Sunday, May 11, 2008

ബ്ലാങ്കറ്റ്

സര്‍ഫറാസിനെ ഞാനാദ്യമായി കാണുന്നത്, ജെബലലിയിലെ എട്ടാം നമ്പര്‍ റൌണ്ട് അബൌട്ടിന്റെ സമീപത്തുള്ള കാന വട്ടം ചാടിക്കടന്നപ്പോഴാണ്. ഒരു ശനിയാഴ്ച കാലത്ത്.

നെഞ്ചുവിരിച്ച് പിടിച്ച് ഇമ്രാന്‍ ഖാനെപ്പോലെ ഒരു ഉരു. അപ്പര്‍ പീസ് ഉടുപുടവയില്‍, മാച്ചിങ്ങ് ചൊകചൊകപ്പന്‍ വരയന്‍ ടൈ. അഴകാന സമൂസക്കെട്ടോടെ!

‘ദൈവമേ.. ഇവനൊരു സ്‌ത്രീലമ്പടനോ കള്ളനോ കൊലപാതകിയോ മിനിമം കുടുംബത്തേക്ക് ഉപകാരമില്ലാത്തവനോ ആവണേ!‘ എന്ന് ഏതൊരു ശരാശരി മലയാളിയും യുവാവും പ്രാര്‍ത്ഥിച്ചുപോകുന്ന ലുക്ക്.

ബ്ലൂ ഷെഡ് വെയര്‍‌ഹൌസുകളില്‍ ബി.സി. 4 ലൈനില്‍ , വടക്ക് നിന്ന് തെക്കോട്ട് അന്ന് ആദ്യത്തെ കമ്പനി, എസര്‍ കമ്പ്യൂട്ടേഴ്സ് ആയിരുന്നു. പിന്നെ കോഡ് സ്ട്രാപ്പ്. അതുകഴിഞ്ഞാല്‍ ലാന്റ് റോവറില്‍ വരുന്ന ഒരു അമ്മാമ്മ മദാമ്മയുടെ ഓഫീസ്, പിന്നെ രണ്ടെണ്ണം കൂടെ കഴിഞ്ഞാല്‍ എന്റെ കമ്പനി!

കാഴ്ചക്ക് ലുക്കുള്ള ഈ അപരിചിത മുന്‍പേഗമി, ഈ ലൈനില്‍ ഏതെങ്കിലുമൊരു കമ്പനിയിലെ എക്കൌണ്ടോ കമ്പ്യൂട്ടര്‍ പ്രോഗ്രാമറോ ആയിരിക്കും! ഞാനൂഹിച്ചു. “പക്ഷെ... ഏതായിരിക്കും കമ്പനി ??“

“കല്ലി വല്ലി.. എവിടെയെങ്കിലുമാവട്ടെ!“ ഞാന്‍ ആ കളചിന്തയെ പറിച്ചെടുത്തു.

വെക്കേഷന് നാട്ടില്‍ പോയിട്ട് ഓഫീസിലേക്ക് ആദ്യമായി വരുന്നവരവായിരുന്നന്ന്. ടി.വി.യില്‍ ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരിക്കേ, അമ്മ, മുളക് പൊടിപ്പിക്കാന്‍ പറഞ്ഞ് വിടുമ്പോഴുള്ള മാനസികാ‍വസ്ഥയിലാണ് വരവ്.

വീട്ടില്‍ നിന്നും ഇറങ്ങുന്നതിലും കടുത്ത സങ്കടമാണ്, ദുബായില്‍ നിന്ന് ജെബല്‍ അലിയിലേക്കുള്ള ബസില്‍ കയറിയിരിക്കുമ്പോള്‍ . വല്ലാതെയങ്ങ് ഒറ്റപ്പെട്ടുപോകും. മനസ്സിനെ ഉത്സവപ്പറമ്പില്‍ നിന്ന് ആള്‍ട്ട്‌+ടാബ് അടിച്ച് ശവപ്പറമ്പിലേക്ക് സ്വിച്ച് ചെയ്ത അവസ്ഥ.

സംഗതി, ദുബായ് വച്ച് നോക്കിയാല്‍ കൊടകര ഒരു പൊട്ട കിണറും ഞാനതിലെ ഒരു മാക്കാന്‍ തവളയുമാണ്. പക്ഷെ, നമ്മളെ പരിചയമുള്ള, സഹ മാക്കാന്‍/മാക്കാച്ചിമാരെ കണ്ടും മിണ്ടിയും തോണ്ടിയും ഓര്‍മ്മവച്ച കാലം മുതല്‍ പരിചിതമായ ആ പൊട്ടക്കിണറിന്റെ തണലിലും തണുപ്പിലും സുരക്ഷിതത്വത്തിലും അര്‍മ്മാദിച്ച് ജീവിക്കുന്നതിന്റെ ആ ഒരു രസം, അതിനി എത്തറ ഹൈട്ടെക്കായാലും മെട്രോപോളിയനായാലും, ഒരു മനുഷ്യ കുഞ്ഞ് നേം അറിയാത്തൊരു നാട്ടില്‍, മാക്കാന്റെ മനസ്സുമായി ജീവിക്കുന്ന എനിക്കെവിടുന്ന് കിട്ടാന്‍ ??

സര്‍ഫറാസ്, കടും വെട്ട് മദാമ്മയുടെ കമ്പനിപ്പടി ക്രോസ് ചെയ്തപ്പോഴാണ് എനിക്ക് അതുവരെ തോന്നാഞ്ഞ ഒരു റ്റെന്‍ഷന്‍ വന്നത്.

“പാമ്പുകടിക്കാന്‍ ഇനി ഇവന്‍ നമ്മുടെ കമ്പനിയിലേക്കെങ്ങാനുമായിരിക്കുമോ?“

“എന്റെ പോസ്റ്റില്‍, പണി മര്യാദക്കറിയുന്നവരെ വല്ലവരേം പിടിച്ച് വച്ചോ??“

നാട്ടില്‍ പോയതിന്റെ തലേ ആഴ്ച, റഷ്യയിലേക്ക് അയച്ച ഒരു ടി.ടി.‍, അക്കൌണ്ട് നമ്പറില്‍ ഒരു ഡിജിറ്റ് മാറിപ്പോയെന്ന നിസാര കാരണത്താല്‍, ‘ഇല്ലത്തൂന്നിറങ്ങേം ചെയ്തു. അമ്മാത്തോട്ടേത്ത്യേമില്ല’ എന്ന റോളിലായി ഷിപ്പ്‌മെന്റ് ഹോള്‍ഡ് ആയതിന് ശേഷം മൊയലാളിക്ക് എന്നോട് ഭയങ്കര വാത്സല്യമായിരുന്നേയ്.

എന്റെ ഹൃദയമിടിപ്പിന്റെ സ്പീഡ് കുത്തനെയുയര്‍ത്തിക്കൊണ്ട്, ഞാന്‍ പ്രതീക്ഷിച്ച പോലെ, അങ്ങിനെ അവസാനം സര്‍ഫറാസ് നെഞ്ചുവിരിച്ചുപിടിച്ച്, എന്റെ കമ്പനിയിലേക്ക് കയറി. ഒരു പത്തു മീറ്റര്‍ പിറകില്‍, ‘ഈശ്വരാ...’ എന്ന് വിളിച്ച് ഞാനും.

മെയിന്‍ ഡോര്‍ തുറന്ന് ഞാന്‍ അകത്ത് കയറിയ വശം, എന്റെ ശ്വാസം പകുതി ഓക്കെയായി. ഭാഗ്യം, അവന്‍ നമ്മുടെ സീറ്റിലല്ല ഇരിക്കുന്നത്.

‘ഗുഡ് മോണിങ്ങ്’ പറഞ്ഞ് എന്റെ സീറ്റിലിരുന്ന പാടെ, സര്‍ഫറാസ് എണീറ്റ് എന്റെ അടുത്തുവന്ന്, സ്വയം പരിചയപ്പെടുത്തി പറഞ്ഞു.

“ഞാന്‍ സര്‍ഫറാസ്. പുതിയതായി വന്ന ഓഫീസ് ബോയ് ആണ്. ഇവിടെ, ചായ വേണോ അതോ കാപ്പിയോ?“

“അതു ശരി. അപ്പോ ടയ്യും കോപ്പും കെട്ടി, മനുഷ്യനെ പേടിപ്പിക്കാന്‍ നടക്കുകയാണല്ലേ?” എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഒരു ദീർഘനിശ്വാസമുതിർത്തുകൊണ്ട് ഞാൻ പറഞ്ഞു:

‘നല്ല കടുപ്പത്തിൽ ഒരു ചായ. പഞ്ചസാര രണ്ട് സ്പൂൺ ഇട്ടേര്!’

തല്‍ക്കാലികമായി സര്‍ഫറാസിനെ എന്റെ റൂമിലാക്കിയപ്പോള്‍, സര്‍ഫറാസ് എന്നൊരു പാക്കിസ്ഥാനിയെ എനിക്ക് ഓഫീസിലും അക്കോമഡേഷനിലും അസിസ്റ്റന്റായി കിട്ടുകയായിരുന്നു.

റൂമില്‍ വച്ച് അവനെനിക്ക് ‘അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹി മുബറക്കാത്തുഹു’ എന്ന് പറയാന്‍ പഠിപ്പിച്ചു തന്നു. പകരം, ഞാനവന് ‘പള്ളിക്കെട്ട് ശബരിമലക്ക്’ എന്ന അയ്യപ്പഭക്തിഗാനം പഠിപ്പിച്ചുകൊടുത്തു. നമുക്കൊന്നും വെറുതെ വേണ്ട!

ലൈഫില്‍ ഇന്നേവരെ പല്ലുതേക്കാത്തതുകൊണ്ട്, കൊള്ളിപ്പുഴുക്ക് തിന്നിട്ട് വായകഴുകാത്ത പോലെയുള്ള ദന്തകാന്തിയാണെന്നതൊഴിച്ചാല്‍ സര്‍ഫറാസിനെ എനിക്കിഷ്ടമായിരുന്നു.

ഹവ്വെവര്‍, വെയര്‍ ഹൌസിലെ ഫോര്‍ക്ക് ലിഫ്റ്റ് എടുത്തോണ്ട് പോയി ചുമരിലിടിച്ചതും, സൂപ്പര്‍വൈസറെ കമ്പിപ്പാരക്ക് അടിക്കാന്‍ പോയതുമെല്ലാം സര്‍ഫറാസിന് കമ്പനിയില്‍ നിന്ന് പുറത്തേക്ക് വഴിയൊരുക്കി.

അവന്റെ വിസ ക്യാന്‍സല്‍ ചെയ്തിട്ടും, മറ്റൊരു ജോലി കിട്ടും വരെ എന്റെ കൂടെ തന്നെ താമസിപ്പിച്ചത് എന്റെ സ്പെഷല്‍ റിക്വസ്റ്റിന്റെ പുറത്തായിരുന്നു, മാനേജര്‍ക്ക് യാതൊരു താല്പര്യമില്ലാതിരുന്നിട്ടും!

ഒരു വെള്ളിയാഴ്ച വൈകുന്നേരം ഞാന്‍ റൂമില്‍ ചെല്ലുമ്പോള്‍, റൂം ശൂന്യം. സര്‍ഫറാസുമില്ല, അവന്റെ പെട്ടിയുമില്ല, കുടുക്കയുമില്ല.

എന്നാലും എന്നോടൊരു വാക്ക് പറയാതെ പോയത് കഷ്ടമായല്ലോ... എന്നോര്‍ത്ത് ‘കൂടെ വേറെ വല്ലതും പോയോ?’ എന്ന് നോക്കുമ്പോഴാണത് ശ്രദ്ധിച്ചത്.

അവന്റെ കിടക്കയില്‍ ‍‍, ബ്ലാങ്കറ്റ് കാണാനില്ല! കമ്പനി വക. പുതുപുത്തന്‍!

‘അപ്പോള്‍ അതാണ് ഗഡി പറയാതെ മുങ്ങിയത്. ങും.. ചീപ്പായിപ്പോയി!‘. എന്നും തോന്നി.

പിറ്റേന്ന് ഓഫീസില്‍ ചെന്ന്, അബ്സ്കോണ്ടിങ്ങ് ഓഫ് ബ്ലാങ്കറ്റിനെ ക്കുറിച്ച് ബോസിനോട് പറഞ്ഞപ്പോള്‍ , ആള്‍, ‘ഐ റ്റോള്‍ഡ് യു. ഐ റ്റോള്‍ഡ് യു.. (2) ഇറ്റ്സ് യുവര്‍ മിസ്‌റ്റേക്ക്’ എന്ന് പലവുരു പറയുകയും,

എനങ്ങാതിരിക്കണ ചുണ്ണീമെ ചുണ്ണാമ്പ് തേച്ച് പൊള്ളിച്ചു എന്ന് പറയും പോലെ, അങ്ങിനെ അവന്റെ ബ്ലാങ്കറ്റ് തിരിച്ചുവാങ്ങല്‍‍ നമ്മുടെ ഉത്തരവാദിത്വമായി മാറി.

സംഗതി രാവ് പകല്‍ കൊണ്ടുപിടിച്ച വര്‍ത്താനമായിരുന്നു എങ്കിലും, സര്‍ഫറാസുമായി ആകെയുള്ള ബന്ധം അവന്റെ ചേട്ടന്റെ നമ്പറാണ്. അന്നേ ദിവസം ഞാന്‍ പലതവണ ചേട്ടനെ വിളിച്ചു. പക്ഷെ, ആള്‍ എടുക്കുന്നില്ല.

രണ്ടു പകലും രണ്ടു രാത്രിയും അങ്ങിനെ ഞാന്‍ സര്‍ഫറാസിനെ വെറുത്തു. എങ്കിലും അവന്റെ ചേട്ടന്‍ വര്‍ക്ക് ചെയ്യുന്ന കമ്പനി അറിയാവുന്നതുകൊണ്ട് അവിടെ പോയി ചോദിക്കാമെന്നും കരുതി സമാധാനിച്ചു.

പിറ്റേദിവസം രാവിലെ ഒരു പത്തുമണിയായിക്കാണും. ഓഫീസിലേക്ക് സര്‍ഫറാസിന്റെ ഒരു കോള്‍.

അവന്റെ സ്ഥിരം നമ്പറുകളായ ഒരുപാട് ഉപചാര ചോദ്യോത്തരങ്ങള്‍ക്ക് ശേഷം, കമ്പനിയില്‍ എന്നെ മാത്രം അതീവ സ്‌നേഹത്തോടെ വിളിക്കുന്ന ‘പായിന്‍’ ചേര്‍ത്തെന്റെ പേര്‍ വിളിച്ച്, എന്നോട് ചോദിച്ചു. “ഷബീര്‍ ബായിയെ ഒന്ന് വേണം. കിട്ടുമോ?“

ഉപചാരഘോഷയാത്ര കഴിഞ്ഞു, ഇനി കാര്യത്തിലേക്ക് കടക്കാമെന്ന് മനസ്സിലായ ഞാന്‍ പറഞ്ഞു.

‘ഷബീറിനെ നമുക്ക് സംഘടിപ്പിക്കാം. പക്ഷെ, അതിനു മുന്‍പ് ഒരു കാര്യം ചോദിക്കട്ടേ. റൂമില്‍ നിന്ന് ആരോട് ചോദിച്ചിട്ടാ ആ ബ്ലാങ്കറ്റ് എടുത്തത്??’

അതിനവന്റെ മറുപടി കേട്ട് ശരിക്കുമെന്റെ കണ്ട്രോള്‍ പോയി. ചിത്രം സിനിമയില്‍ നെടുമുടി വേണു “ഏതഞ്ഞൂറ്“ എന്ന് ചോദിക്കുമ്പോലെ ഒരു ചോദ്യം.

“ഏത് ബ്ലാങ്കറ്റ്?“

“നിന്റെ അമ്മക്ക് സ്ത്രീധനം കിട്ടിയ ബ്ലാങ്കറ്റ്!!“ എന്നായിരുന്നു മനസ്സില്‍ നിന്ന് പുറപ്പെട്ട ഉത്തരം. പക്ഷെ, വായിലെത്തിയപ്പോഴേക്കും ഞാനത് ‘നീ ഉപയോഗിച്ചിരുന്ന ആ നീല കളറിലുള്ള ബ്ലാങ്കറ്റ്!‘ എന്നാക്കി പറഞ്ഞു. വെറുതേ ഒരു നിസാര ബ്ലാങ്കറ്റിന്റെ കേസിന്... എന്തിനാ.... അവന്റെ കയ്യീന്ന്‌ അടികൊണ്ട്..?

“ദൈവത്താനെ ഞാന്‍ ഒരു ബ്ലാങ്കറ്റും എടുത്തിട്ടില്ല!“ എന്ന ദൈന്യതയോടെയുള്ള അവന്റെ ഡയലോഗ് കേട്ട് എനിക്ക് ദേഷ്യം നൂറ് ഡിഗ്രി കവിയുകയും, ‘എന്നാ ഒന്ന് ഹോള്‍ഡ് ചെയ്യ്’ എന്ന് പറഞ്ഞ് ഫോണ്‍ മാനേജര്‍ക്ക് കൊടുത്ത്,

‘സര്‍, സര്‍ഫറാസ് ലൈനിലുണ്ട്. അവനിപ്പോള്‍ പറയുന്നു, അവന്‍ ജീവിതത്തില്‍ ബ്ലാങ്കറ്റ് ഉപയോഗിക്കുകയോ, ആ പേര്‍ കേള്‍ക്കുകയോ ചെയ്തിട്ടില്ല എന്ന്. സാറിന് വേണമെങ്കില്‍ ചോദിക്കാം. മിടുക്കുണ്ടെങ്കില്‍ വാങ്ങിച്ചെടുക്കാം’

പിന്നീട്, ബോസിന്റെ വക ഷൌട്ട് നാടകം തന്നെ ഓഫീസില്‍ നടന്നു. സര്‍ഫറാസിന് ഇങ്ങേര്‍ പറഞ്ഞത് മുഴുവന്‍ മനസ്സിലായിക്കാണാന്‍ വഴിയില്ല (എനിക്കും!) എങ്കിലും ബ്ലഡി ഫൂള്‍, തീഫ്.. എന്നൊക്കെ കേട്ടാല്‍ ആര്‍ക്കാ മനസ്സിലാവാത്തെ.

“ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ആ ബ്ലാങ്കറ്റ് തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍, ഇവിടെ വെയര്‍ ഹൌസില്‍ നിന്നും മിസ്സിങ്ങായ ഒരു പാലറ്റ് ബെയറിങ്ങുള്‍പ്പെടെ, എന്റെ ഒരു ജോഡി ഷൂ ഉള്‍പ്പെടെ എല്ലാ സാധനവും നീ എടുത്തതാണെന്ന് കാണിച്ച് പോലീസില്‍ കംബ്ലെയ്ന്റ് ചെയ്യും’ എന്ന് ഉറക്കെ പറഞ്ഞ്, ഫോണ്‍ കട്ട് ചെയ്തു.

“കള്ളന്‍! ഞാന്‍ വേണമെങ്കില്‍ കാശ് കത്തിച്ച് കളയും. പക്ഷെ, ചീ‍റ്റിങ്ങ് സഹിക്കിക്കില്ല.‘ എന്ന് ആത്മഗതിച്ച് ആള്‍ സീറ്റില്‍ നിന്നെണീറ്റ് പോയി.

അങ്ങിനെ അഞ്ചുപത്ത് നിമിഷത്തെ സ്‌ഫോടനാത്മക സീനുകള്‍ക്ക് ശേഷം, രംഗം ശാന്തമായി. എന്റെ റ്റെന്‍ഷനും മാറി.

പിറ്റേന്ന് സൂര്യന്‍ സ്വച്ഛസുന്ദരമാം ജബലലി ബ്ലൂഷെഡ് വെയര്‍ഹൌസുകള്‍ക്ക് മീതെ ഏസ് യൂഷ്വല്‍ അറബിയില്‍ ഗുഡ്‌മോണിങ്ങ് പറഞ്ഞ് ഉദിച്ചുപൊന്തി.

ഓഫീസില്‍ എത്തുമ്പോള്‍ ഞങ്ങളുടെ പി.ആര്‍. ഓ. ഷബീര്‍ എന്നെയും നോക്കി ഡോറില്‍ നില്‍ക്കുന്നു. അടുത്തെത്തിയ വശം അവന്‍ പറഞ്ഞു..

‘ദുഷ്ടാ... നീ എന്നാലും എന്റെ അളിയനോട് ഇത്രേം വേണ്ടിയിരുന്നില്ല!‘

“അര്‍ഷദ് ബായിയോട് ഞാനെന്തു ചെയ്തു?“ എന്ന ചോദ്യത്തിന് മറുപടിയായി, ഇന്നസെന്റ് ടോണില്‍ ഷബീര്‍ പറഞ്ഞു.

‘ഇന്നലെ, ഫോണ്‍ ചെയ്തത്..., എന്റെ അളിയന്‍ അര്‍ഷദായിരുന്നൂ! “

* * *

സംഭവം നടന്നിട്ട് കൊല്ലം പതിമൂന്ന് പിന്നിട്ടു. ഇതിനിടയില്‍ എന്തെല്ലാം സംഭവങ്ങള്‍... ഷബീറീന്റെ അച്ഛന്‍ മരിച്ചു, അനിയന്റെ കല്യാണം കഴിഞ്ഞു. പെങ്ങള്‍ ഒളിച്ചോടി, പക്ഷെ... അര്‍ഷദ് ബായ് ഒരിക്കല്‍ പോലും.... ങേ..ഹെ!! എന്റെ ഓഫീസിലേക്ക് ഫോണ്‍ ചെയ്തിട്ടില്ല.