Saturday, August 16, 2008

കൊടുംപാപി

യൌ‌വനത്തിന്റെ ചോരത്തിളപ്പില്‍ കൊടും പാപിയാവാന്‍ വിധിക്കപ്പെട്ട ഒരു സത്യകൃസ്ത്യാനിയുടെ കഥയാണിത്.

മകരമാസത്തിലെ പൂരം നാളില്‍ കൊടകരക്കടുത്തുള്ള ആലത്തൂർ മുണ്ടക്കല്‍ ഫാമിലി ഭഗവതി ക്ഷേത്രത്തിലെ ഉത്സവം വര്‍ഷാവര്‍ഷം അതിഗംഭീരമായി ആഘോഷിച്ചുപോരുന്നു.

പൂരം പ്രമാണിച്ച് കുമ്മായം പൂശി സുന്ദരക്കുട്ടപ്പനാക്കിയ അമ്പലത്തിലെ സ്പെഷല്‍ പൂജക്കും ദീപാരാധനക്കും പുറമേ, പറ വെപ്പ് വഴിപാട്, കതിനാവെടി വഴിപാട് എന്നിവ നടക്കും. തുടര്‍ന്ന് ഉരുളി, വിറക്, അടുപ്പും കല്ല്, അലൂമിനീയം കലം എന്നീ സാമഗ്രഹികളുമായി ടെമ്പോയുടെ മുകളില്‍ നിന്ന് കൂട്ടം കൂട്ടമായി എത്തിച്ചേരുന്ന മുണ്ടക്കല്‍ വിശ്വാസികള്‍ അമ്പല കോമ്പൌണ്ടില്‍ വച്ച് പായസം വെപ്പ് വഴിപാടും നടത്തും. വൈകീട്ട് അടുത്തുള്ള ഏതെങ്കിലുമൊരു ഫാമിലി സ്പോണ്‍സര്‍ ചെയ്യുന്ന 2 സ്റ്റാര്‍ സദ്യ, രാത്രി ഒരു പുണ്യപുരാതനഭയങ്കരന്‍ നാടകം!

ആദ്യകാലത്ത് ആനയെ എഴുന്നിള്ളിച്ചിരുന്ന പൂരത്തിന് “ഇനി മുതല്‍ ആന വന്നിട്ടുള്ള എടപാട് വേണ്ടാ..!” എന്ന ഐക്യകണ്ഠേനെയുള്ള നിലപാട് കൈകൊള്ളുന്നത്, നാടകത്തിനിടെ ഒരുകൊല്ലം ആന ഇടഞ്ഞതിന് ശേഷമാണ്.

തെങ്ങിന്‍ പറമ്പുകളാല്‍ ചുറ്റപ്പെട്ട് ഏറെക്കുറെ പറമ്പിന്റെ നടുക്ക് മോട്ടോര്‍ പുര ഇരിക്കും പോലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍, പൂരത്തിന് പോയ പലരും ആനയിടഞ്ഞുണ്ടായ പരക്കം പാച്ചലില്‍ കവുങ്ങിലും തെങ്ങിലും ഇടിച്ചും കൊക്കരണിയില്‍ വീണും സാരമായ പരിക്കോടെയാണ് തിരിച്ചെത്തിയത്. ഹവ്വെവര്‍, പിറ്റേന്ന് ചിതറി കിടന്ന കലങ്ങളും പാത്രങ്ങളും കണ്ടാണത്രേ, “ആന ചവിട്ടിയ അലൂമിനീയം കലം പോലെ” എന്ന പ്രശസ്തമായ ഉപമ ഉണ്ടായത്‌.

മുണ്ടക്കക്കാരുടെ അമ്പലത്തില് പൂരത്തിന് പോകാന്‍ ഞങ്ങള്‍ക്ക് ഓരോ പ്രായത്തില്‍ ഓരോ അട്രാക്ഷനായിരുന്നു.

സേമിയ ഐസും നെയ് പായസവുമാണ് ഈ ലോകത്തില്‍ ഏറ്റവും ടേയ്സ്റ്റുള്ള ഐറ്റംസ് എന്നും അതൊക്കെ ഇടതടവില്ലാതെ ലഭിച്ചാല്‍ ജീവിതവിജയമായി എന്ന് വിശ്വസിച്ചിരുന്ന കാലഘട്ടത്തില്‍, ടി ഐറ്റംസും രവിച്ചേട്ടന്റെ ടെമ്പോയുടെ പിറകില്‍ നിന്ന് കാറ്റുകൊണ്ടുള്ള പോക്കും, വൈ രാജാ വൈയും, നാടകുത്തും പിന്നെ ഇന്റര്‍വെല്‍ വരെ ചരല്‍ മണ്ണില്‍ ഇരുന്നും പിന്നീട് നിരങ്ങി നിരങ്ങി ചരല്‍ മാറ്റിയ പൂഴിമണ്ണില്‍ കിടന്നും എഞ്ജോയ് ചെയ്ത് കണ്ടിരുന്ന നാടകങ്ങളുമൊക്കെയായിരുന്നു മുഖ്യാകര്‍ഷണങ്ങള്‍.

ഞങ്ങള്‍ വളര്‍ന്ന് പാരഗണ്‍ ചെരുപ്പ് വെളുവെളാ വെളുപ്പിച്ച്, നെറ്റിയില്‍ ചന്ദനക്കുറിയും മധ്യഭാഗത്ത് കുങ്കുമം കൊണ്ടുള്ള ഒരു ചെറിയ ഡോട്ടുമിട്ട്, ബോണ്ട തിന്നാല്‍ പൊട്ടിപ്പോകുന്ന തരം നേര്‍ത്ത സ്വര്‍ണ്ണമാലയുമിട്ട്, ഒരടി വീതിയില്‍ മുണ്ട് വളച്ച് കുത്തി, തലയില്‍ കിളിക്കൂടും വച്ചു മാരക ഗ്ലാമറില്‍ ഷൈന്‍ ചെയ്ത് നടന്ന കാലത്ത് അട്രാക്ഷന്‍ ‘ആലത്തൂരിലെ ചോത്തിക്ടാങ്ങള്‍, ഒളിച്ചും പാത്തും ബീഡിവലി, മനശാസ്ത്രജ്ഞന്റെ മറുപടി‍, ഷര്‍ട്ടൂരി അമ്പലത്തിനുള്ളിലെ ബോഡിഷോ,’ എന്നിവയൊക്കെയായി മാറി.

ഒരു കൊല്ലം പൂരത്തിന്, ആലത്തൂരെ അട്രാക്ഷന്‍സിനെ പറ്റി കേട്ടറിഞ്ഞ് കുഞ്ഞുവറീത് മകന്‍ ഈച്ചരന്‍ ഷാജുവും ഞങ്ങളുടെ കൂടെ വന്നു.

ഈച്ചരന്‍ ഷാജുവിനെ പറ്റി പറഞ്ഞാല്‍, അന്നും ഇന്നും കരയില്‍ ഇത്രേം അഡ്വഞ്ചറസ് ആയ യുവാവ് വേറെയില്ല. ഇടിവെട്ടില്‍ തലപോയി പാടത്തേക്ക് ചാഞ്ഞ് നിന്ന ചമ്പത്തെങ്ങിലെ പൊത്റ്റില്‍ തത്തമ്മയെ പിടിക്കാന്‍ കയറാന്‍ അന്ന് ഷാജു ഒന്നേയുണ്ടായിരുന്നുള്ളൂ!! ശേഷം, തെങ്ങും തത്തമ്മയും ഷാജുവും കൂടെ ഒരുമിച്ച് ചേറില്‍ കിടന്നത് കണ്ടവരാരും ഷാജുവിനെ മറക്കില്ല! അങ്ങിനെയെത്രയെത്ര കഥകളില്‍ ഹീറോ! ഈച്ചരന്‍ ഷാജു അന്നും എന്നും കൊടകരയിലെ പിള്ളേഴ്സുകള്‍ക്കിടയില്‍ ഒരു വികാരമായിരുന്നു.

അന്നവന്റെ അളിയന്‍ യമനിലാണ്. അവിടെ നിന്ന് കൊണ്ടുവന്ന റോത്ത്മാന്‍സ് റോയത്സ് എന്ന ഒരിനം മുന്തിയ തരം, നീട്ടം കൂടിയ സിഗരറ്റ് അവന്റെ കയ്യിലുണ്ട് എന്ന ഇന്‍ഫോര്‍മേഷനായിരുന്നു, പൂരത്തിന് പോകാന്‍ അവനെ ക്വോളിഫൈ ചെയ്യിച്ചത്.

അമ്പലപ്പറമ്പിന്റെ പിറകിലെ മാവിന്റെ മറയിലായിരുന്നു അന്ന് വലിത്താവളം. റോത്തമാന്‍സ് റോയത്സിന് റെയ്നോള്‍ഡ് പെന്നിന്റെ നീളമാണ്. “സ്ഥിരമായി വലിച്ചാല്‍ ചുണ്ട് മലന്ന് പോകുമോ?” എന്ന് പോലും സംശയം തോന്നിപ്പോകും. ഒരു തീപ്പെട്ടിപടത്തിന്റെ കൂടെ കരുതിയ നാലുകൊള്ളിയും ലക്ഷ്യം കാണാതെ വന്ന് തീയന്വേഷിക്കുമ്പോഴാണ് അടുത്തൊരു പറമ്പില്‍ നേര്‍ത്ത പുക കാണുന്നത്.

‘ഡാ നിന്നെ ഈ ഭാഗത്താരും അറിയാത്തതല്ലേ? നിന്നെ കണ്ടാലും വിഷയല്ല. ഒന്ന് കത്തിച്ചോണ്ട് വാടാ’ എന്ന പൊതു അഭിപ്രായം കണക്കിലെടുത്ത് ഷാജു തന്നെ, സിഗരറ്റ് കത്തിച്ചോണ്ട് വരാന്‍ നിയുക്തനായി.

ഷാജു പോയി ഒരു രണ്ട് മിനിറ്റായിക്കാണും, പോയോടത്തുന്ന് ഭയങ്കര ബഹളം!!

നോക്കുമ്പോള്‍, കുറച്ചപ്പുറത്തായി ...ഷാജു വേലി വട്ടം ചാടി ഓടുന്നു!!!

ഉദ്ദ്വോഗത്തിന്റെ നിമിഷങ്ങള്‍. എന്താ സംഭവിച്ചതെന്ന് ഒരു ക്ലൂവുമില്ല.

“അവന്‍ ഇനി അവിടെ വല്ല കുളിമുറിയിലും ഒളിച്ച് നോക്കിയോ?? വല്ലവരേം വല്ലതും...“ ആകെ ടെന്‍ഷന്‍!

പതുക്കെ പറമ്പിലേക്ക് നോക്കുമ്പോള്‍ വീട്ടുകാര്‍; ചേര പാമ്പിനെ കണ്ട നാടന്‍ കോഴികളെപ്പോലെ തലയും ഉയര്‍ത്തി നില്‍ക്കുന്നു!

“ചെറ്റത്തരം! ഇവന്റൊക്കെ കയ്യും കാലും തല്ലിയൊടിച്ചാ വിടണം. ശവി!”

“ആ... അപ്പോള്‍ പെണ്ണ് കേസു തന്നെ!” ഞങ്ങള്‍ തമ്മില്‍ തലയാട്ടി ഉറപ്പിച്ചു.

സംഗതി എന്താണെന്നൊന്നറിയാന്‍, ഒന്നന്വേഷിച്ചേക്കാം എന്ന ചിന്ത അതോടെ മാറി. ഒളിഞ്ഞ് നോട്ടം അന്വേഷിക്കാന്‍ പോയാല്‍ നമ്മുടെ സമയം നല്ലതാണെങ്കില്‍...ചിലപ്പോള്‍ ഷര്‍ട്ടിന്റെ നിറം സെയിമാണെന്നോ ഒരേ ഉയരമാണേന്നോ മറ്റോ പറഞ്ഞ് നമ്മള്‍ പ്രതിയായിപ്പോകും. അതുകൊണ്ട് ഒന്നുമറിയാത്ത പോലെ നിന്ന് പതുക്ക് തെറിക്കാം എന്ന് കരുതി നില്‍ക്കുമ്പോള്‍ വീട്ടില്‍ നിന്ന് ഒരു അറുപത് വയസ്സ് ലുക്കുള്ള ഒരാള്‍ വേലിക്കരികിലേക്ക് വന്നു.

“ഞങ്ങള്‍ വേറേ ടീം“ എന്ന ഭാവേനെ നിന്ന ഞങ്ങളോട് ആള്‍ പറഞ്ഞു.

“നിങ്ങളറിയുമോ ഇപ്പത്തന്നെ ഈ പറമ്പിലേക്ക് ചാടിയവനെ?“

“ഏയ്.... ഞങ്ങള് കണ്ടില്ല!” എന്ന മറുപടി കേട്ട്, ആള്‍ പറഞ്ഞു:

“വെള്ളമുണ്ടുടുത്ത് ആരാ ഈനേരത്ത് പറമ്പില്‍ കൂടെ നടക്കുന്നേന്ന് ഓര്‍ത്ത് നോക്കുമ്പോള്‍ ഒരു മഹാപാപി എന്റെ അച്ഛനെ ദഹിപ്പിച്ച ചിതയില്‍ നിന്ന് ഒരു കൊള്ളിയെടുത്ത് സിഗരറ്റ് കത്തിക്കുന്നു. ഇത്രക്കും വകതിരിവില്ലാത്തവരുണ്ടോ? വൃത്തികെട്ടവന്‍!”

കേട്ടവശം പുറത്ത് ചാടിപ്പോയ ചിരി ഒരുവിധം അടക്കി “ശോ! ആരായാലും അവനെ വെറുതെ വിടരുത്...“ എന്ന് പറഞ്ഞ് ഞങ്ങള്‍ വേഗം സംഭവസ്ഥലത്തു നിന്ന് സ്കൂട്ടായി.

അപ്പോള്‍, ചവര്‍ കൂട്ടിയിട്ട് കത്തിച്ച പുകയായിരുന്നില്ലത്. തലേന്ന് രാവിലെ മുതല്‍ കത്തി അവസാന സ്റ്റേജിലെത്തിയ ഒരു ചിതയായിരുന്നത്. മഹാപാപി. കൊടും പാപി.

സൌന്ദര്യമത്സരം കാണാനും നാടകത്തിനും നില്‍ക്കാതെ അന്നവിടെ നിന്ന് മുങ്ങിയ ഷാജുവിനോട് പിറ്റേന്ന്; “ചവര്‍ കത്തിക്കണതും ആളെ ദഹിപ്പിക്കണതും കണ്ടാല്‍ തിരിച്ചറിയാനുള്ള പഠിപ്പ് പോലും തികഞ്ഞില്ലേ ഉണ്ണീ നിനക്ക്?” എന്ന ചോദ്യത്തിന് മറുപടിയായി ആ കൊടുംപാപി ഇപ്രകാരം പ്രതിവചിച്ചു,

“ഞാനും വിചാരിച്ചൂട്ടാ.. ഈ ചവര്‍ കത്തിക്കണോടത്ത് എന്തിനാ ഈ അരിയും പൂവും നാളികേരം മുറിയുമൊക്കെ വച്ചേക്കണേ..ന്ന്!“