Wednesday, November 16, 2005

പാപി

മകരമാസത്തിലെ ഒരു രാത്രിയില്‍, ചിത്രഹാറിന്റെ സമയത്ത്‌ ശാന്തി ആശുപത്രിയില്‍ വച്ച്‌ എന്റെ സുഹൃത്ത്‌ മാത്തന്റെ അമ്മാമ്മക്ക്‌ സെഞ്ച്വറി, കപ്പിനും ലിപ്പിനുമിടക്ക് ‌നഷ്ടപ്പെട്ടു.

തേഡ്‌ അമ്പയറിന്‌ കൊടുത്ത്‌ കുറച്ചധികം ടൈമെടുത്ത്‌ ഔട്ടാകുകയായിരുന്നുവെന്നതിനാല്‍ അന്നേരം ആശുപത്രിയില്‍ അമ്മാമ്മക്ക്‌ കൂട്ടായി മാത്തനും, അവനു കൂട്ട്‌ സിനിമാക്കഥപറഞ്ഞിരിക്കാന്‍ ചെന്ന ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

പൊതുവേ, ജീവനുള്ളവയെന്നും ഇല്ലാത്തവയെന്നും വ്യത്യാസമില്ലാതെ, സഞ്ചാരമൊരുക്കാനുള്ള വാഹനങ്ങള്‍ കൊടകരയുണ്ടെങ്കിലും, മനുഷ്യന്റെ കേസില്‍ മാത്രം, ജീവന്‍ പോയാല്‍ പിന്നെ ചാലക്കുടിക്കാരെ ഡിപ്പന്റ്‌ ചെയ്യേണ്ടിവരും. 

ഭാസ്കരന്‍ ഡോക്ടറുടെ കത്തു വാങ്ങി, സെന്റ്‌ ജേയിംസില്‍ നിന്ന് ആംബുലന്‍സ്‌ ഏര്‍പ്പാടാക്കി പറഞ്ഞുവിട്ടപ്പോഴേക്കും, തട്ടുകടകളുടെ 'ഹൈറോഡ്‌'ഉള്ള ചാലക്കുടി ഹൈവേയില്‍ എനിക്കും അവനും, ഓംലെറ്റുകളും ബുള്‍സൈകളും വേവാന്‍ തുടങ്ങിയിരുന്നു. വിജയങ്ങളും പരാജയങ്ങളും ലാഭങ്ങളും നഷ്ടങ്ങളും ജനനങ്ങളും മരണങ്ങളും ആഘോഷിച്ചിരുന്ന ഒരു കാലം. അമ്മാമ്മ, മാത്തന്റെയായതുകൊണ്ട്‌, ചിലവും അവന്റെ വക. 

മുട്ട മൊരിയുന്ന മാദക ഗന്ധത്തില്‍, പെട്രോള്‍ മാക്സിന്റെ ചൂടില്‍, സിസര്‍ പാക്കറ്റുകൊണ്ടുള്ള തൊപ്പിവച്ച മണ്ണെണ്ണ വിളക്കില്‍ നിന്ന് സിഗരറ്റ്‌ കൂട്‌ വെട്ടിയുണ്ടാക്കിയ കൊള്ളികൊണ്ട്‌ തീയെടുത്ത്‌ വില്‍സ്‌ കത്തിച്ച്‌ ഓംലെറ്റിനായി കാത്തിരുന്നു. 

ആകൃതിയും സീറ്റിങ്ങും നഷ്ടപ്പെട്ടു തുടങ്ങിയ അലൂമിനിയം പ്ലേറ്റില്‍ ആമ്പ്ലൈറ്റ് നിസ്സഹായയായി കിടന്നു. ഉപ്പും കുരമുളക്‌ പൊടിയും കൊണ്ട്‌ ഡെക്കറേറ്റ്‌ ചെയ്ത്‌ ഞാന്‍ സ്പൂണുകൊണ്ട്‌, ഒരു 'അരു' മുറിച്ചെടുത്ത്‌ കഴിക്കാനോങ്ങിയപ്പോള്‍, ഒരു സംശയം. 

 "ടാ., നിന്റെ അമ്മാമ്മ മരിച്ചിരിക്കല്ലേ, നിനക്ക്‌ ഇനി ഇതൊന്നും ഒരാഴ്ചത്തേക്ക്‌ കഴിക്കാന്‍ പാടുണ്ടോ?" 

ഓംലെറ്റിനെ അതിഭയങ്കരമായി മോഹിച്ച്‌, ബെഡില്‍ കമിഴ്ന്ന് കിടന്ന് കാലാട്ടിക്കൊണ്ട് വനിത വായിക്കുന്ന ജയഭാരതിയെക്കണ്ട ബാലന്‍.കെ. നായരെപ്പോലെയായ മാത്തന്‍,  “ഒന്നു പോടാ.. ഞങ്ങള്‍ മാപ്ലമാറ്ക്ക്‌ നോണ്‍ വെജൊഴിവാക്കിയിട്ടൊരു എടപാടില്ല“ എന്നമറി. ADSL കണക്ഷനില്‍ 100 kb യുടെ ഒരു ഫയല്‍ ഡൌണ്‍ലോഡ്‌ ചെയ്യുന്ന സമയം മാത്രമേ ഞങ്ങള്‍ക്ക്‌ ഓംലെറ്റ്‌ ഫിനിഷ്‌ ചെയ്യാന്‍ അന്നും വേണ്ടി വന്നുള്ളൂ. 

തിരിച്ചെത്തിയ ഞങ്ങളുടെ അടുത്ത ജോലി, ആളൂര്‍ മുതല്‍ കോടാലി വരെയുള്ള ഈ ബന്ധുക്കളെ അറിയിക്കലായിരുന്നു. അങ്ങിനെ മൂന്നുമുറി എന്ന സ്ഥലത്തുള്ള അവരുടെ ഒരു ബന്ധുവിന്റെ വീട്ടില്‍ പോകുമ്പോള്‍ സമയം അര്‍ദ്ധരാത്രി ഒന്നരയെങ്കിലും ആയിക്കാണണം. 

ഞാന്‍ കോളിംഗ്‌ ബെല്ലടിച്ചു. അകത്തുനിന്ന് ഒരു മുരളന്‍ ചോദ്യം “ആരരാാ ഇത്‌ ?“

മറുപടിയില്‍ മാത്തനെ തിരിച്ചറിഞ്ഞ അദ്ദേഹം ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌, തൃശ്ശൂര്‍ പാറമേക്കാവ്‌ വിമന്‍സ്‌ കോളേജിന്റെ മുന്‍പില്‍ പഞ്ചാരയടിക്കാനായെന്നപോലെ രാവുപകല്‌ നിന്ന നില്‍പ്‌ നില്‍ക്കുന്ന സ്റ്റാച്ച്യൂ കണക്കെയായിരുന്നു. ഒരു തലപ്പാവിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ... 

ഉടുത്തിരുന്ന മുണ്ട്‌ തോളിലിട്ട്‌ അത്‌ രണ്ടുകൈകൊണ്ടും വകഞ്ഞ്‌ മാറ്റി, കുന്നത്തിന്റെ ഷഡിയും ഇട്ടോണ്ട്‌ 'സൂപ്പര്‍മാനെ'പ്പോലെ നിന്ന റപ്പായേട്ടനെ കണ്ടിട്ട്‌ ചിരിയുടെ കണ്ട്രോള്‍ പോയ ഞാന്‍ ഒന്നും പറയാതെ, ഒതുക്കിച്ചിരിച്ച്‌ തിരിഞ്ഞു നിന്നു. 

ചിരിയൊതുക്കാന്‍ കഴിയാതെ പാവം മാത്തന്‍, പൊട്ടിച്ചിരിച്ചുകൊണ്ട്‌ പറഞ്ഞു. 

 “അമ്മാമ്മ മരിച്ചു!!“

38 comments:

  1. വിശാലാ, വായനയുടെ ഒടുവിൽ നിങ്ങൾക്കൊപ്പം ഞാനും ഉള്ളറിയാതെ ചിരിച്ചുപോയി. (ഞാനും പാപി).

    വിവരിച്ച രീതി എനിക്ക് വലിയ ഇഷ്ടമായി. നല്ല എഴുത്ത്. പുട്ടിന്റെ ഇടയിൽ തേങ്ങപോലുള്ള ഉപമകൾ അതിലും രസം.

    ഇനിയുമെഴുതുക എന്നുള്ള പതിവുമൊഴിയെഴുതി ഞാൻ ഒപ്പുവയ്ക്കുന്നു.

    ReplyDelete
  2. വിശാലന്‌ ചിരിക്കാതിരിക്കാൻ കഴിഞ്ഞേങ്കിലും വായിക്കുന്നവർക്ക്‌ ചിരിക്കാതിരിക്കാൻ കഴിയുമോ. ഏതായാലും വിശാലൻ ചിരിക്കുക വായനക്കരെയും ചിരിപ്പിക്കുക.

    ReplyDelete
  3. എങ്ങിനെയൊക്കെ ശ്രമിച്ചാലും ആർക്കും ഒട്ടും അനുകരിക്കാൻ പറ്റാതെ, പിന്നാലെവരുന്ന ആർക്കും പിടികൊടുക്കാതെ, സ്വന്തം വഴിവെട്ടി മുന്നോട്ടോടുന്ന ധിഷണ!
    അതിനെയാണ് സർഗ്ഗശക്തി എന്നു വിളിക്കേണ്ടത്.

    വിശാലമനസ്കന്റെ ഈ സർഗ്ഗശക്തിക്കുമുന്നിൽ പ്രണാമം!

    സാഷ്ടാംഗപ്രണാമം!

    ഈ എഴുത്തിനു പിൻപറ്റി വാഴ്ത്തു പാടാൻ പോലും യോഗ്യതയില്ലീയുള്ളവന്.

    വിളികേട്ടിറങ്ങിവന്നതിന് ഏറെ നന്ദിയുണ്ടെന്നുമാത്രം ഓർക്കുന്നു...

    ReplyDelete
  4. ഞാനും പാപി.

    ReplyDelete
  5. ചരിത്രകാരാ, പതിവുപോലെ ഗംഭീരം!
    ഭാഷയും ഉഗ്രൻ!

    ReplyDelete
  6. (മുകേഷിന്റെ കൊല്ലം ആക്സന്റില്‍)"ചിരിച്ച്‌ ചിരിച്ച്‌ മരിച്ച്‌"

    ReplyDelete
  7. Anonymous11/17/2005

    ഒരു ചായയും തട്ടികൂട്ടി കൊടകര പുരാണം കംബ്ലീറ്റ് വായിക്കാനിരുന്നു.അടിപൊളിയായിരുന്നു. ചായ ട്ടോ.

    കിടിലം ബ്ലോഗ് :)

    ReplyDelete
  8. റപ്പായിച്ചേട്ടന്റെ മനസ്സും വിശാലായിരുന്ന്വോ ആവോ! ഗംഭീരം!

    ReplyDelete
  9. തകര്‍ത്തു വിശാലാ. അടിപൊളിയായിട്ടുണ്ട്‌.

    ReplyDelete
  10. വിശാലാ,

    പതിവു പോലെ തന്നെ വളരെ നന്നായിരിക്കുന്നു..

    നിറകുടം തുളുമ്പില്ലെന്ന് പറയുന്ന പോലെ, ശബ്ദകോലാഹലങ്ങൾ വളരെക്കുറച്ചും, ഉന്നതനിലവാരമുള്ള പോസ്റ്റുകളേറെയും ഉള്ളൊരു ബ്ലോഗൻ ഇതാ. എഴുതാൻ മലയാളം ബ്ലോഗ്ഗർക്കൊരു മാതൃകയാണ് നിങ്ങൾ.

    -ഏവൂരാൻ.

    ReplyDelete
  11. Anonymous11/18/2005

    Excellent ennallE ithine paRayuka? boolOkam sampushTamaakkunnathin~ thanks, VM. -S-

    ReplyDelete
  12. Anonymous11/18/2005

    palappOzhum thOnnaaRunT~ nammuTe SU vinte oru mirror site aaNO ith~ enn~! ranTu pErum vaLAre nalla reethiyil vishayangaL kaikaaryam cheyyunnunT~. -S-

    ReplyDelete
  13. അസ്സലായി!
    ആ അമ്മാമ്മേം ചിരിച്ചിട്ടുണ്ടാകണം.

    ReplyDelete
  14. ഓരോ തവണ വിശാലമനസ്കന്റെ കഥവായിച്ച്‌ തലകുത്തനെ നിന്നു ചിരിക്കുമ്പോഴും വിചാരിക്കും ഇതായിരിക്കും വിശാലന്റെ മാസ്റ്റര്‍ പീസ്. അപ്പോ വരുന്നു, അതിനേക്കാള്‍ സൂപ്പര്‍ വേറൊന്ന്‌.

    കമന്റെഴുതിയില്ലെങ്കിലും ഒരു തരക്കേടില്ലാത്ത ഒരു വിശാലന്‍ ഫാന്‍ അസോസിയേഷന്‍ ചിക്കാഗോയിലുണ്ട്. അവര്‍ക്കു വേണ്ടി ഒരു അഭ്യര്‍ത്ഥന.. ഫോണ്‍ നമ്പറും വിലാസവും ഒന്നു പ്രൊഫൈലില്‍ ചേര്‍ക്കാമോ. ചിരിമൂത്ത്‌ ചിലപ്പോ ഒന്നു വിളിക്കാന്‍ തോന്നിയാലോ ;)

    കൂടാതെ നാട്ടിലേയ്ക്ക്‌ വരുന്ന സമയവും അറിയിക്കൂ. അതിനൊപ്പിച്ച്‌ റ്റിക്കറ്റ് ബുക്ക് ചെയ്തു വന്നാല്‍ ഒരു വിശാലന്‍ ലൈവും സംഘടിപ്പി്ക്കാമല്ലോ .. ഏത് ;)‌

    മിമിക്രി തമാശകളുടേയും സിനിക് തമാശകളുടേയും ഈ കാലത്ത് ഇങ്ങനെ 24 കാരറ്റ് ഹാസ്യം എഴുതാനാവുക നിസാരകാര്യമല്ല.

    ReplyDelete
  15. കുമാർ - :) ചന്ദ്രൻ മാഷ്‌ - :)വിശ്വം - :)തുളസി - :)അതുല്യ-:)കലേഷ്‌-:)ദേവൻ-:)രേഷ്മ-:)അചിന്ത്യ-:)നവനീത്‌-:)ഏവൂരാൻ-:)അനോനിമസ്‌(രണ്ടെണ്ണം)-:):)സിദ്ദാർത്ഥൻ-:)സിബു-:)

    പുരാണം എന്റെ കൊച്ചുകൊച്ചോർമ്മകളുടെ ഒരു കട്ടിംഗ്‌ ഏന്റ്‌ പേയ്സ്റ്റിംഗ്‌ മാത്രമാണ്‌. കുറച്ച്‌ പേർക്കെങ്കിലും, അത്‌ വായിക്കുമ്പോൾ ബോറടിക്കാതിരിക്കുകയും വിഷയത്തിൽ ഒരു കൌതുകം തോന്നുന്നുകയും ചെയ്താൽ തന്നെ ഞാൻ ധന്യനാകുമെന്നിരിക്കേ, നിങ്ങളൊക്കെ വായിച്ച്‌ ചിരിക്കുന്നുവെന്നറിയുമ്പോൾ വളരെ വളരെ സന്തോഷം തോന്നുന്നു.

    ReplyDelete
  16. ഞങ്ങൾ ചിലർ ഭാഗ്യവാന്മാരത്രെ! വിശാലനെ വിശാലമായി തന്നെ ഫോൺ ചെയ്തു അഭിനന്ദനങ്ങൾ രേഖപ്പെടുത്തുവാൻ സാധിക്കുന്നു.

    വിശാലനെ ഇപ്പോൾ തന്നെ വിളിച്ചോള്ളൂ രാത്രി 12 നു് ഉറങ്ങുകയൊന്നുമില്ലെന്നു് പറഞ്ഞ്‌ എന്നെക്കൊണ്ട് വിളിപ്പിച്ച് വിശാലന്റെ ഉറക്കവും ഏതാണ്ടതേ ഡയലോഗ് (രാവിലെ 8 നു തന്നെ വിളിച്ചോള്ളൂ പെരിങ്ങോട്ടൻ നേരത്തെ എഴുന്നേൽക്കും) തിരിച്ചു പറഞ്ഞു് എന്റെ ഉറക്കവും നശിപ്പിച്ച ബൂലോഗത്തിലെ ഒരു സങ്കുചിതമനസ്കനെ കൈയിൽ കിട്ടിയിരുന്നുങ്കിൽ....

    ReplyDelete
  17. പെരിങ്ങോടന്റെ കമന്റും കണ്ടുകഴിഞ്ഞപ്പോഴാണ് എനിക്കീ പോസ്റ്റിൽ ഒരു കമന്റെഴുതാൻ പറ്റിയില്ല എന്ന ബോധം ഉദിച്ചത്.
    എല്ലാവരും പറഞ്ഞ നല്ല അഭിപ്രായങ്ങൾ ഒക്കെ ചേർത്തുവച്ചാൽ എന്റെ അഭിപ്രായമായി :)

    പെരിങ്ങോടാ, കുടുംബമായി ജീവിക്കുകയും ഉറക്കത്തിൽ പോലും ക്രിയേറ്റീവായി വിശാലസ്വപ്നം കാണുകയും ചെയ്യുന്ന വിശാലനെ പാതിരായ്ക്കു വിളിക്കാൻ ആരുപറഞ്ഞു?

    ReplyDelete
  18. This comment has been removed by a blog administrator.

    ReplyDelete
  19. താങ്കളുടെ എഴുത്തിന്റെ ശൈലി അപാരം തന്നെ....
    ചിരിച്ചുമണ്ണുകപ്പിക്കഴിഞ്ഞപ്പോഴാണ് അപകടം മനസ്സിലായത്.

    ReplyDelete
  20. പെരിങ്ങോടൻ-:) അനിൽ-:) പുല്ലൂരാൻ-:) ഗന്ധർവ്വൻ-:) സു-:) വക്കാരമിഷ്ടാ (എന്തര്‌ പേരന്റമ്മച്ചീ)-:)

    കമന്റുകളെഴുതിയതിന്‌ വളരെ നന്ദി. പോസ്റ്റിങ്ങുകൾ തുടർന്നും വായിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്‌.... മെയിൻ ഹോബി ബ്ലോഗിങ്ങായിപ്പോയ ഒരു ബ്ലോഗൻ.

    ReplyDelete
  21. ചിരി ആരോഗ്യത്തിന് നല്ലതാണത്രേ. ഇക്കണക്കിനു പോയാൽ ഞാനും ആര്യനാട് ശിവശങ്കരനെ പോലെയാകും.

    ReplyDelete
  22. Anonymous1/27/2006

    Visala ,

    Excellent Moneeee !!1

    Nambisan

    ReplyDelete
  23. Anonymous1/02/2007

    കൊടകരപുരാണം എന്ന് കേട്ടിട്ടേ ഉന്ടായിരുന്നുള്ളൂ . . വായിച്ചപ്പോള്‍ വളരെ ഇഷ്ടപ്പെട്ടു . . സം ഗതി കിടിലന്‍ ആണ്ട്ടോ

    ReplyDelete
  24. വിശാലാ എന്താ ഇതിലോക്കെ മലയാള ബ്ലോഗര്‍ പേരുകള്‍ക്കു പകരം ചൈനീസ് അക്ഷരങ്ങള്‍ പോലെ വരുന്നത്?
    ബാധ കേറിയോ?
    അതോ പഴയ അപരനാണോ ഇത്?

    ReplyDelete
  25. പാവം റപ്പായിച്ചേട്ടന്‍ വല്ലതും മനസ്സിലായിട്ടുണ്ടാവുമോ എന്തോ?
    വിശാലേട്ടാ :)

    -പച്ചാളം-

    ReplyDelete
  26. ..എന്നെയങ്ങ് കൊല്ല് ..
    ഇങ്ങനെ ചിരിപ്പിക്കുന്നതിലും നല്ലത് അതാ..

    ReplyDelete
  27. Anonymous4/13/2007

    This is too much...I cannot control myself..Problem is i am at officer and everyone is looking at me!!!!!!

    ReplyDelete
  28. vishalaa , kalaki .njan oru vaykiyethiyaya vayanakkaran anne . kidilam blogs

    ReplyDelete
  29. Anonymous9/11/2007

    Started to read 'Kodakarapuranam'.Can not resist to say 'OUTSTANDING'.You are VKN II.

    Biju

    ReplyDelete
  30. Anonymous11/02/2007

    You resembled O henry

    ReplyDelete
  31. ബെഡില്‍ കമിഴ്ന്ന് കിടന്ന് കാലാട്ടിക്കൊണ്ട് വനിത വായിക്കുന്ന ജയഭാരതിയെക്കണ്ട ബാലന്‍.കെ. നായരെപ്പോലെ

    അന്യായ അലക്ക് തന്നെ മാഷേ ..... :) :)

    ReplyDelete
  32. ഹാ ഹാ ഹാ... എന്റമ്മോ... എന്നെയങ്ങ് കൊല്ല്... ചിരിച്ചു ട്ടോ... ശെരിക്കും ചിരിച്ചു...

    ReplyDelete
  33. ഞാനും പാപി.

    ReplyDelete
  34. നന്നായിരിക്കുന്നു വിശാലേട്ടാ.... ഉപമയും അവതരണരീതിയും ഗംഭീരം

    ReplyDelete
  35. അവസാനം അറിയാതെ ചിരിച്ചുപോയി. എവിടെനിന്നും നര്‍മ്മം വേര്‍തിരിച്ചെടുക്കുവാനുള്ള നിങ്ങളുടെ കഴിവ് അപാരം തന്നെ

    ReplyDelete
  36. Anonymous10/13/2011

    super ...............

    ReplyDelete