Wednesday, March 22, 2006

മുണ്ടാപ്പന്റെ കറാച്ചി

ശ്രീ. മുണ്ടന്‍ അവര്‍കള്‍; മൂന്നേക്കറോളം തെങ്ങും പറമ്പും പത്തുപറക്ക്‌ നിലവും ഒരു ഭാര്യയും മുട്ടനും കൊറ്റിയുമായി മൊത്തം ആറ്‌ മുട്ടന്' മക്കളും ദിവസവരുമാനത്തിനായി ഒരു കറവമാടുമുള്ള വളരെ ശാന്തമായി, മാന്യമായി ജീവിതം നയിക്കുന്ന പടിഞ്ഞാട്ടുമുറിയിലെ ഒരു പാപ്പനായിരുന്നു.

കറാച്ചി എന്നാല്‍ പാക്കിസ്ഥാനിലെ ഒരു വലിയ പട്ടണമാണെന്നും അവിടെയുള്ള ഭൂരിഭാഗം മനുഷ്യരും അലക്കും പല്ലുതേപ്പും കുളിയും തെളിയുമൊന്നുമില്ലെങ്കിലും അതിസുന്ദരന്മാരായ ഉദ്ദണ്ഠന്മാരാണെന്നും അവര്‍ അടുത്തുവരുമ്പോള്‍ ചാണകക്കുഴിയില്‍ കിടന്ന് പടക്കം പൊട്ടിയാലുണ്ടാകുന്ന സുഗന്ധമായിരിക്കുമെന്നും അവരോട്‌ ഉടക്കാന്‍ നിന്നാല്‍ 'വല്യ മോശം വരില്ല' എന്നതിനെക്കുറിച്ചൊന്നും യാതൊരു പിടിപാടുമില്ലാതെ കറാച്ചിയെന്നാല്‍ മുന്തിയ ഒരിനം എരുമയുടെ പേര്‍ മാത്രമാണെന്ന് തെറ്റിദ്ധരിച്ച്‌ ആ പേരിനെ ഞങ്ങള്‍ അത്യധികമായി സ്നേഹിച്ചും ബഹുമാനിച്ചും പോന്നു.

അറുപത്‌ പിന്നിട്ട മുണ്ടാപ്പന്‍ എരുമയെ തീറ്റിക്കഴിഞ്ഞ്‌, ഒരു കുട്ടിത്തോര്‍ത്ത്‌ ചുറ്റി തന്റെ പ്രഭവകേന്ദ്രം മാത്രം മറച്ചുകൊണ്ട്‌ തോട്ടിലറങ്ങി എരുമയെ ഫുള്‍ സര്‍വ്വീസ്‌ ചെയ്ത്‌ മൂവന്തിനേരത്ത്‌ തോട്ടുവരമ്പിലൂടെ പോകുന്നത്‌ കണ്ടാല്‍, കാലന്‍ വൈകുവോളം പോത്തിന്‍ പുറത്തിരുന്ന് മൂടുകഴച്ചിട്ട്‌ 'എന്നാല്‍ ഇനി കുറച്ച്‌ നേരം നടക്കാം' എന്ന് പറഞ്ഞ്‌ പോത്തിനു പിറകേ നടക്കുകയാണെന്നേ തോന്നു!

മുണ്ടാപ്പന്റെ എരുമ പരമസുന്ദരിയായിരുന്നു.

വിടര്‍ന്ന കണ്ണുകള്‍, വളഞ്ഞ അഴകാന കൊമ്പുകള്‍, സദാ വാണി വിശ്വനാഥിന്റെ ഭാവമുള്ള മുഖത്തിനഴക്‌ കൂട്ടാന്‍ തിരുനെറ്റില്‍ ചുട്ടി. വിരിഞ്ഞ അരക്കെട്ടിന്‌ താഴെ, കുക്കുമ്പര്‍ പോലെയുള്ള മുലകള്‍ സോള്‍ഡര്‍ ചെയ്ത്‌ പിടിപ്പിച്ചപോലെയുള്ള വിശാലമായ അകിട്‌. ക്ഷീരധാര, ഇളം കറവയില്‍ ഏഴു ലിറ്റര്‍ കാലത്തും മൂന്ന് ലിറ്റര്‍ ഉച്ചക്കും. മിസ്‌. എരുമഴകി. (35:65:35).

കരയില്‍, ഇരുമ്പമ്പുളി പോലത്തെ മുലകള്‍ ഞെക്കിപ്പിഴിഞ്ഞാല്‍ ദിവസം മൂന്ന് ലിറ്റര്‍ പാല്‌ തികയാത്ത നാടത്തി എരുമകള്‍ മാത്രമുണ്ടായിരുന്ന അക്കാലത്ത്‌ ഇവളെ, മുണ്ടാപ്പന്റെ എരുമയെ, മറ്റ്‌ എരുമകള്‍ മിസ്സ്‌ കേരള, മിസ്സ്‌ യൂണിവേഴ്സിനെക്കാണുമ്പോലെ 'ഓ, അവള്‍ടെ ഒരു പത്രാസ്‌' എന്ന ഭാവേനെ അസൂയയോടെ നോക്കി.

പക്ഷെ, എന്തുചെയ്യാം, മംഗളത്തിലേയും മനോരമയിലേയും നായികമാരെപ്പോലെ, സൌന്ദര്യം ഇവള്‍ക്കും ഒരു തീരാ...ശാപമായി മാറുകയായിരുന്നു.

ഊരുക്ക്‌ സുന്ദരിയെങ്കിലും മുണ്ടാപ്പന്റെ അരുമയെങ്കിലും ഈ എരുമയുടെ മോറല്‍ സൈഡ്‌ വളരെ വീക്കായിരുന്നു.

കൊടകരക്ക്‌ 3 കിലോമീറ്റര്‍ കിഴക്ക്‌, ആലത്തൂര്‍ എന്ന സ്ഥലത്തുള്ള ഒരുപാട്‌ മാടുകളും അത്യാവശ്യം മാടുകച്ചവടവുമുള്ളൊരു വീട്ടില്‍ നിന്നായിരുന്നു മുണ്ടാപ്പന്‍ ഈ എരുമയെ വാങ്ങിയത്‌. അവിടെയേതോ ഒരു പോത്തുമായി ചെറിയ അടുപ്പുമുണ്ടായിരുന്നു എന്നാരോ പറഞ്ഞ്‌ കേട്ടത്‌ ആരും കാര്യമാക്കിയില്ല.

പക്ഷെ, വീടും നാടും മാറിയാല്‍ പിന്നെ പഴയ ഇഷ്ടങ്ങളും അടുപ്പങ്ങളും ഓര്‍ത്തുവക്കാന്‍ പാടുണ്ടോ ഒരു മാടിന്‌?? ഇല്ല. മാടിനും മനുഷ്യനും.!

മുണ്ടാപ്പന്റെ എരുമ പലരാത്രിയിലും കയര്‍ പൊട്ടിച്ച്‌ ആലത്തൂര്‍ക്ക്‌ പോയി. ചിലപ്പോള്‍ പ്രേമപാരവശ്യത്താല്‍ പരാക്രമിയായി മുണ്ടാപ്പന്റെ വീടുമുതല്‍ ആലത്തൂര്‍ വരെയുള്ള വാഴയായ വാഴകളുടെ റീച്ചബിളായ ഇലകള്‍ തിന്നും കൂര്‍ക്ക, കൊള്ളി, പയര്‍ തുടങ്ങിയവ ചവിട്ടിക്കൂട്ടിയും അപഥ സഞ്ചാരം നടത്തി.

അങ്ങിനെയെന്തായി. ആപരിസരത്ത്‌ ഏതെങ്കിലും പറമ്പില്‍ ഏതെങ്കിലും കൃഷി നശിപ്പിക്കപ്പെട്ടാല്‍, 'ചത്തത്‌ ബിന്‍ലാദനാണെങ്കില്‍ കൊന്നത്‌ ബുഷന്നെ' എന്ന് കണക്കേ വിശ്വസിച്ച്‌ മുണ്ടാപ്പന്റെ കറാച്ചി എരുമയെ നാട്ടുകാരെല്ലാം കുറ്റപ്പെടുത്തി.

ആയിടക്ക് ഒരു ദിവസം, ആനന്ദപുരം തറക്കല്‍ ഭരണി കഴിഞ്ഞ്‌ ബൈപ്പാസ്‌ വഴി പുലര്‍ച്ചെ കൊടകരയിലേക്ക്‌ കൊണ്ടുവന്ന ഒരു ആന പാപ്പാനുമായി ഒന്നും രണ്ടും പറഞ്ഞ്‌ തെറ്റി, ചൂടായി, ആലത്തൂര്‍ പാടത്തേക്ക്‌ ഇറങ്ങുകയും ഇരുട്ടില്‍ ഒന്നുരണ്ടുമണിക്കൂറുകളോളം നേരം അബ്സ്കോണ്ടിങ്ങാവുകയും ചെയ്തു.

ആന സ്കൂട്ടായി നേരെ പോയി നിന്നത്‌ സ്ഥലത്തെ പേരുകേട്ട ചട്ട സേവ്യര്‍ ചേട്ടന്റെ വീട്ടുപറമ്പിലാണ്.

പുലര്‍ച്ചെ താഴെപ്പറമ്പില്‍ അനക്കം കേട്ടുണര്‍ന്ന സേവ്യര്‍ ചേട്ടന്‍ ഇതും മുണ്ടാപ്പന്റെ എരുമ എന്ന മുന്‍ധാരണയുടെ പുറത്ത്‌,

'എടീ സിസില്യേ... നീയാ പോത്തങ്കോലിങ്ങെടുത്തേ....' ഇന്നാ പിശാശ് പിടിച്ച എരുമേനെ ഞാന്‍ കൊല്ലും എന്ന് പറഞ്ഞ്‌ കൊള്ളികുത്തിയ വാരത്തിന്റെ ഓരം പിടിച്ച്‌ ഓടി ച്ചെന്നു.

ഇരുട്ടായതുകൊണ്ടാണോ എന്തോ സേവ്യറേട്ടന്‍ വാഴയുടെ മറവില്‍ നിന്ന ആനയെ അടുത്തെത്തും വരെ കണ്ടില്ല. പാവം.

വാഴകള്‍ ചവിട്ടിമെതിച്ച എരുമയോടുള്ള പകയാല്‍ കോപാക്രാന്തനായ സേവ്യറേട്ടന്‍ എരുമയെത്തേടുമ്പോള്‍ പെട്ടെന്നാണ്‌ മഹാമേരു പേലെ നാല്‌ കൈപ്പാങ്ങകലം നില്‍ക്കുന്ന ആനയെക്കണ്ടത്.

എരുമയെ പ്രതീക്ഷിച്ചിടത്ത് ആനയെക്കണ്ട ഉടനെത്തന്നെ, അതിന്റെ ആ ഒരു സന്തോഷത്തില്‍‍ മതിമറന്ന്, സേവ്യര്‍ ചേട്ടന്‍ പരമാവധി ശക്തിയെടുത്ത് മൂന്ന് റൌണ്ട്‌ അകറി. ശബ്ദം പുറത്ത് വന്നില്ലെങ്കിലും...!

പാപ്പാന്മാരുടെ കൂടെ നിന്ന് പൂരപ്പറമ്പിലും ചായക്കടയിലും വച്ച്, ‍ ആനയുടെ വായില്‍ പഴം വച്ച് കൊടുത്തിട്ടുണ്ടെങ്കിലും അവനന്റെ പറമ്പില്‍ ചിന്നം മിന്നം വെളുക്കുമ്പോള്‍ ഒറ്റക്ക്, കണ്ണ് നിറച്ച് ക്ലോസപ്പില്‍ ഈ മൊതലിനെ കണ്ടപ്പോള്‍ ആനവൈദ്യന്‍ പണിക്കര് സാര്‍ പോലും പേടിക്കുന്നിടത്ത്, സേവ്യറേട്ടന്റെ കാര്യം പറയാനുണ്ടോ?

കൊള്ളിയുടെ വാരത്തിന്റെ മുകളിലൂടെ ഉത്തേജകമരുന്ന് കുത്തിയ ജോണ്‍സേട്ടന്റെ (ബെന്‍) പോലെയോടുമ്പോള്‍ കരഞ്ഞ നാലമത്തെ കരച്ചിലിന്‌ എന്തായാലും മുന്‍പത്തേതടക്കം ചേര്‍ത്ത ശബ്ദമുണ്ടായിരുന്നു. .

തുറിച്ച കണ്ണുകളുമായി വാ പൊളിച്ച് കരഞ്ഞ് വഴി വെടുപ്പാക്കിയുള്ള സേവ്യറേട്ടന്റെ വരവ്‌ കണ്ട്‌ സിസിലി ചേച്ചി അന്തംവിട്ട്‌ അരിശത്തോടേ പറഞ്ഞു:

" ഹോ.., ഇങ്ങേര്‍ക്കെന്തിന്റെയാ... . ഒരു എരുമ കുത്താന്‍ വന്നതിനാണോ ഈ പരാക്രമം! "

29 comments:

  1. “കറാച്ചി എന്നാല്‍ പാക്കിസ്ഥാനിലെ ഒരു വലിയ പട്ടണമാണെന്നും അവിടെയുള്ള ഭൂരിഭാഗം മനുഷ്യരും അലക്കും പല്ലുതേപ്പും കുളിയും തെളിയുമൊന്നുമില്ലെങ്കിലും അതിസുന്ദരന്മാരായ ഉദ്ദണ്ഠന്മാരാണെന്നും അവര്‍ അടുത്തുവരുമ്പോള്‍ ചാണകക്കുഴിയില്‍ കിടന്ന് പടക്കം പൊട്ടിയാലുണ്ടാകുന്ന സുഗന്ധമായിരിക്കുമെന്നും അവരോട്‌ ഉടക്കാന്‍ നിന്നാല്‍ 'വല്യ മോശം വരില്ല' - അപ്പറഞ്ഞത് പരമാര്‍ത്ഥം!

    ചരിത്രകാരാ, ചിരിച്ചു ചത്തു!
    സൂപ്പര്‍!

    ReplyDelete
  2. ഹാ..വിശാലന്‍ ബായ്ക്ക്‌ ഇന്‍ ട്രാക്‌ വിത്‌ അ ബാംഗ്‌..

    വൈകുവോളം പോത്തിന്‍ പുറത്തിരുന്ന് മൂട്‌ കഴച്ചിട്ട്‌ " ഇനി നടക്കാം" എന്ന് മാത്രമല്ല, ഇനി കുറച്ച്‌ ജെബേല്‍ അലി- ഷാര്‍ജ റൂട്ടില്‍ പോയ്‌ക്കളയാം എന്നു കൂടി വിചാരിക്കും കാലന്‍, ചിരി പുരാണം ഈ പോക്ക്‌ പോയാല്‍.. :-)

    ReplyDelete
  3. അറുപത്‌ പിന്നിട്ട മുണ്ടാപ്പന്‍ എരുമയെ തീറ്റിക്കഴിഞ്ഞ്‌, ഒരു കുട്ടിത്തോര്‍ത്ത്‌ ചുറ്റി തന്റെ പ്രഭവകേന്ദ്രം മാത്രം മറച്ചുകൊണ്ട്‌ തോട്ടിലറങ്ങി എരുമയെ ഫുള്‍ സര്‍വ്വീസ്‌ ചെയ്ത്‌ മൂവന്തിനേരത്ത്‌ തോട്ടുവരമ്പിലൂടെ പോകുന്നത്‌ കണ്ടാല്‍, കാലന്‍ വൈകുവോളം പോത്തിന്‍ പുറത്തിരുന്ന് മൂടുകഴച്ചിട്ട്‌ 'എന്നാല്‍ ഇനി കുറച്ച്‌ നേരം നടക്കാം' എന്ന് പറഞ്ഞ്‌ പോത്തിനു പിറകേ നടക്കുകയാണെന്നേ തോന്നു!

    ആ സീന്‍ വെള്ളിത്തിരയിലെന്ന പോലെ എന്റെ മുന്നില്‍ തെളിയുന്നു.
    ബ്ലാക്കും.. കുട്ടിത്തോര്‍ത്തുടുത്ത ബ്ലാക്കും നിരന്നു പോകുന്ന മൂവന്തിയിലെ കൊണ്‍ട്രാസ്റ്റ്‌! വൌ!

    ReplyDelete
  4. വിശാലാ.
    പച്ചകളെ (പാക്കിസ്ഥാനികളെ) എനിക്കും കലേഷ് ക്വാട്ട് ചെയ്ത അതേ അഭിപ്രായം തന്നെ. മുണ്ടാപ്പന്റെ കറാച്ചി എരുമ അതിഗംഭീരം!!!. ബാക്കി വരുന്നവര്‍ക്ക് ക്വാട്ട് ചെയ്യാന്‍ വേണ്ടി ഇഷ്ടപ്പെട്ടവയെല്ലാം ക്വാട്ട് ചെയ്യാതെ വിടുന്നു.
    കിടിലോല്‍ കിടിലം!!!

    ReplyDelete
  5. രസിച്ചു വായിച്ചു. വീട്ടിലേ വേലിയ്കല്‍ നിന്ന് നോക്കിക്കണ്ട പോലെയുള്ള അനുഭവം.

    ReplyDelete
  6. എല്ലാം ക്വോട്ട് ചെയ്യേണ്ടവതന്നെ, എങ്കിലും..

    “എരുമയെ പ്രതീക്ഷിച്ചിടത്ത് ആനയെക്കണ്ട ഉടനെത്തന്നെ, അതിന്റെ ആ ഒരു ആഹ്ലാദത്തില്‍ മതിമറന്ന്, സേവ്യര്‍ ചേട്ടന്‍ പരമാവധി ശക്തിയെടുത്ത് മൂന്ന് റൌണ്ട്‌ അകറി. ശബ്ദം പുറത്ത് വന്നില്ലെങ്കിലും“

    പിന്നെ മുണ്ടാപ്പൻ പ്രഭവകേന്ദ്രം മാത്രം മറച്ച് എരുമയോട് സൊള്ളിക്കൊണ്ടുള്ള ആ പോക്കും അതിന്റെ “വിശാല”വിവരണവും..

    വിശാലോ, എനിക്ക് അസൂയയും കുശുമ്പും ഒന്നിച്ച് വരുന്നു. എന്തിനെന്നെയിങ്ങിനെ..?

    ഓ മറന്നു....... ഉജ്ജ്വലം

    (ഇന്ന് വ്യേർഡ് വൈരിഫിക്കേഷൻ ഇടങ്ങേടിലാണല്ലോ.. smentia എന്നോ മറ്റോ ഉള്ളവൻ വന്നാൽ കുളമായി. ഓരോ അക്ഷരവും പെറുക്കി പെറുക്കി വെച്ചാലും അണ്ണൻ പറയും നേരാംവണ്ണം എഴുതെടാ പുല്ലേ എന്ന്.)

    ReplyDelete
  7. പോത്തിന്‍ (കറാച്ചി) പുറത്തു വരുന്ന കാലനെ കാണുമ്പോഴും വിശാലാ നീയെ തുണ. ചിര്‍ി ച്ചുകൊണ്ടു മരിക്കുക. അനായാസേനെ മരണം....
    പിന്നെ കറാച്ചി എരുമയുടെ മുലഞ്ഞെട്ടു കാണുമ്പോള്‍ ഇരുമ്പന്‍ പുളി ഞെട്ടു മറക്കല്ലേ.. . ദേശി ദേശി തന്നെ. പാലു കുറച്ചളന്നാല്‍ മതി.

    ReplyDelete
  8. കലക്ക്യെഡാ ഗഡീ..

    ReplyDelete
  9. "എരുമയെ പ്രതീക്ഷിച്ചിടത്ത് ആനയെക്കണ്ട ഉടനെത്തന്നെ, അതിന്റെ ആ ഒരു ആഹ്ലാദത്തില്‍ മതിമറന്ന്, സേവ്യര്‍ ചേട്ടന്‍ പരമാവധി ശക്തിയെടുത്ത് മൂന്ന് റൌണ്ട്‌ അകറി"
    :):):)
    ചിരിച്ച ചിരി എഴുതി വെക്കാൻ പറ്റില്ലേ..........!

    ReplyDelete
  10. ഇനി എരുമേനെ കാണാണ്ടാവുമ്പോ സിസിലിച്ചേച്ചിയെ വിടാം. ഇമ്മാതിരി ചോദ്യം ചോദിക്കില്ലല്ലോ.

    ReplyDelete
  11. കലക്കി! വാണി വിശ്വനാഥിന്‍റെ പാരഗ്രാഫ് രണ്ടാവര്‍ത്തി വായിച്ചു; എരുമയെപ്പറ്റിത്തന്നെയാണ് പറയുന്നതെന്ന് ഉറപ്പുവരുത്താന്‍!

    സസ്നേഹം,
    സന്തോഷ്

    ReplyDelete
  12. വായിച്ചു വന്നപ്പോള്‍ ഓരോ വരിക്ക് ഒരു പാരഗ്രാഫ് (അതോ മറിച്ചോ?)എന്നാ‍ണ് വിശാലന്റെ കണക്ക് എന്നു കരുതി. പിന്നെപ്പിന്നെ അത് രണ്ടും ആവാം എന്നു മനസ്സിലായി. ഈ രചനാസങ്കേതമൊക്കെ മനസ്സിലാക്കി ഒരു നാള്‍ ഞാനും... :)

    ReplyDelete
  13. വിശാലോ,
    സേവ്യറു ചേട്ടന്റെ അപ്പഴത്തെ മുഖഭാവമോർത്തപ്പോൾ സത്യമായും എനിക്കു ചിരിവന്നില്ല. പാ‍വം! പിന്നതു വന്നതു് വഴിവെടിപ്പാക്കി പാഞ്ഞുവരുന്ന സേവ്യറുചേട്ടൻ മുമ്പിൽ ആശ്ചര്യചിഹ്നമിട്ടു് നിന്ന സിസിലിച്ചേടത്തിയോടു് പറഞ്ഞതെന്തായിരിക്കുമെന്നോർത്തപ്പോഴാണു്.

    വക്കാരിയേ,
    എനിക്കും കിടപ്പുണ്ടൊരു സ്മെനിറ്റ പാടുപെടേണ്ടിവരുമോ എന്തോ!

    ReplyDelete
  14. വിശാലോ,

    ചത്തത്‌ ബിന്‍ ലാദനാണെങ്കില്‍ കൊന്നത്‌ ബുഷന്നെ, പോലെ, എഴുതിയതു വിശാലനാണെങ്കില്‍ വായിക്കണോരു ചിരിച്ചു ചത്തതു തന്നെ !!

    35:65:35.. യെന്താ ഒരു വര്‍ണ്ണന ?

    ReplyDelete
  15. കൊടകര എന്നാല്‍ “ചിരികര“ എന്നര്‍ത്ഥം!
    ചിരികര പുരാണം തുടര്‍ന്നാലും വിശാലാ..

    ReplyDelete
  16. വിശകാലാ
    ഇതിന്നു രാവിലെയാ കണ്ടത്‌. ചിരി നിര്‍ത്താന്‍ വേരേ ഒരു വഴിയുമില്ലാതെ അറ്റ കൈക്ക്‌ എന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ സ്റ്റേറ്റ്‌മന്റ്‌ എടുത്തു വായിച്ചു ഞാന്‍, ഇല്ലെങ്കില്‍ ശ്വാസം വിലങ്ങി ചത്തുപോയേനെ.

    കറാച്ചിമണം:
    ദുബായില്‍ പ്രൈവറ്റ്‌ റ്റാക്സി നിരോധിക്കുന്നതിനു മുന്‍പുള്ള സമയം. ഒരു പഠാണി ടാക്സിയില്‍ അറിയാതെ കയറിപ്പോയി. വിശാലന്‍ പറഞ്ഞ ചാണോ ബോംബ്‌ നാറ്റം സഹിക്കാന്‍ മേലാ. മുന്നോട്ടു നോക്കിയപ്പോ വടിയോടിക്കുന്ന വൃത്തികെട്ടവന്‍ ഒരു റ്റിഷ്യൂ പേപ്പര്‍ കൊണ്ട്‌ പല്ലും തേച്ചുകൊണ്ടാണ്‌ വണ്ടിയോടിപ്പ്‌. ശര്‍ദ്ദിച്ചുപോകുമെന്ന് തോന്നിയപ്പോള്‍ വണ്ടി നിറുത്താന്‍ പറഞ്ഞു.

    പഠാന്‍> (കാശുപോയ ദേഷ്യം) "റ്റാക്സി പിടിച്ചിട്ട്‌ ഇവിടെ ഇറങ്ങി പോകണമെന്നോ?"

    ദേവന്‍> (മര്യാദയുള്ള ഒരുത്തരം കണ്ടു പിടിച്ച സന്തോഷത്തില്‍) "ഞാന്‍ പൈസയെടുക്കാന്‍ മറന്നു, തിരിച്ചു വീട്ടില്‍ പോകണം"

    പഠാന്‍> (എതായലും കാശില്ല അപമാനിക്കാമെന്ന ഭാവത്തില്‍) "കാശും പണവുമില്ലാത്ത മലബാറിയൊക്കെ വന്നു കയറിക്കോളും മിനക്കെടുത്താന്‍. ശല്യം"

    ദേവന്‍> (പേര്‍സ്‌ തുറന്നു കാട്ടിക്കൊണ്ട്‌) "നിന്നെ അപമാനിക്കാതിരിക്കാന്‍ അങ്ങനെ പറഞ്ഞ ഞാന്‍ മണ്ടന്‍. കണ്ടോടാ തെണ്ടീ, കാശില്ലാഞ്ഞിട്ടല്ല നിന്റെ നാറ്റം കൊണ്ട്‌ ഞാന്‍ ചത്തുപോകുമെന്ന് ഭയന്നിട്ട്‌ ഇറങ്ങിപ്പോകുകയാ. പോയി കുളിക്ക്‌, നാറി (അവനടിക്കാതിരിക്കാന്‍ ഞാന്‍ ഇറങ്ങി ഓടി)

    ReplyDelete
  17. ആദ്യം കമെണ്ടിടുമ്പോള്‍ സമയക്കുറവുമൂലം എവിടെയാണിക്കഥയിലെ ഏറ്റവും നറ്‍മം എനിക്കനുഭവപ്പെട്ടതെന്നു എഴുതാന്‍ പറ്റിയില്ല. ഇപ്പോള്‍ ദേവരാഗം പറഞ്ഞപ്പോള്‍ അതെഴുതാന്‍ പ്റെരണ ഉളവായി.
    കറാച്ചി നാറ്റം തന്നെ. വറ്‍ഷങ്ങളൊളം കുളിപ്പിക്കാത്ത ഒര്‍ ചെമ്മരിയാടിന്റെ കൂടെ സഹവസിച്ചു റെകോറ്‍ട്‌ ഇടാന്‍ പല രാജ്യക്കാരും മത്സരിചു. അവസാനം പങ്കെടുത്തതു പഠാണ്‍ . ആടു കൂടാരത്തില്‍ നിന്നും ഇറങ്ങി പോയതായി കഥ.

    ഉത്തേജക ഔഷധം കഴിച്ച പഠാണിന്റെ കഥ. ഒറ്റ ചിറകാല്‍ പുറകു വശം മറച്ചു ഒരു ചിറകില്‍ പറക്കുന്ന പക്ഷികളുള്ള പെഷവാറ്‍ എന്ന വിചിത്റ രാജ്യം. ഒരു പാടു പഠാണ്‍ കഥകള്‍. സഭ്യത വിലക്കുന്നതിനാല്‍....

    എന്തായാലും ആ നാറ്റത്തിന്റെ തീക്ഷ്ണത അക്ഷാരാറ്‍ത്തത്തില്‍ ചിരിപ്പിക്കുന്ന ഒന്നാകുമെന്നു സ്വപ്നേപി....

    വെല്‍ ഡണ്‍ വിശാലാ!!!!!!!!!!!!!

    ReplyDelete
  18. വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപമകള്‍ ചാമ്പുന്ന എനിക്ക് ഈ വിശാല്‍ജീയുടെ പോസ്റ്റിനെ ഒന്നുപമിക്കാന്‍ വാക്കുകള്‍ കിട്ടാഞ്ഞതിനാലാണ് കമന്റിടാന്‍ വൈകിയത്!
    എന്താപ്പോ ഞാന്‍ പറയ!
    വിശാല്‍ജീയും കൊടകരയും ഭാവിയില്‍ തമാശയുടെ യൂണിറ്റുകളാകുമോ എന്ന് ഞാന്‍ ശങ്കിക്കുന്നു.

    ആരെങ്കിലും തമാശക്കാരെ കണ്ടാല്‍, ഇഷ്ടാ ഈയ് ഒരു .001വിശാലന്‍ ആണല്ലോ എന്നു ചോദിക്കാം! :-))

    ReplyDelete
  19. കൊടകരയുടെ ചരിത്രകാരാ, ചിരിപ്പിച്ച്‌ ചിരിപ്പിച്ച്‌ മറ്റുള്ളവരുടെ കൊടലു പുറത്തെടുക്കുമെന്ന് വല്ല ശപഥവും ഉണ്ടോ, സൂപ്പര്‍..

    ReplyDelete
  20. വായിച്ച ഉടനേ കമന്റാന്‍ തുനിഞ്ഞപ്പോള്‍ smentia പിശാച് കയറി ഉടക്കി. വെള്ളിയാഴ്ചയൊക്കെയല്ലേ, പിശാചുക്കളുടെ ദിവസമല്ലേ എന്നു കരുതി സമാധാനിച്ചു!

    ഇനി ഏതായാലും ചോദിക്കട്ടെ,
    വിശാലാ‍ാ‍ാ‍ാ,
    ലവളുടെ മോറല്‍ സൈഡിനേക്കുറിച്ചു പറഞ്ഞു. ഈ ഇമ്മോറല്‍ ട്രാഫിക്കില്‍ പങ്കാളികളൂണ്ടല്ലോ! അവരേക്കുറിച്ചെന്തേ....?

    അടുത്ത എപ്പിഡോസില്‍ കാണുമായിരിക്കും ല്ലേ? കാണണം

    ReplyDelete
  21. അപ്പം smentia ചേച്ചി എല്ലാരേം പിടിക്കുന്നുണ്ടല്ലേ... ബ്ലോഗ്ഗറിൽ നിന്നും പണ്ടു പുറത്താക്കിയ ആരുടെയെങ്കിലും.....?

    എന്നാലും വളരെ മനോഹരമായി വാക്കു ബൈ വാക്കായിട്ടെടുത്ത് വളരെ സൂക്ഷിച്ച് താഴെ വെച്ചാ ഉറുമ്പരിക്കും ഒക്കത്തു വെച്ചാൽ ചെളിപിടിക്കും എന്നൊക്കെ പറഞ്ഞ് മൃദുവായി ടൈപ്പ് ചെയ്തുകഴിയുമ്പോളുള്ള ചേച്ചിയുടെ ഒരു ചീത്തവിളിയുണ്ട്..... ഹെന്റമ്മോ

    എനിക്കിന്ന് ktmlgu ചേട്ടനായിരുന്നു; ഒരു പാവം

    ReplyDelete
  22. വിശാലന്‍ പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും ആഞ്ഞടിച്ചിരിക്കുന്നു.
    ഇന്നലെ സെഞ്ച്വറി അടിച്ച് ഔട്ടായതിന് കുറ്റം പറഞ്ഞവര്‍ക്കു മുന്നില്‍ വീണ്ടും ഇതാ ട്രിപ്പിള്‍ സെഞ്ച്വറി നോട്ട്ഔട്ട്.
    വെല്‍ഡണ്‍ വിശാലന്‍.

    ReplyDelete
  23. എന്റെ ബ്ലോഗിലെ പോസ്റ്റിനു വളരെയധികം നന്ദി. അതുവഴി, സീരിയസ്സും ചിലപ്പോഴൊക്കെ രസകരവും ആയ നിങ്ങളുടെയൊക്കെ ബ്ലോഗുകള്‍ വായിക്കാനും കഴിഞ്ഞു. മലയാളത്തില്‍ ഇത്രയും വലിയൊരു ബ്ലോഗുലോകം ഉണ്ടെന്ന് ഇപ്പോഴാണറിഞ്ഞത്‌. എഴുതാനൊന്നും അറിയില്ലെങ്കിലും മനസ്സില്‍ തോന്നുന്നത്‌ അതേ പോലെ മലയാളത്തില്‍ എഴുതുമ്പോഴുണ്ടാവുന്ന സംതൃപ്തി കാരണമാണ്‌ ഞാനീ നേരമ്പോക്ക്‌ തുടങ്ങിയത്‌. നിങ്ങളുടെയൊക്കെ പിന്തുണ ആവേശം നല്‍കുന്നു.

    ReplyDelete
  24. വിശാലോ, വര്‍ണ്ണക്കുടയുമായി സ്നേഹിതന്‍ വന്നതു കണ്ടില്യോ?

    അതോ, ഈ വിശാലന്‍ തന്നെയാണോ ആ സ്നേഹിതന്‍ എന്നു് ഒരു വര്‍ണ്യത്തിലാശങ്ക. കുറഞ്ഞ പക്ഷം വകയില്‍ ഒരു അളിയനെങ്കിലും ആയിരിക്കും....

    ReplyDelete
  25. തോട്ടിലറങ്ങി എരുമയെ ഫുള്‍ സര്‍വ്വീസ്‌ ചെയ്ത്‌ മൂവന്തിനേരത്ത്‌ തോട്ടുവരമ്പിലൂടെ പോകുന്നത്‌ കണ്ടാല്‍, കാലന്‍ വൈകുവോളം പോത്തിന്‍ പുറത്തിരുന്ന് മൂടുകഴച്ചിട്ട്‌ 'എന്നാല്‍ ഇനി കുറച്ച്‌ നേരം നടക്കാം' എന്ന് പറഞ്ഞ്‌ പോത്തിനു പിറകേ നടക്കുകയാണെന്നേ തോന്നു!
    എന്താ വര്‍ണ്ണന ?

    ReplyDelete
  26. Anonymous5/11/2009

    enikku vayyayeeeeeeeeeeee

    ReplyDelete
  27. Anonymous5/11/2009

    enikku vayyayeeeeeeeeeeee

    ReplyDelete
  28. Anonymous10/13/2011

    super .............

    ReplyDelete