിന്റ്” ആയതുകൊണ്ട് നെറ്റിൽ ഇല്ല. മൂന്നാമിടത്തിന്റെ ഒരു ടീം മെംബറായ ശിവൻ ഇപ്പോൾ ചിന്ത.കോം ടീമിലുണ്ട് - ആർ.പീ.ശിവകുമാർ. പുള്ളിക്കാരൻ ഒമാൻ വിട്ട് ഇപ്പോൾ നാട്ടിൽ ഒരു സ്കൂൾ അദ്ധ്യാപകനായി ജോലി ചെയ്യുന്നു!

    ReplyDelete
  4. അനിലിനും സു: നും പുല്ലൂരാനും കലേഷിനും വിശ്വേട്ടനും നന്ദി.

    മണികണ്ഠനും (സങ്കുചിത മനസ്കൻ) വിനോദിനും (ഇടിവാൾ) വേണ്ടിയുള്ള തെരച്ചിൽ ഞാൻ ഊർജ്ജിതമാക്കിയിട്ടുണ്ട്‌. അതുപോലെ ആൽത്തറ ആസ്ഥാന കഥാകൃത്തായിരുന്ന മുരളി മേനോനെയും വിവരം അറിയിച്ചിട്ടുണ്ട്‌. പുല്ലൂരാൻ പറഞ്ഞ സച്ചിനും (മിന്നൽ) പഴയ ടീമംഗം തന്നെ.

    എഴുതാനും വായിക്കാനും പ്രോത്സാഹിക്കാനും ഇഷ്ടമുള്ള ഇവിടത്തെ പുതിയ ഗഡികളുടെ കൂടെ മുകളിൽ പറഞ്ഞവരും കൂടെയാവുമ്പോൾ വിശ്വേട്ടൻ പറഞ്ഞപോലെ, ഈ ബൂലോഗം തരിശായിക്കിടക്കണ പ്രശ്നല്ല്യ. എനിവേ, വരാൻ പോകുന്ന 'തകർക്കലുകൾ' വായിക്കാനുള്ള ത്രില്ലിൽ ഞാൻ അക്ഷമനായി കാത്തിരിക്കുന്നു.

    ReplyDelete
  5. എന്റമ്മോ, ചുള്ളമ്മാരൊക്കെക്കൂടി ഇവിടെ അടിച്ചുപൊളിക്കാമ്പൂവാല്ലേ, വേഗാവട്ടെ, ഒരു മഴക്കാറൊക്കെ കാണാണ്ടു്, പെയ്താ ഞാനൂണ്ടു് അടിച്ചുപൊളിക്കാനേ.........

    ReplyDelete
  6. വിശാലമനസ്കാ, ഇതു വായിച്ചു ഞൻ എന്റെ കുമ്പ കുലുക്കി കുറെ ചിരിച്ചു -- പ്രത്യെകിച്ചും സ്ത്രീധനം പുരുഷ്ന്മാർക്കു വിപത്തായതോർത്ത്.

    കൊടകരഗാഥകളുടെ അടുത്ത ഗഡുവിനായി അക്ഷമനായി കാത്തിരിക്കുന്നു.

    ReplyDelete
  7. ഇത്‌ കിടു മാഷെ.
    അവിടെ വന്നത്‌ കണ്ടു.
    ഇവിടെ ഇടക്കിടക്ക്‌ വരാം.

    ReplyDelete
  8. പാപ്പാൻ: ചിരിച്ചതറിഞ്ഞതിൽ സന്തോഷം, പക്ഷെ, എന്നെ പ്രോത്സാഹിപ്പിച്ചതിൽ കുറ്റബോധം തോന്നതരുത്‌ ട്ടാ..

    കിരൺ: നന്ദി കൂട്ടുകാരാ.

    തുളസി: കലാഭവൻ മണിയോട്‌ ചോദിച്ചാലറിയാം, മൂപ്പര്‌ ഇതൊക്കെ അന്വേഷിച്ചു നടപ്പാണ്‌.

    ReplyDelete
  9. വിശാലാ, നിങ്ങളുടെ പഴയ പോസ്റ്റുകള്‍ ഇന്നാണ്‌ വായിച്ചത്‌.
    ചിരിയല്ല, കരച്ചിലാണ്‌ വന്നത്‌. വിത്തുപാകി, വെള്ളം തേകി, ഓലപ്പടക്കം പൊട്ടിച്ചും ഉടുക്കു കൊട്ടി തോന്ന്യാസപ്പാട്ടുകള്‍ പാടിയും കിളിയാട്ടി, ഞാറു മുളപ്പിച്ച്‌, ചാണകവും ചാമ്പലും പച്ചിലയുമിട്ടു കണ്ടത്തില്‍ മരമടിച്ച്‌, ഞാറു നട്ട്‌, കളപറിച്ച്‌, കൊല്ലാ തിരിച്ച്‌ വെള്ളം കയറ്റി, വളമിട്ട്‌, കാര്‍ത്തികക്കു പന്തം കെട്ടി പുക കൊള്ളിച്ച്‌ ചാഴിയെ ആട്ടി, നിരന്നു നില്‍ക്കുന്ന കൊയ്ത്തുകാരോടൊത്ത്‌ അരിവാളുവീശി, അവരോടൊത്ത്‌ കഞ്ഞിയും പുഴുക്കും ചോറും കറിയും മത്സരിച്ച്‌ കഴിച്ച്‌, വൈകിട്ടു കൂലി വാങ്ങി കശുവണ്ടിയും പഴയ പത്രവും ആക്രിയും വിറ്റുണ്ടാക്കിയ സീക്രട്ട്‌ റിസര്‍വ്വും ചേര്‍ത്ത്‌ പുസ്തകങ്ങള്‍ വാങ്ങുകയും സിനിമ കാണുകയും ചെയ്തിരുന്ന കാലമോര്‍ത്താല്‍ എങ്ങനെ കരച്ചില്‍ വരാതിരിക്കും? അത്ര ആഹ്ലാദപ്രദമായ അനുഭവ സമ്പുഷ്ടമായ ജീവന്‍ തുളുമ്പുന്ന ഒരു കുട്ടിക്കാലവും കൌമാരവും ഇന്നാര്‍ക്കുമില്ല.. ഇവിടെയുമില്ല, നാട്ടിലുമില്ല..എന്റെ കുട്ടിക്കാലത്തെ കഥ പറയാമെന്നു പറഞ്ഞാല്‍ ഇന്നു വീട്ടിലുള്ള കുട്ടികല്‍ അനന്തിരവരും അടുത്ത തലമുറയുമെല്ലാം എക്സ്‌ ബോക്സും കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കും വലിച്ചെറിഞ്ഞ്‌ ഓടി വരും.. ആ പഴങ്കഥകള്‍ അവര്‍ക്ക്‌ ഹാരി പോട്ടര്‍ കഥകളെക്കാള്‍ ഇഷ്ടമാണ്‌..

    എന്റെ തലമുറ മുതിര്‍ന്നപ്പോള്‍ എഞ്ചിനീറുമാരും ഡോക്റ്റര്‍മാറും ഐ എ എസ്സുകാരും ഐ പീ എസ്സുകാരും ഗവര്‍മ്മന്റ്‌ ഉദ്യോഗസ്ഥരും ഗള്‍ഫുകാരും ബോംബേക്കാരും വീട്ടമ്മമാരും മദ്യ മുതലാളിമാരും ഫാക്റ്ററി ഉടമസ്ഥരുമൊക്കെയായി. കൃഷിക്കാരായില്ല.. വയലൊക്കെ നികത്തി വീടു കെട്ടി. വയല്‍ നികത്തലിനെതിരെ നിയമം വന്നപ്പോള്‍ ന്‍ ജെ സി ബി കൊണ്ട്‌ കുഴിയെടുത്ത്‌ കൊന്നത്തെങ്ങു നാട്ടി 25 വര്‍ഷം മുന്നെ നികത്തിയ വയലെന്ന് കള്ള രേഖയുണ്ടാക്കിയവരും ഉണ്ടെന്നു കേള്‍ക്കുന്നു. കൃഷിയില്ല, കൃഷിക്കാരനുമില്ല, കാളയും കാളക്കരനും റ്റ്രാക്റ്റര്‍ ഓടിക്കുന്നവനുമില്ല.. ചക്രം ചവിട്ടാനില്ലാതെ വന്ന ദുര്‍മേദസ്സകറ്റാന്‍ എതോ നാട്ടില്‍ ഞങ്ങളു ട്രെഡ്‌ മില്ലില്‍ ഓടുന്നു. കൂന്താലിയെടുത്ത്‌ വെട്ടാനൊരു തുണ്ട്‌ മണ്ണില്ലാതെ ഇന്നത്തെ യൌവനം റോയിംഗ്‌ മെഷീന്‍ വലിക്കുന്നു. മരമടി മത്സരരങ്ങള്‍ ഓണാഘോഷത്തിന്റെ ഭാഗമായി. കാര്‍ത്തികക്കു പുല്‍തൈലം മണക്കുന്ന "അരിയോരക്കമ്പില്‍" പന്തം കൊളുത്തി പറമ്പിലോടി കൊതുകിനെയും ചാഴിയെയും കൊല്ലാന്‍ കൂട്ടികള്‍ക്കെവിടെ സമയം? അവര്‍ ഹോം വര്‍ക്ക്‌ ചെയ്യുമ്പോള്‍ അമ്മമാര്‍ ഗൂഡ്‌ നൈറ്റ്‌ മാറ്റ്‌ കത്തിച്ചു വയ്ച്ചോളും..
    മണ്ണിന്റെ കഥാകാരാ, വിശാലാ, ഇങ്ങനെ ചിരിച്ചോണ്ടു കരയിക്കാതെ...

    ReplyDelete
  10. പ്രിയ ദേവരാഗം:

    താങ്കളുടെ കമന്റ്‌ വായിച്ചപ്പോൾ ഞാൻ വല്ലാതെ ഇമോഷണൽ ആയിപ്പോയി. പോയിന്റ്‌ ബൈ പോയിന്റായി ഓരോ കാര്യങ്ങൾ പറഞ്ഞപ്പോൾ അതൊക്കെ, 'ഒരുവട്ടം കൂടി' ഒന്നുകാണുവാൻ ഒന്ന്‌ ചെയ്യുവാൻ പറ്റാത്തതിൽ എനിക്കും സങ്കടമായല്ലോ മാഷേ.

    ReplyDelete
  11. Anonymous8/21/2006

    'പത്ത്‌ പതിനഞ്ച്‌ കൊല്ലം മുന്‍പ്‌ വരെ കൊടകരപ്പാടത്ത്‌ മൂന്ന് പൂവ്‌ നെല്‍ കൃഷിയുണ്ടായിരുന്നു.

    ഓരോ തവണയും പൂട്ടാന്‍ പാടത്ത് ട്രാക്ടര്‍ ഇറങ്ങുമ്പോ‌ള്‍ സാധാരണഗതിയില്‍ എല്ലാവരുടേയും കണ്ടങ്ങള്‍ പൂട്ടി നിരത്തി, വണ്ടി കയറിപ്പോകാന്‍‍ തുടങ്ങുമ്പോഴേ, ഇങ്ങനെയൊരു മൊതല്‌ പാടത്തിറങ്ങിയിട്ടുണ്ടെന്ന് തന്നെ നമ്മള്‍ അറിയാറ്‌'

    kollaam. ishatappettu.

    ReplyDelete
  12. നന്നായി..

    ReplyDelete
  13. "ഹരിതകേരളം പോലുള്ള ടി.വി. പ്രോഗ്രാമുകള്‍ കാണുമ്പോള്‍ മറ്റൊരു കൊച്ചുരാമേട്ടനായി മാറായിരുന്നു ചിലപ്പോഴൊക്കെ എനിക്ക് ഇപ്പോള്‍ തോന്നിത്തുടങ്ങിയിരിക്കുന്നു."
    അപ്പോ ഈ വിശാലേട്ടനിപ്പൊ കൊച്ചുരാമേട്ടാനായോ?

    കാര്യം നിസ്സാരം ബട്ട് അവതരണം ജഗപൊഹ...
    & എഴുത്ത്.....ഹൊ അതു ഞാമ്പറഞിട്ടു വേണം ആരെങ്കിലും അറിയാന്‍ ....

    എന്നാലും ആ പാടത്തിന്റെ പടോം കൂടി
    ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
    ഒരുമാത്ര വെറുതേ നിനച്ചു പോയി ...

    ReplyDelete
  14. This comment has been removed by a blog administrator.

    ReplyDelete
  15. നന്നായിട്ടുണ്ട് :)

    ReplyDelete
  16. Anonymous11/03/2008

    Great.... Officinte ullil ivide irikkumbol enikkum ippol sankadam thonnunnu..ente padavarambuksl kanan..athiloode nadakkan...
    thanks a lot....

    ReplyDelete
  17. ഇത് വെറും ചിരിപ്പോസ്റ്റുകളല്ല...മഹനീയമായ ചിന്തകള്‍ എന്ന് എന്റെ വിലയിരുത്തല്‍

    ReplyDelete
  18. njan ezhuth nirthuva chetta,ayudham vach keezhatangam...pls pls pls be a writer.u'l win nobel 4 comforting people if der was any...

    ReplyDelete
  19. ശ്രീകുമാര്‍2/03/2015

    മനസിനെ കുളിരണിയിക്കുന്ന കുഞ്ഞന്‍ ചിന്തകളുടെ കൂമ്പാരമാണ് നിങ്ങള്‍ ...വായിക്കുമ്പോള്‍ ബാല്യത്തിലേക്ക് പോയിപ്പോകും .........

    ReplyDelete