Wednesday, December 21, 2005

ക്രിസ്‌മസ്സ്‌ കേയ്ക്ക്‌

പലതും പലരെയും ഞാൻ മറന്നു. പക്ഷെ, കാലത്തിന്റെ ജലം കൊണ്ട്‌ കെടുത്താനാകാത്ത ഓർമ്മയുടെ തീയെന്നൊക്കെ പറയാവുന്ന ചിലത്‌, അതൊരിക്കലും മറക്കാനാവില്ല.

ജിമ്നേഷ്യത്തിന്‌ പോകുന്ന നാട്ടിലെ ചെറുകട്ടകൾക്ക്‌ എല്ലാകാലത്തും നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നം, 'ഷോ' നടത്താനൊരിടമില്ല എന്നതാണ്‌. വലിയ കട്ടകൾടെ പോലെ ഷഡിമാത്രമിട്ട്‌ സ്റ്റേജിൽ നിൽക്കാൻ പറ്റാത്ത ഇത്തരം കട്ടകൾ തങ്ങളുടെ 'മീനിന്‌ പലിഞ്ഞീൻ വന്നപോലെയുള്ള' മസിലുകളുടെ പ്രദർശനത്തിന്‌ പ്രധാനമായും ആശ്രയിക്കുക, കുളിക്കടവും അമ്പലവും അതുപോലെ കല്യാണവീട്ടിലെ നാളികേരം ചിരകലുമൊക്കെയായിരിക്കും.

ചുറ്റുവട്ടത്ത്‌ ഒരു കല്യാണമുണ്ടെങ്കിൽ, വിളിച്ചില്ലെങ്കിലും തലേദിവസം പോയി ഇത്തരക്കാർ നാളികേരം ചിരകി കൊടുക്കും. കുറച്ച്‌ ചിരകുമ്പോൾ സ്വാഭാവികയി വിയർക്കുകയും ഷർട്ടൂരുകയും ചെയ്യും. അതാണ്‌ അതിന്റെയൊരു രീതി. ഇത്തരത്തിൽ ഷോകൾ നടത്തി നടത്തി, സാമാന്യം അറിയപ്പെടുന്ന ഒരു നാളികേരം ചിരകിയായി മാറിയ എന്നോട്‌,

"നീ തൃശ്ശൂർക്ക്‌ കമ്പ്യൂട്ടർ പഠിക്കാനാ പോണേന്ന് പറഞ്ഞിട്ട്‌ അവിടെ തേങ്ങ ചിരകലാണ്‌ല്ലേ പഠിക്കണേ?" എന്നു വരെ ചോദിച്ചുതുടങ്ങി.

കൊടകരക്കും നെല്ലായിക്കുമിടക്കുള്ള, കുളത്തൂർ പാടത്തെ ചിറ, പരിസരത്തെ ഏറ്റവും വലിയതും കണ്ണീർ പോലത്തെ തെളി വെള്ളമുള്ളതുമായതുകൊണ്ട്‌, ഒരു പാട്‌ പേർക്ക്‌ സ്ഥിരം കുളിക്കാനും അലക്കാനുമുള്ള വേദിയായിരുന്നത്‌.

'കൊടകര നിന്ന് കുറച്ച്‌ കട്ടകൾ കുളിക്കാൻ വരുന്നുണ്ട്‌' എന്ന് ആരോ ഞങ്ങളെപ്പറ്റി പറഞ്ഞെന്ന് കേട്ടതിൽ പിന്നെ, വല്ലപ്പോഴും കുളിക്കാൻ പോയിരുന്ന ഞങ്ങൾ അവിടത്തെ സ്ഥിരം കുളിക്കാരായി മാറി.

ചിറയിൽ രണ്ടാൾക്ക്‌ ആഴം കാണുമെങ്കിലും, മണ്ണുവന്ന് കൂനയുള്ള ഒരു സ്പോട്ടിൽ ഏറെക്കുറെ അഞ്ചടി മാത്രമേ ആഴമുള്ളൂ. ഒരു ദിവസം, നീന്തലിനിടക്കുള്ള ബ്രേക്കിൽ, ഈ സ്പോട്ടിൽ നിന്നുകൊണ്ട്‌, വനിതയിലേയും ഗൃഹലക്ഷിമിയിലേയുമൊക്കെ 'ഡോക്ടറോട്‌ ചോദിക്കുക' 'മനശ്ശാസ്ത്രജ്ഞന്റെ മറുപടി' തുടങ്ങിയവയെക്കുറിച്ച്‌ ഡിസ്ക്കസ്‌ ചെയ്ത്‌ നിൽക്കെ, ഒരുത്തൻ മാക്രി ചാടും പോലെ, കുറച്ചകലെ കൈതയുടെ പിന്നിലായി ഒരു ചാട്ടം.

വെള്ളം മൊത്തം കലക്കി ചാടിയ മഹാനുഭാവൻ യാര്‌ എന്നറിയാൻ വെറുതെയൊന്ന് നോക്കിയപ്പോൾ, പൊന്തിവന്ന ആ നീർക്കുതിരയെ കാണുകയും 'അപ്പോളോ ടയെഴ്സിൽ ജോലിയുള്ള തോമാസേട്ടന്റെ മകൻ ജിൻസൻ' എന്ന് തിരിച്ചറിയുകയും, ശ്രദ്ധ മറ്റുകാഴ്ചകളിലേക്ക്‌ തിരിക്കുകയും ചെയ്തു.

പക്ഷെ, പിറ്റേദിവസം പത്രത്തിൽ ഫോട്ടോ വരാനുള്ള യോഗ്യത ആ തവളച്ചാട്ടത്തിനുണ്ടായിരുന്നെന്ന് കുറച്ച്‌ കഴിഞ്ഞപ്പോൾ ചുള്ളന്റെ മുങ്ങലും പൊന്തലും, പൊന്തിവരുമ്പോൾ മുഖത്ത്‌ മിന്നിമറയുന്ന ഭാവങ്ങളും കണ്ടപ്പോൾ എനിക്ക്‌ മനസ്സിലായി.

എനിക്ക്‌ ഇതൊക്കെയൊരു വിഷയമാണോ എന്ന മട്ടിൽ, രാഷ്ട്രപതിയുടെ കയ്യീന്ന് ധീരതക്കുള്ള അവാർഡ്‌ ഒറ്റക്ക്‌ വാങ്ങിച്ചെടുക്കാൻ വേണ്ടി ആരോടും മിണ്ടാതെ തനിയെ ഊളാക്കുകുത്തി ചെന്ന് ചുള്ളാപ്പിയെ ഒറ്റക്ക്‌ രക്ഷപ്പെടുത്താൻ ഞാൻ തീരുമാനിച്ചു.

ആദ്യം, കയ്യിൽ പിടിച്ചുയർത്താൻ നോക്കി. രക്ഷയില്ല. ബോളിങ്ങ്‌ ആക്ഷനിൽ, മുത്തയ്യ മുരളീധരന്റെ മുഖം പോലെയായ അവന്റെ മുഖം കണ്ടപ്പോൾ, അവനെ രക്ഷിക്കാൻ ഞാൻ കുറച്ചുകൂടി വലിയ ബുദ്ധി പ്രയോഗിച്ചു. നേരെ വെള്ളത്തിനടിയിലേക്ക്‌ പോയി അവന്റെ അരയിൽ പിടിച്ച്‌ പൊക്കി.

പൊന്തി വന്നതും പ്രാണരക്ഷാർത്ഥം, അതിലും വലിയൊരു ബുദ്ധി അവനും കാണിച്ചു. എന്റെ കഴുത്തിൽ, കൊച്ചു കുട്ടികൾ പൂരത്തിന്‌ പോകുമ്പോൾ കയറുന്നതുപോലെ, നല്ല സീറ്റിങ്ങിൽ അങ്ങ്‌ കയറിയിരുന്നു.

ജിമ്മായിട്ടൊന്നും യാതൊരു കാര്യവുമില്ല എന്ന് എന്നെനിക്കപ്പോൾ നന്നായി ബോധ്യായി. ഒറ്റ ട്രിപ്പിന്‌ നൂറ്‌(കുറച്ച്‌ കുറക്കാം) പുഷപ്പ്‌ എടുക്കുന്ന എനിക്ക്‌, എന്റെ കയ്യൊന്നുയർത്താനോ അവന്റെ കാലിന്റെ ഇടയിൽ നിന്ന് തലയൂരാനോ.. പോലും പറ്റാത്ത അവസ്ഥയിലായി.

അവൻ എന്റെ കഴുത്തിലിരുന്ന് 'പ്രാണായാമം' പ്രാക്ടീസ്‌ ചെയ്തപ്പോൾ വെള്ളത്തിനടിയിൽ ഞാൻ പതുക്കെ പതുക്കെ ശവാസന പ്രാക്ടീസ്‌ തുടങ്ങിയിരുന്നു..!

ശ്വാസമെടുക്കാനുള്ള സമയം ഓവർ ഡ്യൂ ആയിപ്പോയ പരാക്രമത്തിൽ എന്റെ ഇടതുവശത്തായി ഞാൻ അപ്പോൾ ഒരു രൂപം കണ്ടു. അതെ, സാക്ഷാൽ കാലൻ, ഗണ്മാന്റെ റോളിൽ നിൽക്കുന്നു.

എന്നെ നരകത്തിലേക്ക്‌ മൈഗ്രേറ്റ്‌ ചെയ്യിപ്പിക്കാൻ എല്ലാ സെറ്റപ്പുമായി വന്ന ഗഡി, 'ടേയ്‌...കേറടാ ജീപ്പില്‌' എന്ന് അരുൾ ചെയ്തു. എനിക്ക്‌ മനസ്സിലായി. ഞാൻ മരിക്കാൻ തുടങ്ങുകയാണ്‌.... വെളുത്ത മുണ്ട്‌ പുതച്ച്‌ തലക്കാം ഭാഗത്ത്‌ നിലവിളക്കും ചന്ദനത്തിരിയുമായി.....കിടക്കാൻ നേരമടുക്കുന്നു..!

നരകത്തിൽ കത്തുന്ന ടൺ ടൺ കണക്കിനുള്ള ചിരട്ടകളുടെയും പുളിവിറകിന്റെയും ചൂടിനെ എനിക്ക്‌ പേടിയില്ല, പക്ഷെ, എന്റെ ആഗ്രഹങ്ങൾ. എന്റെ സ്വപ്നങ്ങൾ.... അതൊക്കെ ഞാനെങ്ങിനെ പാതിവഴിയിലുപേക്ഷിക്കും..?

'ജോലി, വരുമാനം, സ്വന്തമായി 12 ഡിജിറ്റിന്റെ ഒരു കാൽകുലേട്ടർ, വീഡിയോ, ഫോൺ, ഫ്രിഡ്ജ്‌, ഗ്യാസ്‌ സ്റ്റൌ, വാട്ടർ ടാങ്ക്‌, കുഷ്യനിട്ട ചൂരൽ കസേര, തേക്കിന്റെ ഡൈനിങ്ങ്‌ ടേബിൾ, ഹീറോ ഹോണ്ട SS, വീടിന്‌ അപ്സ്റ്റെയർ, മാരുതിക്കാറ്‌, ....''

'എനിക്കിപ്പോൾ മരിക്കേണ്ട...പ്ലീസ്‌. കുറച്ചുകൂടെ നാൾ എനിക്ക്‌ ജീവിക്കണം, എന്നെക്കൊണ്ടുപോവല്ലേ...'

ഞാൻ യമനോട്‌ കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞു യാചിച്ചു. എന്റെ കണ്ണീർകലർന്നാവണം, ഞാന്‍ കുടിച്ച ചിറയിലെ രണ്ട് രണ്ടര ലിറ്റര്‍ വെള്ളത്തിനും ഉപ്പുരസമായിരുന്നു.

യമൻ ചിന്താമഗ്നനായി രണ്ടുമിനിറ്റ്‌ നിന്നു. ഞാൻ പൊട്ടിപ്പൊട്ടിയുള്ള എന്റെ കരച്ചിലിന്റെ ശക്തി കൂട്ടി. അവസാനം, യമ ഹൃദയത്തിനലിവു തോന്നി, കണ്ണിൽ പച്ച ലൈറ്റ്‌ കത്തുകയും, നോട്ടൌട്ട്‌ എന്ന് വിധിച്ച്‌ ... 'സീ.യു' എന്ന് മൊഴിഞ്ഞ്‌ കാലൻ എന്റെ സമീപത്തുനിന്ന് അപ്രത്യക്ഷനായി.

ഈ സംഭവമൊന്നും അറിയാതെ നിന്ന എന്റെ കൂട്ടുകാർ, എന്നെ കാണാഞ്ഞ്‌ എന്നെ അന്വേഷിക്കുകയും കണ്ടെത്തുകയും എന്റെ കഴുത്തിലിരുന്ന കുഞ്ഞാടിനെ വലിച്ചിറക്കി, എന്നെ പൊക്കിയെടുക്കുകയും ചെയ്തു.

അവിടെ ആദ്യമായി കുളിക്കാൻ വന്നതായിരുന്നു അവൻ. ഞങ്ങൾ നടുക്കെ നിൽക്കുന്നത്‌ കണ്ട്‌, അത്രയേ ആഴമുണ്ടാകൂ എന്ന് വിചാരിച്ചാണത്രേ നീന്താനറിയാത്ത ചുള്ളൻ വെള്ളത്തിലേക്ക്‌ ചാടിയത്‌.

ഒരുവന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച്‌, സ്വന്തം ജീവനുവേണ്ടി കാലനോട്‌ യാചിച്ച അവസ്ഥയുടെ നാണക്കേടോർത്ത്‌ ഞാനായിട്ട്‌, ഈ സംഭവത്തെപ്പറ്റി പുറത്താരോടും പറയാൻ നിന്നില്ല. എന്നാൽ, ആ കൊല്ലം ക്രിസ്തുമസ്സിന്‌ അപ്പോളോ തോമാസേട്ടനും ഭാര്യയും എന്റെ വീട്ടിൽ വന്നു, ഒരു വലിയ കേയ്ക്കുമായി. എന്നിട്ട്‌ എന്റെ വീട്ടുകാരുടെ മുൻപിൽ വച്ച്‌ 'ദേ ഇവനാ എന്റെ മോനെ രക്ഷിച്ചത്‌' എന്നുപറഞ്ഞെന്നെ കെട്ടിപ്പിടിച്ചു.

എനിക്ക്‌ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ക്രിസ്തുമസ്സ്‌ സമ്മാനം, ഞാൻ കഴിച്ചിട്ടുള്ളതിൽ വച്ചേറ്റവും രുചിയുള്ള ക്രിസ്‌മസ്സ്‌ കേയ്ക്ക്‌.!

25 comments:

  1. പകുതി വായിച്ചപ്പോൾ ശ്വാസം overdue ആയി. ഇനി പിന്നെ വായിക്കാം.

    ഇങ്ങനെ പോയാൽ ഞങ്ങളൊക്കെ ഈ കടാപ്പുറത്തിരുന്ന് ചിരിച്ചു ചിരിച്ചു മരിക്കേണ്ടി വരും!

    ReplyDelete
  2. ഇനി ഡിലീറ്റ് ചെയ്താലും പ്രശ്നമില്ല.. വായിച്ചു :)) രസിച്ച് രസിച്ച് തന്നെ വായിച്ചു..

    വായനക്കാരുടെ കൂടിക്കൂടിവരുന്ന എക്സ്പറ്റേഷനനുസരിച്ചുതന്നെ എഴുതിയെഴുതി വരാനുള്ള താങ്കളുടെ കഴിവിനു മുൻപിൽ നമിക്കുന്നു.

    അപ്പോളോ ടയേഴ്സ്....... നോവാൾജിയ, നോവാൾജിയ.. (കടപ്പാട് ദേവരാഗത്തിന്).

    കൊടകര ബസ് സ്റ്റോപ്പിനോപ്പസിറ്റുള്ള ഒരു ഇടിഞ്ഞു പൊളിഞ്ഞുവീഴാറായ വെട്ടുകല്ലിട്ടുണ്ടാക്കിയ ഒരു അതിപുരാതന കെട്ടിടത്തിന്റെ രണ്ടാം നില ഇപ്പോഴും ഉണ്ടോ ആവോ...

    അടിപൊളിയെഴുത്തിനൊരഭിനന്ദനവും ക്രിസ്മസ്-പുതുവത്സരാശംസകളും.

    ReplyDelete
  3. യമഹ:(യമന്‍ എന്നു സംസ്കൃതത്തില്‍ പറഞ്ഞതാ) ആളുപാവമാണെന്ന വിശാലാ തോന്നുന്നത്‌. എനിക്കും ഒന്നുറണ്ടു തവണ റ്റെര്‍മിനേഷന്‍ ലെറ്ററടിച്ചിട്ട്‌ മൂപ്പര്‍ ക്യാന്‍സല്‍ ചെയ്തതാ.

    ബോഡി, നീന്തല്‍ തുടങ്ങിയവ അങ്ങാടി മരുന്നോ പച്ചമരുന്നോ എന്നുപോലെുമറിയാത്ത ഞാനും ഒരിക്കല്‍ കുളത്തില്‍ വീണു. ആറാട്ടു കടവിങ്കല്‍ ആറെട്ടു പടൈയിറങ്ങി ഞാന്‍ അരക്കൊപ്പം വെള്ളത്തില്‍ ഇരുന്നു കുളി കഴിച്ച്‌ വാള്‍ട്ടര്‍ തേവാരത്തിനു നേരമായെന്നു പറഞ്ഞെഴുന്നേറ്റതു മാത്രം ഓര്‍മ്മയുണ്ട്‌. പിന്നേ കണ്ണു തുറക്കുമ്പോ ഞാന്‍ കുട്ടന്‍പിള്ളയുടെ ചായക്കടയിലിരുന്ന് കട്ടനും വെട്ടുകേക്കും കഴിക്കുകയാണ്‌. സ്പോഞ്ച്ചുപോലെ പായല്‍ പിടിച്ച പടിയില്‍ ഞാന്‍ തെന്നിയെന്നും ആമ്പലില്‍ കുടുങ്ങിയെന്നുമ്മൊക്കെ എന്നെ രക്ഷിച്ച പാപി, വക്കാരീടെ കൂട്ടുകാരന്റെ സ്റ്റൈലില്‍ "ഹെന്റച്ചോ" "എന്റമ്മോ" ഇത്യാദികള്‍ ചേര്‍ത്ത്‌ പൊതു സദസ്സില്‍ വിവരിക്കുന്നത്‌ കേട്ട്‌ ചാകുന്നതായിരുന്നു ഇതിലും ഭേദമെന്ന് വിചാരിച്ചിട്ടുണ്ട്‌.

    വക്കാരീ, അപ്പോള്‍ അപ്പോളോയിലുമുണ്ടോ നൊവാള്‍ജിയ? എന്റെ കയ്യിലുള്ള അപ്പോളൊ കമ്പനിപ്പടി ഇതാ പോസ്റ്റി ഞാന്‍.


    http://entechithrangal.blogspot.com/2005/12/image-hosted-by-photobucketcom.html#links

    ReplyDelete
  4. കഴിഞ്ഞ കമന്റ്‌ ഇട്ടു കഴിഞ്ഞിട്ടാണ്‌ മുരളീധരന്റെ ലിങ്കില്‍ ക്ലിക്‌ ചെയ്തത്‌. ചിരിച്ച്‌ ഞാന്‍ കസേരയില്‍ മുള്ളിപ്പോയോന്നൊരു സംശയം.

    അടുത വര്‍ഷത്തെ ബജറ്റില്‍ ഫര്‍ണിച്ചര്‍ മാറാന്‍ വല്ല തുകയും കൊള്ളിച്ചിട്ടുണ്ടോന്നു നോക്കട്ടെ.

    ReplyDelete
  5. ശരിക്കും ‘ഗൺ‍മാനെ‘ കണ്ടൊ? ജീപ്പും, പച്ച ലൈറ്റും ഒക്കെ?എന്തായാലും, പോസ്റ്റ് കലക്കി:)

    ReplyDelete
  6. കലക്കീട്ട് ണ്ട് ട്ട്രാ.

    ReplyDelete
  7. ദേവൻ പറഞ്ഞപ്പോഴാ ഞാനും മുരളീധരനെ കണ്ടത്..... ഹെന്റമ്മോ.... വിശാലമനസ്കാ....

    ReplyDelete
  8. ദേവോ... എന്റെ നോവാൾജിയായിലുള്ള കമ്പിനിപ്പടിയല്ലെന്നു തോന്നുന്നല്ലോ... ഒന്നുകൂടി അവിടെവന്ന് നോക്കട്ടെ....

    ReplyDelete
  9. നല്ല എഴുത്ത്. വിശാലമായ എഴുത്ത്. രസകരമായ എഴുത്ത്. കൊടകരക്കാരാ നിങ്ങളൊരു ‘സംഭവം’ ആയിമാറുകയാണ്.

    ReplyDelete
  10. ഹെന്റമ്മോ!!
    വിശാലാ എന്താപ്പോ പറയ്യ!
    ഹാപ്പി ക്രിസ്മസ്!

    ഇതിനേക്കാളും മെച്ചമാവണമടുത്തതു് എന്നൊക്കെ അത്യാഗ്രഹിക്കുന്നതു് മഹാപാപമല്ലേ. അതു കൊണ്ടാപണി ഇവിടാരും ചെയ്യില്ല. ധൈര്യമായിട്ടു പോസ്റ്റിക്കോ, എന്തായാലും.

    ReplyDelete
  11. "സത്യായിട്ടും, ഇത്‌ ഞാൻ അൽപം സീരിയസ്സായിട്ട്‌ എഴുതിയതായിരുന്നു, പക്ഷെ...."

    സു:)
    വിശ്വം:) കമന്റിന്‌ നന്ദി.
    വക്കാരി:) 'അതിപുരാതനമായ ചരിത്രപ്രസിദ്ധമായ' ഒരുകാലത്ത്‌ കൊടകരയിലേറ്റവും ഹൈറ്റുള്ളതായിരുന്ന ആ ബിൽഡിങ്ങ്‌, അതിനടിയിൽ കൂടെ പോകുന്നവരുടെ ടെൻഷനിൽ നിന്നുൽഭവിക്കുന്ന 'തെറി' കേട്ട്‌ ഇപ്പോഴും ഇന്നല്ലെങ്കിൽ നാളെയെന്ന മട്ടിൽ നിലകൊള്ളുന്നു
    ദേവരാഗം:)ആറാട്ടുകടവിങ്കൽ... തകർത്തു vkn(b)...
    തുളസി:) ബോഡിയൊക്കെ കണക്കായിരുന്നു..!
    കെവിൻ:)താങ്ക്യൂരാ..
    കുമാർ:) എനിക്ക്‌ നാണാവണൂ..
    രേഷ്മ:) ശരിക്കും കണ്ടു, ഗഡിക്ക്‌ അമരീഷ്‌ പുരിയുടെ ഛായയാണ്‌.
    സിദ്ദാർത്ഥൻ:) ഏയ്‌. എക്സ്‌പെക്ടേഷൻ ഒരിക്കലും പാടില്ല, പ്രത്യേകിച്ചും എന്നിൽ നിന്നും. എഴുതുമ്പോൾ ഭയങ്കര എൻജോയ്‌ മെന്റുണ്ട്‌. പക്ഷെ, 'ജാതി ഈച്ച ഡയലോഗോള്‌' എന്ന് വായിക്കുമ്പോൾ എനിക്ക്‌ തോന്നുന്നു. അതാ ഡിലീറ്റ്‌ ചെയ്യാൻ തോന്നിക്കണേ...

    ReplyDelete
  12. ചരിത്രകാരാ, പതിവുപോലെ കിടിലം.
    കൃസ്തുമസ് ആശംസകൾ!

    ReplyDelete
  13. കൊടകര മറ്റൊരു “തസറാക്ക്“ ആയി മാറുന്നു.
    വിശാലാ.. ആളൊരു പുലിയായിരുന്നല്ലേ?...

    ക്രിസ്തുമസ്സ് - പുതുവത്സരാശംസകള്..
    ഇബ്രു-

    ReplyDelete
  14. അപ്പോളൊയില്‍ ഡിഗ്രീ പ്രൊജക്റ്റ്‌ ചെയ്ത ഒരു ഭാഗ്യവനാണ്‌ ഈയുള്ളവന്‍. ആദ്യ ദിവസം പ്ലാന്റ്‌ നടന്ന് കണ്ടു കാലു കഴച്ചപ്പോള്‍ ഞങ്ങള്‍ (ആകെ നാലു ജന്മങ്ങള്‍ ഉണ്ടായിരുന്നു, ടീമില്‍) ഇത്തിരി നേരം പുറത്ത്‌ പോയി കാറ്റ്‌ കൊള്ളാനിരുന്നു. ആദ്യമായി ഒരു കമ്പനിയും ഷിഫ്റ്റും ഒക്കെ കാണുന്ന ഞങ്ങള്‍ പോയി ഇരുന്നത്‌ നേരെ ഡയറക്റ്ററുടെ ഓഫീസിന്റെ മുന്നിലായിരുന്നു (ഞങ്ങളുടെ ഒരു സമയേ!) ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പൊള്‍ ഞങ്ങളെ വിളിക്കാന്‍ ഒരാളു വന്നു.. "സാര്‍ കാണാന്‍ വിളിക്കുന്നു" എന്നു അദ്ദേഹം മൊഴിഞ്ഞപ്പൊള്‍ ആര്‌, എന്ത്‌ ഏതിന്‌ എന്നൊന്നും അന്വേഷിക്കാന്‍ നിക്കാതെ ഞങ്ങള്‍ സസന്തോഷം പിന്നാലെ പോയി. അടുത്ത പത്തിരുപതു മിനിട്ടു നേരം നാലാള്‍ക്കും വയര്‍ നിറയെ കര്‍ണ്ണാമൃതം പകര്‍ന്ന് കിട്ടി.. അത്‌ ജീവിതത്തിലെ ആദ്യത്തെ 'കോര്‍പ്പറേറ്റ്‌ ട്രെയിനിംഗ്‌' ആയിരുന്നു (അവസാനത്തെയും..) പിന്നീട്‌ ഇന്നെവരെ വേറെ കേള്‍പ്പിച്ചിട്ടില്ല. കേള്‍ക്കാവുന്നതൊക്കെ ആദ്യമെ കിട്ടി. 'ട്രെയിനിംഗ്‌' കഴിഞ്ഞപ്പൊള്‍ ആ നല്ല മനുഷ്യന്‍ പറഞ്ഞതു ഇപ്പൊഴും ഒോര്‍മ്മയുണ്ട്‌. "ഇത്രയും പറഞ്ഞതു നിങ്ങളുടെ ആദ്യ ദിവസം ആയതു കൊണ്ടാണ്‌. ഇന്നു ഞാനിതു പറഞ്ഞില്ലെങ്കില്‍ ഒരാഴ്ച കഴിയുമ്പൊള്‍ നിങ്ങള്‍ എവിടെയെങ്കിലും കിടന്നുറങ്ങുന്നതും ഞാന്‍ കാണേണ്ടിവരും. ഒന്നും തൊന്നണ്ട. ജോലി സ്ഥലം കോളേജു പൊലെയല്ല..

    ReplyDelete
  15. Priya visala,
    Ravile officilethyal adyathe joli pazhampuranathil onnu vayichu chirikkuka ennathanu. Annathe divasam full cheer. Ithoru addiction ayirikkunu. Oru divasam boss ithu kanum, annente pani pokum. Allenkil ningalee pani nirthu. (Sorry, othiri panithittum malayalam ezhuthan pattunnilla)

    ReplyDelete
  16. കൊള്ളാം മാഷേ...

    ReplyDelete
  17. Anonymous8/06/2008

    where is the new posts?

    ReplyDelete
  18. Anonymous8/12/2010

    [b][url=http://soft-buy-oem-7.com/item/2260-Adobe-Creative-Suite-5-Master-Collection.html]Adobe Creative Suite 5 Master Collection - $249.95[/url]
    [url=http://soft-buy-oem-7.com/item/2134-Windows-7-Ultimate-64-bit.html]Windows 7 Ultimate 64 bit - $79.95[/url]
    [url=http://soft-buy-oem-7.com/item/1535-Windows-XP-Professional-with-Service-Pack-3.html]Windows XP Professional with Service Pack 3 - $59.95[/url]
    [url=http://soft-buy-oem-7.com/item/2272-Office-Professional-Plus-2010-64-bit.html]Office Professional Plus 2010 64-bit - $79.95[/url]
    [url=http://soft-buy-oem-7.com/item/2259-Adobe-Photoshop-CS5-Extended.html]Adobe Photoshop CS5 Extended - $69.95[/url]
    [url=http://soft-buy-oem-7.com/item/1826-CorelDRAW-Graphics-Suite-X4.html]CorelDRAW Graphics Suite X4 - $119.95[/url]
    [url=http://soft-buy-oem-7.com/item/2256-AutoCAD-2011.html]AutoCAD 2011 - $199.95[/url]
    [url=http://soft-buy-oem-7.com/item/2262-Norton-360-Version-4.0-Premier-Edition.html]Norton 360 Version 4.0 Premier Edition - $49.95[/url]
    [url=http://soft-buy-oem-7.com/item/2299-Adobe-Creative-Suite-5-Master-Collection-for-MAC.html]Adobe Creative Suite 5 Master Collection for MAC - $259.95[/url]
    [url=http://soft-buy-oem-7.com/item/2295-Adobe-Photoshop-CS5-Extended-for-MAC.html]Adobe Photoshop CS5 Extended for MAC - $69.95[/url]
    [url=http://soft-buy-oem-7.com/item/2296-Adobe-Dreamweaver-CS5-for-MAC.html]Adobe Dreamweaver CS5 for MAC - $69.95[/url]
    [url=http://soft-buy-oem-7.com/item/1832-Microsoft-Office-2008-Standart-Edition-for-Mac.html]Microsoft Office 2008 Standart Edition for Mac - $119.95[/url]
    [url=http://soft-buy-oem-7.com/item/1996-Mac-OS-X-10.6-Snow-Leopard.html]Mac OS X 10.6 Snow Leopard - $29.95[/url]

    [url=http://soft-buy-oem-7.com/][img]http://soft-buy-oem-7.com/img/baner/big2.jpg[/img][/url]

    lowest price software, [url=http://soft-buy-oem-7.com/]how to clear photos in acdsee[/url]
    [url=http://soft-buy-oem-7.com/]discounted software[/url] microsoft system software autocad for macintosh
    student educational software [url=http://soft-buy-oem-7.com/]office 2003 copy and paste ahngs on vista[/url] of oem software
    [url=http://soft-buy-oem-7.com/]block for mechanical autocad[/url] buy dreamweaver uk
    [url=http://soft-buy-oem-7.com/]cheap microsoft office student[/url] adobe music software
    software selling websites [url=http://soft-buy-oem-7.com/]shop production software[/url]

    [url=http://veggix.com/viewtopic.php?f=2&t=47038]softwares price[/url]
    [url=http://www.littellfamiliesofamerica.com/nput.htm]Ultimate Mac[/url]
    [url=http://www.rabmclean.com/php/book/post.php]kristanix software button shop v3[/url]
    [url=http://habbakriss.eyjan.is/2007/06/24/eg-ger%25c3%25b0ist-donaleg-a-blogginu/#comment-3782]used software store[/url]
    [url=http://www.senyokai.jp/modules/newbb/newtopic.php?forum=4]autocad pdf converter lines overwrite[/url][/b]

    ReplyDelete
  19. അങ്ങനെ മരണവക്ത്രത്തില്‍ നിന്ന് രക്ഷപ്പെട്ടു. നല്ല വിവരണം

    ReplyDelete
  20. super stries.......... Became your damn fan..........

    ReplyDelete
  21. Anonymous10/13/2011

    super ........

    ReplyDelete
  22. 'ബോളിങ്ങ്‌ ആക്ഷനിൽ, മുത്തയ്യ മുരളീധരന്റെ മുഖം പോലെയായ അവന്റെ മുഖം'

    മുങ്ങിച്ചാവാന്‍ പോകുന്നവന്റെ മുഖത്തിന്‌ ഇതിലും വലിയൊരു സാദൃശ്യം കൊടുക്കാനില്ല! നമിക്കുന്നു, ഈ നര്‍മബോധത്തെ....

    ReplyDelete
  23. waiting for your new posts....

    ReplyDelete
  24. നന്നായി ചിരിപ്പിച്ചു!!!!

    ReplyDelete
  25. പണ്ട് എഴുതിയ പ്രയോഗങ്ങളുടെ ഒരു ഭംഗി.. ചിരിയ്പ്പിച്ചു .. അസൂയപെടുത്തി .. ഈ വെക്കേഷന്ന് മക്കളെ കൊണ്ടയി പുഴയിൽ കുളിയ്പ്പിക്കണം എന്നൊരാഗ്രഹം ഉണ്ട് .. എന്താകുംന്ന് നോക്കട്ടെ .. നീന്തലറിയാത്ത ഞാൻ തവള ചട്ടം ചാടേണ്ടി വരുമോ എന്തോ ..

    ReplyDelete